ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ അനുവധിക്കരുത്: ഹൈക്കോടതി

കൊച്ചി: ബൈക്കുകളുടെ രൂപത്തിലും ഘടനയിലും മാറ്റം വരുത്തി ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.  നിര്‍മാതാക്കള്‍ നിര്‍ദേശിച്ച...

ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ അനുവധിക്കരുത്: ഹൈക്കോടതി

bike-modified

കൊച്ചി: ബൈക്കുകളുടെ രൂപത്തിലും ഘടനയിലും മാറ്റം വരുത്തി ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.  നിര്‍മാതാക്കള്‍ നിര്‍ദേശിച്ച ഘടനയില്‍ മാറ്റം വരുത്തി നിരത്തിലോടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. വാഹനങ്ങളുടെ ഇത്തരം ഭംഗിയാക്കലുകള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണു തുറക്കാന്‍ സമയമായെന്നു ജസ്റ്റിസ് വി. ചിദംബരേഷ് പറഞ്ഞു.


ബൈക്ക് വാങ്ങുന്നവര്‍ ഇഷ്ടമനുസരിച്ച് ഘടനയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ബുള്ളറ്റ് ഉള്‍പ്പെടെയുള്ള ബൈക്കുകളില്‍ കമ്പനി ഘടിപ്പിച്ച പാര്‍ട്‌സുകള്‍ ഒഴിവാക്കി ഭംഗി കൂട്ടാന്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. മഡ്ഗാര്‍ഡ് ഒഴിവാക്കുന്നതു മൂലം റോഡിലെ മറ്റു യാത്രാക്കാരുടെ മേല്‍ ചെളി തെറിക്കും. സാരിഗാര്‍ഡ് ഒഴിവാക്കുന്നത് പിന്‍സീറ്റ് യാത്രക്കാരെയാണ് അപകടപ്പെടുത്തുക. കമ്പനി ഘടിപ്പിച്ച ഹാന്‍ഡില്‍ ബാറിനു പകരം കുഴല്‍ പോലെയുള്ള പുതിയ ഹാന്‍ഡില്‍ ഘടിപ്പിക്കുന്നതും അപകടത്തിനിടയാക്കും.

ബൈക്കിന്റെ സീറ്റ് തീയറ്ററുകളില്‍ സീറ്റ് ക്രമീകരിക്കുന്നതുപോലെ ഘടിപ്പിക്കുന്നത് ചെറിയ കുലുക്കത്തില്‍ പോലും പിന്‍സീറ്റ് യാത്രക്കാരന്‍ തെറിച്ചു വീഴാന്‍ ഇടയാക്കും. സൈലന്‍സര്‍ മാറ്റുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കും. ഇടിമുഴങ്ങുന്ന തരത്തിലുള്ള ബൈക്കിന്റെ ശബ്ദം മറ്റു യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്തിയെന്ന് കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കാമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചതായി കണ്ടത്തെിയാല്‍ ലൈസന്‍സ് പിടിച്ചെടുക്കാന്‍ മാത്രമേ ഉദ്യോഗസ്ഥന് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. വാഹനത്തിന്‍െറ ഘടന നിയമാനുസൃതമായ രീതിയില്‍ തിരികെ മാറ്റിയെന്ന് ഉറപ്പുവരുത്താനാണെങ്കില്‍പോലും രജിസ്ട്രേഷന്‍ ബുക്കോ മറ്റ് രേഖകളോ പിടിച്ചെടുക്കാന്‍ വകുപ്പില്ല. അതിനാല്‍, പിടിച്ചെടുത്ത രേഖകള്‍ പിഴയൊടുക്കുകയും നിയമാനുസൃതമായ രീതിയില്‍ വാഹനം ഹാജരാക്കുകയും ചെയ്യുമ്പോള്‍ തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.

എറണാകുളം കടവന്ത്ര സ്വദേശി എം.സി. ഫ്രാന്‍സിസ്, തന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ആസി ബുക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിച്ചെടുത്തതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ബുള്ളറ്റിന്റെ ഹാന്‍ഡില്‍ ബാര്‍ മാറ്റി പൈപ്പ് പോലെയുള്ള ഹാന്‍ഡില്‍ ഘടിപ്പിച്ചതും സൈലന്‍സര്‍ പരിഷ്‌കരിച്ചതും മൂന്നു ദിവസത്തിനുള്ളില്‍ മാറ്റി പഴയ രൂപത്തിലാക്കിയാല്‍ ആര്‍സി ബുക്ക് തിരികെ നല്‍കാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞുവെന്നും ഇതു നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജിക്കാരന്‍ ബുള്ളറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ഒഴിവാക്കി പഴയ സ്ഥിതിയിലാക്കിയെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.സി. ബുക്ക് ഹര്‍ജിക്കാരന് തിരിച്ചു നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>