ഒരുപക്ഷേ ഈ സന്ദര്‍ശനം മാറ്റത്തിന്‍റെ തുടക്കമാവാം: കാമിലോ ഗുവേര

1960-കളില്‍ ക്യൂബയും അമേരിക്കയും ശീതയുദ്ധത്തിന്‍റെ മൂര്‍ധന്യതയിലേക്ക് കടക്കുന്ന സമയത്താണ് ക്യൂബന്‍ സമരനായകന്‍ ചെഗുവേരയുടെ മൂത്തമകന്‍ കാമിലോ ഗുവേരയുടെ...

ഒരുപക്ഷേ ഈ സന്ദര്‍ശനം മാറ്റത്തിന്‍റെ തുടക്കമാവാം: കാമിലോ ഗുവേര

camilo guevara1960-കളില്‍ ക്യൂബയും അമേരിക്കയും ശീതയുദ്ധത്തിന്‍റെ മൂര്‍ധന്യതയിലേക്ക് കടക്കുന്ന സമയത്താണ് ക്യൂബന്‍ സമരനായകന്‍ ചെഗുവേരയുടെ മൂത്തമകന്‍ കാമിലോ ഗുവേരയുടെ ജനനം, ഏതാണ്ട് അതേ സമയത്ത് തന്നെയാണ് ബരാക് ഒബാമയും ജനിച്ചത്‌. 5 വര്‍ഷത്തിന് ശേഷം ചെഗുവേര ബൊളിവിയയില്‍ തൂക്കിലേറ്റപ്പെട്ടു. അന്ന് ഇല്ലാതായത് ചെഗുവേരയുടെ ഭൌതിക ശരീരം മാത്രമാണ്. പങ്കിട്ട സ്വപ്നങ്ങളായും, പറഞ്ഞ വാക്കുകളായും, പിന്തുടരപ്പെടുന്ന രീതികളിലൂടെയും ചെഗുവേര ഇന്നും ജീവിക്കുന്നു.


ഒബാമയുടെ ക്യൂബ സന്ദര്‍ശനം ഈ പിന്തുടര്‍ച്ചകള്‍ക്ക് ദോഷം വരുത്തുമോ എന്ന ചിന്ത മറ്റേതൊരു ക്യൂബക്കാരനെ പോലെയും  കാമിലോയേയും അസ്വസ്ഥതനാക്കുന്നു. ആദ്യമായാണ്‌ ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്വതന്ത്ര ക്യൂബ സന്തര്‍ശിക്കാനെത്തുന്നത്. "അമേരിക്ക ഒരു സാമ്രാജ്യമാണ്‌. മേശയൊരുക്കി ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നതല്ല അവരുടെ രീതി. ചരിത്രം പരിശോധിച്ചാല്‍ മനസിലാവുന്ന ഒരു കാര്യമുണ്ട്, എപ്പോഴൊക്കെ അവര്‍ മേശയൊരുക്കിയിട്ടുണ്ടോ അപ്പോഴൊക്കെ അതിഥിയ്ക്ക്‌ വിഷം നല്‍കുകയോ അയാളുടെ മേല്‍ കത്തി കുത്തിയിറക്കുകയോ ചെയ്തിട്ടുണ്ട്,” ഗുവേര പറയുന്നു.

“ഒബാമ എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയില്ല. മനുഷ്യത്വവും ബുദ്ധിയും അതേസമയം ലോലമായ വികാരങ്ങള്‍ ഉള്ളയാളുമായിട്ടാണ് തോന്നിയിട്ടുള്ളത്. പക്ഷേ അദ്ദേഹം അധികാരത്തില്‍ വന്നത് തിരഞ്ഞെടുപ്പിലൂടെയാണ് മറിച്ച് വിപ്ലവത്തിലൂടെയല്ല. കോര്‍പ്പറേറ്റുകളുടെ സഹായത്തോടെയാണ് അദ്ദേഹം അധികാരത്തില്‍ ഇരിക്കുന്നത്. ശരീരത്തിന്‍റെ നിറവും പ്രത്യയശാസ്ത്രത്തിന്‍റെ നിറവും രണ്ടാണ്,” ഗുവേര പറയുന്നു.

അതേസമയം, അരനൂറ്റാണ്ടില്‍ അധികമായി ശത്രുതയില്‍ കഴിയുന്ന അയല്‍രാജ്യവുമായി സമാധാനം സൃഷ്ടിക്കാനുള്ള ചുവട് വയ്പ്പായാണ് ലോകം ഒബാമയുടെ സന്ദര്‍ശനത്തെ കാണുന്നത്. അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒരു സന്ദര്‍ശനമായിരിക്കും ഇത്. ക്യൂബയില്‍ എത്തുന്ന ഒബാമയോടൊപ്പം കുടുംബവും, 4 കാബിനറ്റ്‌ സെക്രട്ടറിമാരും, നാല്‍പതോളം സെനറ്റെഴ്സും കോണ്‍ഗ്രസ് അംഗങ്ങളും, ഒരു ഡസനോളം വ്യവസായികളും ക്യൂബന്‍ അമേരിക്കകാരും ഉണ്ടാവും.

ഇത് കൂടാതെ, മാധ്യമ പ്രവര്‍ത്തകരും, ടംപാ ബേയ് റെയ്സ് ബേസ്ബോള്‍ ടീമും ഉള്‍പ്പെടുന്ന അമേരിക്കന്‍ ഔദ്യോഗിക സംഘം 1,200 റൂമുകള്‍ നിറയ്ക്കും. പരസ്പരം നല്ല ബന്ധം സൂക്ഷിക്കുന്നതിലൂടെ എന്തൊക്കെ നേടാനാവും എന്ന് കൂടി കാണിക്കുന്നതിന് വേണ്ടിയാണ് ഇത്ര വലിയ ഒരു സംഘം ക്യൂബയില്‍ എത്തുന്നത്‌. ഇതിനെക്കുറിച്ച്‌ കൂടിക്കുഴഞ്ഞ അഭിപ്രായമാണ് ക്യൂബക്കാര്‍ക്കും ഗുവേരയ്ക്കും.

“സാമ്രാജ്യങ്ങളില്‍ നിന്നും വരുന്ന ഒന്നിനേയും അച്ഛന്‍ വിശ്വസിച്ചിരുന്നില്ല. അതേസമയം, ലോകവുമായി ഒരു നല്ല ബന്ധം കാത്തു സൂക്ഷിക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന മനുഷ്യനുമാണ്. അതിലൂടെ നന്മയും തിന്മയും തിരിച്ചറിയാനാവും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ നമ്മുടെ ചിന്തകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനും കഴിയും. ഒരുപക്ഷേ അത് അമേരിക്കയെ വരെ ഗുണകരമായ രീതിയില്‍ സ്വധീനിക്കുവാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു,” ഗുവേര പറഞ്ഞു.

ക്യൂബക്കാരുടെ വിപ്ലവ ചിന്തകള്‍ ദൃഢമാണ്, അതേസമയം മാറ്റങ്ങള്‍ക്ക് അനുകൂലവുമാണ്. “ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്കൊരു പദ്ധതിയുണ്ട്. ഞങ്ങളെ ഇന്നീ കാണുന്ന നിലയില്‍ എത്തിച്ചത് ആ പദ്ധതിയാണ്. നാളെ വ്യത്യസ്തമായ ഒരു സാഹചര്യം വന്നാല്‍ അതിനനുസരിച്ച് ഞങ്ങള്‍ ഈ പദ്ധതിക്ക് മാറ്റം വരുത്തും. അമേരിക്കയുമായുള്ള ബന്ധം ഞങ്ങളുടെ വിപ്ലവ തത്വങ്ങള്‍ക്കും, ആദര്‍ശങ്ങള്‍ക്കും, പദ്ധതികള്‍ക്കും നാശം കൊണ്ട് വന്നാല്‍ ഞങ്ങളുടെ രീതികള്‍ തെറ്റായിരുന്നു എന്നാണ് അതിനര്‍ത്ഥം,” ഗുവേര വിശദീകരിച്ചു.

“സുനാമിക്ക് മുന്‍പേ കടല്‍ ഉള്ളിലേക്ക് വലിയുന്നതുപോലത്തെ സാഹചര്യം അവാതിരുന്നാല്‍ മതി അമേരിക്കയുടെ ഈ നീക്കം. വിപ്ലവത്തെ കുറിച്ച് പഠിക്കുന്നതിനായി ഒബാമ ചെഗുവേര സ്റ്റഡി സെന്‍റര്‍ സന്ദര്‍ശിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ അത് തെറ്റാണ്. ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക് എന്തെകിലും പഠിക്കാതെ പോകുന്നത് ശരിയല്ല,” ഗുവേര പറഞ്ഞു.

Read More >>