മോഡി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലോ?

ബിജെപി അടക്കമുള്ള ഹിന്ദു പാര്‍ട്ടികള്‍ അവര്‍ക്ക് നേരെയുള്ള ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും രാജ്യത്തിനെതിരെയുള്ളതായി ചിത്രീകരിക്കുന്ന പ്രവണതയാണ്...

മോഡി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലോ?

freeബിജെപി അടക്കമുള്ള ഹിന്ദു പാര്‍ട്ടികള്‍ അവര്‍ക്ക് നേരെയുള്ള ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും രാജ്യത്തിനെതിരെയുള്ളതായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നത്‌. ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നവരെ മാനസികമായും ശരീരികമായും ആക്രമിക്കുക എന്നതാണ് അടുത്ത പടി. മോഡിയെ പറ്റിയോ ബിജെപി സര്‍ക്കാരിനെ പറ്റിയോ കുറ്റം പറഞ്ഞാല്‍ രാജ്യദ്രോഹി ആവുന്ന അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങള്‍. സാധാരണക്കാര്‍ക്ക് മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കും മോഡി സര്‍ക്കാര്‍ വലിയ ഭീഷണിയാവുന്നു എന്നാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും  സൂചിപ്പിക്കുന്നത്.


അവസാനമായി ഇത്തരം ഒരു വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറാണ് ഇത്തവണ ആക്രമണത്തിനിരയായത്. സിന്ധു അവതാരകയായ ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗ്ഗാ ദേവിയെ ‘വേശ്യ’ എന്ന് സംബോധന ചെയ്തു എന്നാരോപിച്ച് ആയിരങ്ങളാണ് സിന്ധു സൂര്യകുമാറിനെ വിളിച്ചു അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സിന്ധുവിനെതിരെ വാട്ട്സ്ആപ്പില്‍ പ്രചരിച്ച സന്ദേശത്തില്‍ അവരുടെ ഫോണ്‍നമ്പര്‍ സഹിതം നല്‍കിയിരുന്നു. സിന്ധുവിന് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും കൂട്ട മാനഭംഗം ചെയ്യുമെന്നും പറഞ്ഞു വന്ന ഫോണ്‍ കോളുകളെ പറ്റിയുള്ള അന്വേഷണങ്ങള്‍ ചെന്നെത്തിയത് ബിജെപി, യുവ മോര്‍ച്ച, ആര്‍എസ്എസ് പ്രവര്‍ത്തകരിലേക്കാണ്.

സിന്ധു സൂര്യകുമാറിന്‍റെ പരാതിയിന്മേല്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പുറത്തിറങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിവാദ്യങ്ങളോടെ ആഘോഷപൂര്‍വ്വമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. എന്നാല്‍ ഈ സംഭവത്തിന്‌ ആര്‍എസ്എസുമായി യാതൊരു ബന്ധവും ഇല്ല എന്ന നിലപാടിലാണ് കേരളത്തിലെ ബിജെപി പ്രസിഡന്റും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്‍. സിന്ധുവിനെ അസഭ്യം പറഞ്ഞവര്‍ സ്വന്തം ഇഷ്ടപ്രകാരം അവരെ വിളിച്ചതാണെന്നും ആരെയും ഉപദ്രവിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നുമാണ് കുമ്മനത്തിന്‍റെ വാദം.

ടെലിവിഷന്‍ അവതാരക ബര്‍ഖ ദത്ത് ജീവന് ഭീഷണിയുമായി ഫോണ്‍ കോളുകള്‍ കിട്ടി എന്ന പരാതിയുമായി കഴിഞ്ഞ ആഴ്ച പോലീസിനെ സമീപിച്ചിരുന്നു. ജെഎന്‍യുവില്‍ കനയ്യ കുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന് പിന്നാലെയാണ് ഭീഷണി ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയതെന്ന് ബര്‍ഖ പറയുന്നു. ബലാത്സംഗം ചെയ്യുമെന്നും, പീഡിപ്പിക്കുമെന്നും മാത്രമല്ല വെടി വച്ച് കൊല്ലുമെന്നു വരെ ഫോണ്‍ ചെയ്തവര്‍ ഭീഷണിപ്പെടുത്തിയതായി ബര്‍ഖ പറഞ്ഞു.

കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഒന്നും റെക്കോര്‍ഡ്‌ ചെയ്യാന്‍ അനുവദിക്കില്ല എന്ന് ആക്രോശിച്ച് ക്യാമറകള്‍ തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയെപ്പറ്റിയ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ കമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴച്ചയാണ് ഈ സാഹചര്യത്തെ പറ്റി സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്ന് ആദ്യമായി ഒരു പ്രതികരണം ഉണ്ടാവുന്നത്. “ഇത് സാധാരണയായി സംഭവിച്ചു കാണാറുള്ള ഒന്നല്ല. ജനങ്ങള്‍ അവര്‍ക്കിടയിലെ ഒരാളെ പോലെയാണ്‌ മാധ്യമങ്ങളെ കണ്ടിരുന്നത്‌. സമകാലിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ഇങ്ങനെ ആക്രമിക്കുന്ന സാഹചര്യം ഒരിക്കലും ന്യായീകരണം അര്‍ഹിക്കുന്നില്ല,” കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയിറ്റ് ലി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ മിക്കപ്പോഴും സുരക്ഷിതരല്ല.  കണക്കുകള്‍ പ്രകാരം 2010 വരെ ഇന്ത്യയില്‍ ആകെ 11 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വലിയ നഗരങ്ങളിലല്ല മറിച്ച് ചെറിയ നഗരങ്ങളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇവരെല്ലാവരും കൊല്ലപ്പെട്ടിട്ടുള്ളത്.

“ഇത്തരം സന്ദര്‍ഭങ്ങള്‍ ഇവിടെ പുതിയ വിപ്ലവങ്ങള്‍ക്ക് വഴി വയ്ക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു,” പ്രശസ്ത മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദി പറയുന്നു. 300 മുതല്‍ 400 വരെ ഭീഷണി ഫോണ്‍ കോളുകളാണ് ഒരോ ദിവസവും വരുന്നതെന്ന്  സ്വതി കഴിഞ്ഞ വര്‍ഷം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്തായാലും രാജ്യത്തിപ്പോള്‍ ചൂടുപിടിക്കുന്ന വിഷയങ്ങളില്‍ എന്തില്‍ ഇടപെട്ടാലും വധഭീഷണി ലഭിക്കുന്ന അവസ്ഥയിലാണ് മാധ്യമപ്രവര്‍ത്തകര്‍, തല്ല് കിട്ടാനുള്ള സാധ്യതയും കുറവല്ല. “മോഡിക്കെതിരെ ഒന്നും പറയാനാവാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്. അവര്‍ക്കിഷ്ടമല്ലാത്ത എന്ത് വാര്‍ത്ത‍ വന്നാലും അതിനെ തെറ്റായി കാണുകയാണ് ഒരു വിഭാഗം ജനങ്ങള്‍. പ്രതികരിക്കാന്‍ ശേഷി ഇല്ലാത്ത ഭൂരിപക്ഷത്തെ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും അധികാരത്തിലൂടെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍,” സ്വാതി ചതുര്‍വേദി പറഞ്ഞു.

“ഭീഷണിയും അധികാരവും ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ കൊണ്ട് പലതും ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥ വളര്‍ന്നു വരുന്നുണ്ട്. ഇത് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്,” പ്രസ്സ് ക്ലബ്‌ ഓഫ് ഇന്ത്യ പ്രസിഡന്‍റ് രാഹുല്‍ ജലാലി പറഞ്ഞു. “ശരിയായ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും കഴിയുന്നില്ല. ഏതെങ്കിലും ഒരു പക്ഷം പിടിച്ചു വാര്‍ത്തകളെ വളച്ചൊടിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. ഈ അവസ്ഥ അപകടകരമാണ്. നിഷ്പക്ഷമായി നില്‍ക്കാനുള്ള ഞങ്ങളുടെ അവകാശം ഇല്ലാതായിരിക്കുന്നു,” രാഹുല്‍ ജലാലി അഭിപ്രായപ്പെട്ടു.

“1975- ’77 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും അതിനെ സഹിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥ അതിലും ഭയാനകമാണ്,” രാഹുല്‍ ജലാലി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണ് കേരളത്തില്‍ നിലവില്‍ ഉള്ളതെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്സ് തലവന്‍ സി റഹിം പറഞ്ഞു. “സിന്ധു സൂര്യകുമാറിന് നേരെയുണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇതിന് സമാനമായ സംഭവങ്ങള്‍ ഇതിന് മുന്‍പും ഇവിടെ ഉണ്ടായിട്ടുണ്ട്. പണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ വ്യക്തമായ താക്കീത് നല്‍കുകയും വേണ്ട നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പ്രവര്‍ത്തകര്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തിയേയും മറച്ചു വയ്ക്കാനും സംരക്ഷിക്കാനുമാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്,” റഹിം കുറ്റപ്പെടുത്തി.

“ഇന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും ജനക്കൂട്ടത്തെ ഗ്രാമമധ്യത്തില്‍ വിളിച്ചു വരുത്തി പത്ര വാര്‍ത്തകള്‍ ഉറക്കെ വായിച്ചു കേള്‍പ്പിക്കും. പത്രത്തില്‍ പറയുന്നതെന്താണോ അതാണ് പരമമായ സത്യമെന്നാണ് ഈ ഗ്രാമവാസികളുടെ വിശ്വാസം. ഇതിനെ തന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും. പത്രങ്ങള്‍ പറഞ്ഞ വാര്‍ത്തകള്‍ തെറ്റായിരുന്നു എന്നും പക്ഷപാദപരമായിരുന്നു എന്നും അറിയുന്ന സമയം അവര്‍ ജനാധിപത്യത്തിനെതിരെ തിരിയും. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് പൊതുവിലുള്ള വിശ്വാസം. ഞങ്ങള്‍ക്ക് തന്നെ അങ്ങനെ ഒരു സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ...” രാഹുല്‍ ജലാലി ചോദിക്കുന്നു.

Translated from 'The Washington Post'