കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

ചാലക്കുടി: അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മണിയുടെ ശരീരത്തില്‍ ചെടികളില്‍ ഉപയോഗിക്കുന്ന കീടനാശിനിയുടെ അംശം...

കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

Kalabhavan mani photos _7_825201482903AM

ചാലക്കുടി: അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മണിയുടെ ശരീരത്തില്‍ ചെടികളില്‍ ഉപയോഗിക്കുന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. ക്ലോര്‍പിരിഫോസ് എന്ന കീടനാശിനിയാണ് രാസപരിശോധനയില്‍ കണ്ടെത്തിയത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയാണിത്. മെഥനോളിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മെഥനോളിന്റെ അളവ് കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റീജണല്‍ അനലറ്റിക്കല്‍ ലാബാണ് പരിശോധന നടത്തിയത്.


മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ അനുവദനീയമായതിനേക്കാള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിരുന്നുവെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞിരുന്നു. വീടിനു സമീപം മണി സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന പാടിയില്‍ അവസാനം അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തവരില്‍ ആരിലും കാണാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ മണിയുടെ ശരീരത്തില്‍ മാത്രം കാണാനിടയായിയെന്നു രാമകൃഷ്ണന്‍ ചോദിച്ചു. പാടിയില്‍ ഏറെപ്പേരുണ്ടായിരുന്നുവെന്നും ചിലര്‍ മദ്യപിക്കുകയും മറ്റു ചിലര്‍ ആഹാരം തയാറാക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് മണിക്കൊപ്പം ഉണ്ടായിരുന്ന നടനും ടിവി അവതാരകനുമായ സാബു മോന്‍ അറിയിച്ചിട്ടുണ്ട്. പാടിയില്‍ താന്‍ ഉണ്ടായിരുന്ന ഒന്നര മണിക്കൂറില്‍ മണിയോ താനോ മദ്യപിച്ചിരുന്നില്ലെന്നു സാബു ആവര്‍ത്തിച്ചു.

കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി കെ.എസ്. സുദര്‍ശന്‍, സിഐ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഒന്നു മുതല്‍ ആറു വരെയാണു സാബുവിനോട് കേസ് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ചോദിച്ചത്. മുന്‍പും സാബുവില്‍ നിന്നു വിവരം ശേഖരിച്ചെങ്കിലും സാബുവുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് സാബുവിനെ വീണ്ടും ചോദ്യം ചെയ്തത്.

ഔട്ട് ഹൗസില്‍ വെച്ച് മണി 5 തവണ രക്തം ഛര്‍ദ്ദിച്ചിരുന്നുവെന്ന് സുഹൃത്തായ ഡോക്ടര്‍ സുമേഷിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. സുമേഷാണ് മണിയെ ആശുപത്രിയിലെത്തിച്ചത്. രക്തം ഛര്‍ദ്ദിച്ചതായി മണിയുടെ സഹായി തന്നോട് പറഞ്ഞിരുന്നതായും സുമേഷ് വെളിപ്പെടുത്തി.

താന്‍ ഔട്ട് ഹൗസിലെത്തുമ്പോള്‍ മണിയും സഹായിയും മാത്രമാണുണ്ടായിരുന്നത്. അസ്വസ്ഥയോടെ കിടക്കുകയായിരുന്നു അദ്ദേഹം. ഗുരുതരാവസ്ഥ കണ്ട് ആശുപത്രിയിലക്ക് പോകാമെന്ന് നിര്‍ബന്ധിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല. പിന്നീട് മയങ്ങാനുള്ള മരുന്ന് നല്‍കിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നും സുമേഷ് വ്യക്തമാക്കി.

പാഡി ഹൗസില്‍ ചാരായം എത്തിയിരുന്നതായി എക്‌സൈസും സ്ഥിരീകരിച്ചിട്ടുണ്ട്. മണിയുടെ ഡ്രൈവര്‍  പീറ്റര്‍ അടക്കം 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

അതേസമയം, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മിയും വ്യക്തമാക്കി. മണിക്ക് ശത്രുക്കളുള്ളതായി കരുതുന്നില്ലെന്നും. ഗുരുതര കരള്‍ രോഗമുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും നിമ്മി പറഞ്ഞു.