കെപിഎസി ലളിതയ്ക്കെതിരെ വടക്കാഞ്ചേരിയില്‍ ഇടത് പ്രതിഷേധം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഐ(എം), ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അമ്പതോളം ഇടതുപക്ഷ...

കെപിഎസി ലളിതയ്ക്കെതിരെ വടക്കാഞ്ചേരിയില്‍ ഇടത് പ്രതിഷേധം

kpac lalithaതൃശൂര്‍: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഐ(എം), ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അമ്പതോളം ഇടതുപക്ഷ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇന്ന് രാവിലെ രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തകരെ തഴഞ്ഞ് സിനിമാ മേഖലയിലുള്ള വ്യക്തിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

അതേസമയം, പ്രകടനം നടത്തിയവരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഥവാ പങ്കെടുത്തിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരസ്യമായ പ്രതികരണം പ്രവർത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവരുതെന്ന് നേതൃത്വം നേരത്തേ നിർദ്ദേശിച്ചിരുന്നു. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.


താരപ്പൊലിമയുളള സ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന വാചകങ്ങളോട് കൂടിയ പോസ്റ്ററുകള്‍ നേരത്തേ തന്നെ വടക്കാഞ്ചേരിയില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൂലില്‍ കെട്ടിയിറക്കിയ നേതാക്കളെ വേണ്ടെന്നും ജനകീയ മുഖമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നും ആവശ്യമുന്നയിച്ച് ഇടതു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതോടെ ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് പ്രാദേശിക ഘടകത്തിനുള്ള അതൃപ്തി മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

ലളിതയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്ക് ശേഷം ലളിത ഇന്ന് നാട്ടിലെത്തും. ഇതുകൂടി കണക്കിലെടുത്താണ് പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്. കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്‍റെ വടക്കാഞ്ചേരിയിലെ വിജയസാധ്യയെ ബാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.