പാലക്കാട് പോലീസ് വക സദാചാര പോലീസിംഗ്: പെൺസുഹൃത്തുമൊത്തിരുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കി

പാലക്കാട്: പെൺസുഹൃത്തുമൊത്ത് സംസാരിച്ചിരുന്ന യുവാവിനെ പോലീസ് അനധികൃതമായി അറസ്റ്റ് ചെയ്തു കള്ളക്കേസിൽ കുടുക്കിയതായി പരാതി. പാലക്കാട് ജില്ലയിലെ...

പാലക്കാട് പോലീസ് വക സദാചാര പോലീസിംഗ്: പെൺസുഹൃത്തുമൊത്തിരുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കി

moral-policingപാലക്കാട്: പെൺസുഹൃത്തുമൊത്ത് സംസാരിച്ചിരുന്ന യുവാവിനെ പോലീസ് അനധികൃതമായി അറസ്റ്റ് ചെയ്തു കള്ളക്കേസിൽ കുടുക്കിയതായി പരാതി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ പ്രസാദിനെയാണു പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാർ അനധികൃതമായി അറസ്റ്റ് ചെയ്തുകൊണ്ട് പോയി കള്ളക്കേസിൽ കുടുക്കിയത്.

തന്‍റെ പെൺസുഹൃത്തിനോടൊപ്പം പാലക്കാട് നഗരത്തിലെ ‘വാടികയിൽ‘ ഇരിക്കുകയായിരുന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്‍റെ പേരിൽ കേരളാ പോലീസ് 119 (എ) വകുപ്പ് (പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്യുക) പ്രകാരം കേസ് ചാർജ്ജ് ചെയ്തതായി കാണിച്ച് സമൻസ് വന്നതായി പ്രസാദ് പറയുന്നു.


സംഭവത്തെക്കുറിച്ച് പ്രസാദിന്‍റെ വിശദീകരണം ഇങ്ങനെ:

“24-02-2016 ബുധനാഴ്ച്ച വൈകീട്ട്, പാലക്കാട് കോട്ടയ്ക്കു സമീപമുള്ള 'വാടിക'യില്‍ ഞാന്‍ എന്‍റെ പെൺസുഹൃത്തുമൊത്ത് സമയം ചിലവിടുകയായിരുന്നു. പ്രവേശന വഴിയോടു ചേര്‍ന്ന് ഏകദേശം പത്തു മീറ്റര്‍ അപ്പുറമാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. 4.30-ഓടു കൂടി രണ്ട് പോലീസുകാര്‍ കടന്നു വരുകയും അവിടെ ഇരിക്കുന്നതിന്‍റെ കാരണം ചോദിക്കുകയും ചെയ്തു. കൂടെയുള്ളത് എന്‍റെ പെൺസുഹൃത്താണെന്നും പാലക്കാട് ഡിസി ബുക്സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയതിനു ശേഷം സമയം ചിലവഴിക്കാനായി ഇവിടെ വന്നതാണെന്നും ഞാന്‍ മറുപടി നല്‍കി. തുടർന്ന് പോലീസുകാര്‍ എന്നോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ സുഹൃത്തിനോട് വീട്ടിലേക്കു പോകാന്‍ പറയട്ടെ എന്ന് അവരോട് ചോദിച്ചു. അവര്‍ സമ്മതം നല്‍കുകയും ചെയ്തു. തുടർന്ന് അവര്‍ എന്നെ ജീപ്പില്‍ കയറ്റി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് എന്‍റെ വിവരങ്ങള്‍ അന്വേഷിക്കുകയും ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. പോലീസുകാരോടും അന്വേഷണത്തോടും ഞാന്‍ പൂർണ്ണമായി സഹകരിച്ചു. എന്നെ പരിചയമുള്ള രണ്ടു പേര്‍ വന്നാല്‍ എന്നെ വിട്ടയക്കാം എന്ന് പറഞ്ഞതിനെ തുടർന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളായ അജിത്ത്, ബവീര്‍ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു. എന്‍റെയും ബവീറിന്‍റെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പും ഞങ്ങളുടെ ഒപ്പും വാങ്ങിയതിനു ശേഷം എന്നെ വിട്ടയച്ചു.

23- 03- 2016 ബുധനാഴ്ച്ച സൗത്ത് പോലീസ് സ്റ്റേഷനിലെ സമൻസ് കൈകാര്യം ചെയ്യുന്ന ജിനപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ച് പ്രസ്തുത സംഭവത്തില്‍ സമൻസ് ഉണ്ടെന്ന് അറിയിച്ചു. 25- 03- 2016-ന് ഞാന്‍ സമൻസ് കൈപ്പറ്റി. സമൻസിലെ വിവരപ്രകാരം 'KP Act 119 (a)' വകുപ്പ് ആണ് എനിക്കെതിരെചുമത്തിയിരിക്കുന്നത്."

ഈ വിഷയത്തില്‍ തനിക്കെതിരെ പരാതിയോ തെളിവോ ഇല്ലെന്നും തനിക്കെതിരെ ചാർജ്ജ് ചെയ്യപ്പെട്ട വകുപ്പോ, കേസിന്‍റെ മറ്റു വിശദാംശങ്ങളോ തന്നോട് സംഭവം നടന്ന ദിവസം സ്റ്റേഷനില്‍ വെച്ച് അറിയിച്ചിരുന്നില്ലെന്നും പ്രസാദ് ആരോപിക്കുന്നു. സമൻസ് കിട്ടിയപ്പോള്‍ മാത്രമാണ് താൻ കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കിയതെന്ന് പ്രസാദ്‌ പറയുന്നു. നിരപരാധിയായ തന്നെ കള്ളക്കേസിൽ കുടുക്കുകയും ചാർജ്ജ് ചെയ്യപ്പെട്ട കേസിന്‍റെ വിശദാംശങ്ങൾ അറിയാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാദ് നാരദാ ന്യൂസിനോട് പറഞ്ഞു.

പോലീസിന്‍റെ വിശദീകരണമറിയാൻ പാലക്കാട് സൗത്ത് എസ്ഐയുമായി ബന്ധപ്പെട്ടപ്പോൾ ‘പരാതിക്കാരിയില്ലാതെയും ആ വകുപ്പു ചാർജ്ജ് ചെയ്യാൻ സാധിക്കുമെന്നും "മൂവായിരം രൂപ കോമ്പൗണ്ടിംഗ്ഗ് ഫീസ് അടച്ചാൽ കോടതി വെറുതെ വിടുമല്ലോ?" എന്നുമാണു മറുപടി ലഭിച്ചത്.

'വാടിക'യിൽ ഇരിക്കുന്ന യുവാക്കളുടെ നേരെ പാലക്കാട് സൗത്ത് പോലീസ് ഇത്തരം 'മോറൽ പോലീസിംഗ്' നിരന്തരമായി ചെയ്തു വരുന്നതായും ആരോപണമുണ്ട്. ഭാര്യാ-ഭർത്താക്കന്മാരെ പോലും വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നും പരാതികളുണ്ട്. എന്നാൽ മാനഹാനി ഭയന്നു ആരും പരാതിപ്പെടാറില്ല.

Story by
Read More >>