ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

'ഡബിള്‍ ബാരല്‍' എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

ammooyyi

'ഡബിള്‍ ബാരല്‍' എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് പി.എഫ് മാത്യൂസാണ്. 'ചാവുനിലം', 'ഞായറാഴ്ച മഴ പെയ്യുകയായിരുന്നു' തുടങ്ങിയ പ്രശസ്ത നോവലുകളുടെ  രചയിതാവും ദേശീയ അവാര്‍ഡ് നേടിയ 'കുട്ടി സ്രാങ്ക്' എന്ന ചിത്രത്തിന്‍റെ തിരകഥാകൃത്തുമാണ് പി.എഫ് മാത്യൂസ്.ചിത്രത്തില്‍ മമ്മൂട്ടി  നായകനാകുന്ന വിവരം വിജയ്‌ ബാബുവാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ലിജോ ജോസ്, മമ്മൂട്ടി ,പി.എഫ് മാത്യൂസ്‌ , സാന്ദ്ര തോമസ്‌, വിജയ്‌ ബാബു എന്നിവര്‍ ഒരുമിച്ച സെല്ഫിക്കൊപ്പം അണിയറയില്‍ എന്താണ് ഒരുങ്ങുന്നത് എന്ന അടിക്കുറിപ്പോടുകൂടിയുള്ള പോസ്റ്റാണ് വിജയ്‌ ബാബു ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

പുതിയ ചിത്രത്തിലെ നായികയേയോ മറ്റു താരങ്ങളെയോ നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്‍റെ പേരിന്‍റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം  ചെയ്യുന്ന 'കസബ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. കസബയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേന്‍' , 'സിറ്റി ഓഫ് ഗോഡ്' എന്നീ ചിത്രങ്ങള്‍ ജനശ്രദ്ധയാകരഷിച്ചവയാണ്. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'ഡബിള്‍ ബാരല്‍ ' നിരൂപക ശ്രദ്ധ നേടിയെങ്കിലും തീയറ്ററുകളില്‍ പരാജയമായിരുന്നു.