മനുഷ്യസംഗമം സംഘാടര്‍ക്ക് നേരെ പോലീസ് അതിക്രമം

തൃശൂര്‍: ഊരാളി ബാന്റിലെ ഗായകനും മനുഷ്യസംഗമം സംഘാടകരിലൊരാളുമായ മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരിക്ക് പോലീസ് മര്‍ദ്ദനം. ഇന്നലെ വൈകുന്നേരമാണ് സംഭവം. ലാലൂരില്...

മനുഷ്യസംഗമം സംഘാടര്‍ക്ക് നേരെ പോലീസ് അതിക്രമം

police-attack

തൃശൂര്‍: ഊരാളി ബാന്റിലെ ഗായകനും മനുഷ്യസംഗമം സംഘാടകരിലൊരാളുമായ മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരിക്ക് പോലീസ് മര്‍ദ്ദനം. ഇന്നലെ വൈകുന്നേരമാണ് സംഭവം. ലാലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്ത മാര്‍ട്ടിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

കലാകാരനാണെന്നും മനുഷ്യസംഗമം സംഘാടകനാണെന്നും പോലീസിനെ അറിയിച്ചെങ്കിലും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് മാര്‍ട്ടിന്‍ ആരോപിക്കുന്നു. സൃഹൃത്തിന്റെ ബൈക്കില്‍ ലാലൂരിലെത്തിയ മാര്‍ട്ടിന്‍ അവിടെ നിന്നും നടക്കുമ്പോഴാണ് പോലീസ് എത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് തൃശൂര്‍ അയ്യന്തോള്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ പറയുന്നു. തന്റെ രൂപത്തെയും ഭാവത്തെയും കളിയാക്കിയും കഞ്ചാവ് കടത്തുപോലുള്ള കുറ്റങ്ങള്‍ തനിക്കെതിരെയും ആരോപിക്കുകയും ചെയ്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്തതെന്ന് മാര്‍ട്ടിന്‍ പറയുന്നു.


പിന്നീട് വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തതോടെയാണ് മാര്‍ട്ടിനെ വിട്ടയക്കുന്നത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ട്ടിനെ അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അതിനിടയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച മാര്‍ട്ടിന്‍ തന്നെ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വിവരമന്വേഷിക്കാനെത്തിയ സുഹൃത്തുക്കളും മനുഷ്യസംഘമം സംഘാടകരുമായ ലാസര്‍ ഷൈനും അജിലാലിനേയും പോലീസെത്തി മര്‍ദ്ദിച്ചു.

ഇതിനിടയില്‍ മാര്‍ട്ടിനെ പുറത്താക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മനുഷ്യാവകാശ സംഘാടകരില്‍ നിന്ന് പോലീസ് മൊബൈല്‍ തട്ടിപ്പറിച്ചതായും ലാസര്‍ ഷൈന്‍ പറയുന്നു. അജിലാലിന്റെ കൈ പോലീസ് വലിച്ചൊടിച്ചു. രോഗിയുടെ കൂടെവന്നയാളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് അജിലാലിനെ വിടുന്നത്. പിന്നീട് ലാസര്‍ ഷൈനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസിനെ ആക്രമിച്ചെന്നാണ് ലാസറിനെതിരെയുള്ള കേസ്. രാത്രിവൈകിയാണ് ലാസര്‍ ഷൈനിനെ വിട്ടയച്ചത്.

മുന്‍വിധിയോടാണ് ആശുപത്രി അധികൃതര്‍ തങ്ങളെ സമീപിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മാന്യമായി തങ്ങള്‍ ആരാണെന്നും മനുഷ്യസംഘമത്തെ കുറിച്ചുമെല്ലാം വ്യക്തമാക്കിയെങ്കിലും പോലീസ് ഇടപെടല്‍ കാരണമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ മാര്‍ട്ടിനെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാവാതിരുന്നതെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് അയ്യന്തോള്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പ്രതിഷേധ പരിപാടി നടക്കും. മാര്‍ട്ടിന്‍ ചാലിശ്ശേരി പ്രതിഷേധ സമരത്തില്‍ പാട്ടുപാടി പ്രതിഷേധിക്കും.

Read More >>