കലാഭവന്‍ മണിയുടെ അനുസ്മരണച്ചടങ്ങില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ മലയാള ചലച്ചിത്രതാരങ്ങള്‍ മണിയുടെ നാടായ ചാലക്കുടിയില്‍ ഒത്തുചേര്‍ന്നു . സിനിമാതാരങ്ങളുടെ സംഘടനയായ...

കലാഭവന്‍ മണിയുടെ അനുസ്മരണച്ചടങ്ങില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു

vikram

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ മലയാള ചലച്ചിത്രതാരങ്ങള്‍ മണിയുടെ നാടായ ചാലക്കുടിയില്‍ ഒത്തുചേര്‍ന്നു . സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണച്ചടങ്ങ്‌ സംഘടിപ്പിച്ചത്. മലയാളത്തിലെ അഭിനേതാക്കളേക്കൂടാതെ തമിഴ് താരം വിക്രവും ചടങ്ങില്‍ പങ്കെടുത്തു.

ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തിലാണ് അനുസ്മരണ  ചടങ്ങ് നടന്നത്. ജയന്‍റെ മരണത്തിനുശേഷം മലയാളസിനിമയെ നടുക്കിയ മരണമാണ് മണിയുടെത് എന്ന് മമ്മൂട്ടി പറഞ്ഞു. കൂടാതെ മണിയുടെ മരണം നടുക്കം മാത്രമല്ല മലയാളികളുടെ മനസ്സില്‍ ആര്‍ത്തനാദം തന്നെ സൃഷ്ടിച്ചതായും മമ്മൂട്ടി അഭിപ്രായപ്പെട്ടു.  കലാഭവന്‍ എന്ന സംഘടനയേതന്നെ പ്രശസ്തമാക്കുന്നതില്‍ മണിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തന്‍റെ ജീവിതത്തിലെ വലിയ സങ്കടങ്ങളില്‍ ഒന്നാണ് മണിയുടെ മരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നല്ല അനുഭവങ്ങള്‍ മാത്രം തന്നിട്ടുള്ള നന്മയുള്ള ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു കലാഭവന്‍ മണിയെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.


ചാലക്കുടിക്കാരുടെ കണ്ണിലുണ്ണിയായിരുന്ന മണി സ്വന്തം നാടിനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് നടന്‍ ഇന്നസെന്റ് തന്‍റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. പെട്ടെന്ന് ദേഷ്യം വരുകയും അതുപോലെ തന്നെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മണിയെന്നും അദ്ദേഹം വിശദീകരിച്ചു. നടന്‍ വിക്രം  പറഞ്ഞത് തന്‍റെ അഭിനയശൈലിയിലൂടെ തമിഴകത്തിന്റെ മനം കവറന്ന നടനായിരുന്നു മണിയെന്നാണ്. 'ജെമിനി' എന്ന ചിത്രത്തിലെ സങ്കീര്‍ണ്ണമായ വില്ലന്‍ വേഷം മണിക്കല്ലാതെ മറ്റാര്‍ക്കും കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നും വിക്രം വ്യക്തമാക്കി.

കമല്‍, സിബി മലയില്‍, സുരാജ് , സുരേഷ് കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, ആസിഫ് അലി, ഭാഗ്യലെക്ഷ്മി, ലിജോ ജോസ് പെല്ലിശ്ശേരി, മേജര്‍ രവി തുടങ്ങി ചലച്ചിത്രലോകത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.