കണ്ണീര്‍ കായലില്‍ മുങ്ങി ചാലക്കുടി

ചാലക്കുടി : 45 വയസ്സിന്റെ യൗവനം മലയാള സിനിമയ്ക്ക് പകർന്നു നൽകി കലാഭവൻ മണി യാത്രയാകുമ്പോൾ മലയാളിയ്ക്ക് നഷ്ടമാകുന്നത് കലാഭവന്‍ മണി എന്ന...

കണ്ണീര്‍ കായലില്‍ മുങ്ങി ചാലക്കുടി

Kalabhavan Mani12

ചാലക്കുടി : 45 വയസ്സിന്റെ യൗവനം മലയാള സിനിമയ്ക്ക് പകർന്നു നൽകി കലാഭവൻ മണി യാത്രയാകുമ്പോൾ മലയാളിയ്ക്ക് നഷ്ടമാകുന്നത് കലാഭവന്‍ മണി എന്ന കലാകാരനെയാണെങ്കില്‍ ചാലക്കുടിക്ക് നഷ്ടമായിരിക്കുന്നത് എന്തിനും ഏതിനും അവരുടെ കൂടെ നിന്നിരുന്ന മണി ചേട്ടനെയാണ്.

മലയാളിയുടെ മനസ്സില്‍ ചിരി മഴ പെയ്യിച്ച കലാഭവന്‍ മണി ചാലക്കുടിയുടെ മണ്ണിലെ വിളക്കും വെളിച്ചവുമായിരുന്നു. അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഈ വാര്‍ത്ത വിശ്വസിക്കാനോ അംഗീകരിക്കാനോ ചാലക്കുടിക്കാര്‍ തയ്യാറല്ല."ഞങ്ങളുടെ മണി ചേട്ടന്‍ മരിച്ചു എന്ന് ഞങ്ങളെ പറഞ്ഞു വിശ്വസിപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല" എന്നായിരുന്നു മണിയുടെ വീട്ടില്‍ എത്തിയ മാധ്യമങ്ങളോട് അവിടെ തടിച്ചു കൂടിയ ജനങ്ങള്‍ പ്രതികരിച്ചത്.


ഹൃദയത്തോടു ചേർത്തു നിർത്താനാകുന്ന ലാളിത്യവുമായിയാണ് എന്നും മണി ചാലക്കുടിയിലെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നത്. നാട്ടിലെ ആഘോഷങ്ങള്‍ സ്വന്തം കുടുംബത്തിലെ ആഘോഷം പോലെ കൊണ്ടാടിയും നാട്ടിലെ ഓരോ ചെറിയ കാര്യത്തിലും ഇടപെട്ടും മണി എന്നും ചാലകുടിയില്‍ നിറഞ്ഞു നിന്നിരുന്നു. തന്നെ കൊണ്ട് തന്റെ കുടുംബത്തിനു മാത്രമല്ല തന്റെ നാടിനും ഗുണം വേണമെന്ന് വിശ്വസിച്ചിരുന്ന മണി തന്റെ മുന്നില്‍ സഹായം അഭ്യര്‍ഥിച്ചു വന്ന ഒരാളേയും ഒരിക്കലും വെറും കൈയ്യോടെ മടക്കി അയച്ചിരുന്നില്ല.

mani-home

നിറഞ്ഞ പുഞ്ചിരിയുമായി എന്നും തങ്ങളെ സ്വീകരിച്ച മണിയുടെ മരണ വാര്‍ത്തയറിഞ്ഞു കൂട്ടുകാരും നാട്ടുകാരുമെല്ലാം ചാലക്കുടിയിലെ മണിയുടെ വീട്ടിലേക്ക് രാത്രി വൈകിയും എത്തി കൊണ്ടിരിക്കുകയാണ്. മണിയുടെ ഭാര്യയും മകളും ഈ വീട്ടില്‍ തന്നെ ഇപ്പോഴുമുണ്ട്. തങ്ങളുടെ ചിരിയുടെ തമ്പുരാനേ ഒരിക്കല്‍ കൂടി കാണുവാന്‍ വേണ്ടി സ്ത്രീകളും കുട്ടികളും അടക്കം നൂറോളം ആളുകള്‍ മണിയുടെ വീട്ടിലേക്ക് എത്തി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മണിയുടെ ഭൌതിക ശരീരം നാളെ ചാലക്കുടി മുന്‍സിപാലിറ്റിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്നു വൈകുനേരം അഞ്ച് മണിക്ക് ചാലക്കുടിയിലെ വീട്ടു വളപ്പില്‍ മണിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍  മലയാളിയുടെ മനസ്സില്‍ ഒരിക്കലും അവസാനിക്കാത്ത മണി കിലുക്കമായി മണി തുടരും...

അടികുറിപ്പ്: ആൾക്കൂട്ടങ്ങളിലും, ആർപ്പുവിളികളിലും മണി സ്വയം മറന്നിരുന്നില്ല. കാലം പോകെ,പോകെ അദ്ദേഹം ചാലക്കുടിയെ അധികമധികം പ്രണയിച്ചു. ശരീരത്തിന്റെ കറുപ്പ് നിറം തന്റെ ട്രേഡ് മാർക്ക് ആണെന്ന് പറയുവാൻ ആർജ്ജവം കാണിച്ച മണിയെ കറുത്തമുത്ത് എന്ന സംബോധന ചെയ്യതത് അധികമായിരുന്നില്ല. മലയാള ഭാഷയിലെ എത്ര അക്ഷരങ്ങൾ ചേർത്തുവച്ചാലും, ഈ നഷ്ടം വിവരിക്കുവാൻ കഴിയില്ല..