'കലി' കലക്കി; റിവ്യൂ ബൈ രോഹിത് കെപി

'ചാർളി'യുടെ വൻ വിജയവും സ്റ്റേറ്റ് അവാര്‍ഡും എല്ലാം താരമൂല്യത്തിന്‍റെ ഉന്നതിയിൽ എത്തിച്ചിരിക്കുകയാണ് ദുൽക്കറിനെ. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'...








kali



'ചാർളി'യുടെ വൻ വിജയവും സ്റ്റേറ്റ് അവാര്‍ഡും എല്ലാം താരമൂല്യത്തിന്‍റെ ഉന്നതിയിൽ എത്തിച്ചിരിക്കുകയാണ് ദുൽക്കറിനെ. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യുവാക്കൾക്കിടയിൽ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്‌, അതുകൊണ്ട് തന്നെ ദുൽക്കർ- സമീർ കോമ്പോ അവർക്ക് നല്‍കുന്ന പ്രതീക്ഷയും വളരെ വലുതാണ്‌.

വില്ലൻ കഥാപാത്രത്തിന്‍റെ കലിപ്പ് സീനോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. സിദ്ധാര്‍ഥ്‌ എന്ന ദുൽക്കർ കഥാപാത്രത്തിലൂടെയും അതേ പ്രാധാന്യത്തിൽ സായി പല്ലവി അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിലൂടെയുമാണ് കഥ നീങ്ങുന്നത്. ഇന്‍റര്‍വല്‍ സീൻ വരെ നായകന്‍റെ മുൻകോപം മൂലം ഉണ്ടാകുന്ന പ്രശനങ്ങളോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും അവതരിപ്പിക്കുന്നു. കൂട്ടത്തിൽ നായകന്‍റെയും നായികയുടെയും ഫ്ലാഷ് ബാക്കും.

മസനഗുഡിയിലെ ഭാര്യവീട്ടിലേക്ക് സിദ്ധാർഥും അഞ്ജലിയും യാത്ര തിരിക്കുന്നത് മുതൽ കഥ മറ്റൊരു ദിശയിലേക്ക് മാറുന്നു...

രണ്ടാം പകുതി മുതൽ അവസാനം വരെ സിനിമ ഒരു ഭക്ഷണശാലയെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. നായകന്‍റെ കലിപ്പ് സ്വഭാവം കാരണം ഒരു ദിവസം മുഴുവൻ അവര്‍ രണ്ടു പേരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എങ്കിലും ആവസാനത്തോട് അടുക്കുമ്പോള്‍ ചില ഘട്ടങ്ങളിലെങ്കിലും കലി നല്ലതാണ് എന്ന സൂചനയും സിനിമ നൽകുന്നു.

വളരെ ചെറിയ ഒരു കഥയെ പ്രേഷകരെ പിടിച്ചിരുത്തും വിധം ഏറെ ഉദ്വേഗജനകമായി  അവതരിപ്പിക്കാനുള്ള ദൗത്യത്തിൽ സംവിധായകൻ സമീർ വിജയിച്ചിരിക്കുന്നു. ഗോപി സുന്ദറിന്‍റെ മറ്റൊരു ഗംഭീര വർക്കാണ് ഈ സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത് എഡിറ്ററായ വിവേക് ഹർഷനാണ്. ദുൽക്കർ, സായ് പല്ലവി, ചെമ്പൻ വിനോദ്, സൗബിൻ, വിനായകൻ തുടങ്ങി ഒട്ടേറെ കഴിവുള്ള കലാകാരന്മാരുടെ നല്ല പ്രകടങ്ങളും ഈ സിനിമയിൽ കാണാൻ കഴിഞ്ഞു.

* നല്ല പുതുമയുള്ള മലയാള സിനിമ ഇഷ്ടപ്പെടുന്ന പ്രേഷകരേയും 'NH 10' പോലെയുള്ള ബോളിവുഡ് സിനിമകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരേയും 'കലി' ഒരിക്കലും നിരാശപ്പെടുത്തില്ല...

രോഹിത് കെപി








Read More >>