'ഉരുക്കു വനിത' ഇറോം ശർമ്മിളയ്ക്ക് 44 വയസ്സ്...

ജനിക്കുവാനുള്ള അവകാശം സ്വയം നിർണ്ണയിക്കുവാൻ മനുഷ്യന് കഴിവില്ല എന്നാൽ, മരണത്തെ അങ്ങനെ വരിക്കുവാനുള്ള കഴിവ് അവനുണ്ട്.ഇത് മനസ്സിലാക്കിയായിരിക്കണം,...

Sharmila1

ജനിക്കുവാനുള്ള അവകാശം സ്വയം നിർണ്ണയിക്കുവാൻ മനുഷ്യന് കഴിവില്ല എന്നാൽ, മരണത്തെ അങ്ങനെ വരിക്കുവാനുള്ള കഴിവ് അവനുണ്ട്.ഇത് മനസ്സിലാക്കിയായിരിക്കണം, മണിപ്പൂർ സർക്കാർ ഇറോം ചാമു ഷർമിള എന്ന യുവതിയെ കഴിഞ്ഞ 16 വർഷങ്ങളായി തടവിലാക്കി സംരക്ഷിക്കുന്നതും!

ഇറോം ശർമ്മിളയ്ക്ക് 2016 മാർച്ച് 14 ന് 44 വയസ്സ് തികഞ്ഞു.

മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോമിന്റെ നിശ്ചയദാർഢ്യം അമ്പരിപ്പിക്കുന്നതാണ്. ഇന്ത്യയുടെ 7 സഹോദരി സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിലാണ് ഇറോം ജനിച്ചതും, ജീവിക്കുന്നതും. 1958ൽ ഇന്ത്യൻ സർക്കാർ കൊണ്ടു വന്ന AFSPA നിയമത്തിനെതിരെയാണ് ഇറോം തന്റെ യൗവനം ഹോമിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സായുധസേനയ്ക്ക് വിപുലമായ സ്വാതന്ത്ര്യം ഈ നിയമം നൽകുന്നു. ഈ നിയമ പ്രകാരം സംശയം തോന്നുന്ന ആളുകളെ ഒരു വാറന്റ് പോലുമില്ലാതെ അറസ്റ്റ് ചെയ്യുവാനും, ആവശ്യമായ സാഹചര്യങ്ങളിൽ അവരെ വധിക്കുവാനും സേനയ്ക്ക് അധികാരമുണ്ട്.


ഇറോം ശർമിള തന്റെ സമരം തുടങ്ങുവാനുണ്ടായ സംഭവം 2000 ൽ നവംബർ 2 നാണ് നടക്കുന്നത്. ഇംഫാൽ താഴ്വരയിലെ മാലോം പട്ടണത്തിൽ ബസ് കാത്തുനിൽക്കുകയായിരുന്ന 10 പേരെ സൈന്യം വെടിവച്ചു കൊന്നു. 1988-ൽ ധീരതയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ 18 വയസ്സുകാരൻ സിനം ചന്ദ്രമണിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ഇറോം, മനുഷ്യാവകാശ ലംഘനത്തെ പ്രോത്സഹിപ്പിക്കുന്ന അഫ്സ്പ നിയമത്തിന്റെ പരിധി വിട്ട സ്വാതന്ത്ര്യത്തെ കുറിച്ച് പോരാടുവാൻ നിശ്ചയിച്ചു. സ്വയം ശിക്ഷ നൽകുന്ന സമരമുറകളാണ് ഇറോം സ്വീകരിച്ചത്.
അഫ്സ്പ നിയമം കേന്ദ്രം പിൻവലിക്കും വരെ താൻ ഇനി യാതൊന്നും ഭക്ഷിക്കുകയോ ,ജലപാനം നടത്തുകയോ ചെയ്യില്ലെന്ന് ഇറോം നിശ്ചയിച്ചു.സമരം വിജയിക്കും വരെ തന്റെ തലമുടി സംരക്ഷിക്കുകയും, കണ്ണാടി നോക്കുകയും ഇല്ലെന്നു  ഇറോം തീരുമാനിച്ചു.
കഴിഞ്ഞില്ല, താൻ ഇനി വീട്ടിലേക്ക് മടങ്ങില്ല, വിജയം പ്രാപ്യമാകും വരെ അമ്മയെ കാണുകയും ചെയ്യില്ലായെന്ന് അറിയിച്ച് ഇറോം തന്റെ സമരം ആരംഭിച്ചു.

സമരം തുടങ്ങി മൂന്നാം ദിവസം ഇറോമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ശ്രമത്തിനുള്ള ഐപിസി 309 വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. ഈ വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷയായ 365 ദിവസത്തെ തടവിന് ശേഷം ഇറോം മോചിതയാകും. എന്നാൽ, സമരം അവസാനിപ്പിക്കുവാൻ ഇറോം തയ്യാറാകാത്തതിനാൽ, 2 ദിവസത്തിന് ശേഷം, അതേ വകുപ്പ് പ്രകാരം അവരെ തടവിലാക്കും.

യഥാർത്ഥത്തിൽ,തടവ് ജീവിതം  ഇറോം ഷർമ്മിള സർക്കാറിന്നു നൽകുന്ന ശിക്ഷയല്ല. അവരുടെ ജീവൻ നിലനിർത്തുന്ന യജ്ഞമാണ്. നിർബന്ധപൂർവ്വം നാസ്വാ ദ്വാരങ്ങൾ വഴി ഭക്ഷണം കഴിപ്പിച്ച് സർക്കാർ ഇറോമിന്റെ ജീവിതം നില നിർത്തി പോരുന്നു.

ഇറോമിനെ തടവിലാക്കുവാൻ സർക്കാർ ചാർത്തിയ വകുപ്പ് പ്രകാരമുള്ള കുറ്റം തെളിയിക്കപ്പെടുവാൻ കഴിയുന്നതല്ല എന്ന് ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച മുൻപ് വിധിച്ചു. അങ്ങനെ, ഇറോം സ്വതന്ത്രയായി...

irom-600x338

കൗതുകരമായ കാര്യം അതൊന്നുമല്ല, രണ്ട് ദിവസത്തിന് ശേഷം അതേ വകുപ്പ് പ്രകാരം പുതിയ എഫ്.ഐ.ആർ തയ്യാറാക്കി പോലീസ് ഇറോം ഷർമിളയെ വീണ്ടും അറസ്റ്റ് ചെയ്തു. മറ്റൊരു വകുപ്പ് ഈ സമര മുറയ്ക്ക് കണ്ടെത്തുവാൻ അവർക്ക് കഴിയുമായിരുന്നില്ല. നിയമത്തിന്റെ സംരക്ഷണമില്ലെങ്കിൽ, ആ ജീവിതം അധികം ഉണ്ടാവുകയില്ലെന്ന് ഭരണകൂടത്തിന് അറിയാം.. ഇറോം ഷർമിള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞിരുന്നുവല്ലൊ.

ഇറോം ഷർമിളയുടെ സമരം നീണ്ട വർഷങ്ങൾ പിന്നിടുമ്പോഴും, വേണ്ടത്ര പ്രാധാന്യം അതിന് ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണ്? ഒറ്റപ്പെട്ട പിന്തുണകൾ അല്ലാതെ, ശക്തമായ പ്രതിഷേധങ്ങൾ സൃഷ്ടിക്കുവാൻ ഇറോമിന്റെ ഈ സമരത്തിന് എന്തു കൊണ്ട് കഴിയുന്നില്ല. അഴിമതിക്കെതിരെയുള്ള ജനകീയ സമരത്തില്‍  അണ്ണാ ഹസാരെയ്ക്ക് ലഭിച്ച പിന്തുണ നമ്മൾ കണ്ടറിഞ്ഞതാണ്. പൊതുജനത്തിന്റെ പ്രതികരണത്തിന്റെ ശക്തിയും അന്ന് വെളിവാക്കപ്പെട്ടു. അണ്ണാ ഹസാരെ ഉയര്‍ത്തിയ സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതി അവസാനിപ്പിക്കുക എന്നത് ഒരു സാർവ്വത്രിക വിഷയമായിരുന്നു.എന്നാൽ ഇറോം ഷർമിള ഉയർത്തുന്ന അഫ്സ്പ നിയമം പിൻവലിക്കുക എന്ന ആവശ്യം രാജ്യത്തിന്റെ മുഴുവൻ ആവശ്യമല്ല.

ജമ്മു - കാശ്മീരിലും, ചില വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും മാത്രം ബാധകമായ ഈ നിയമത്തിന്റെ കാഠിന്യം നാം അനുഭവിച്ചിട്ടില്ലാത്തതും ഈ നിസംഗതയുടെ അർത്ഥമായി കാണണം.

അഫ്സ്പ നിയമം ലഘൂകരിക്കുവാനാകില്ല എന്ന നിലപാട് സർക്കാർ കൈകൊള്ളുന്നത് ഈ സംസ്ഥാനങ്ങളുടെ സുരക്ഷാ സംബന്ധമായിട്ടാണ്. ഈ പ്രദേശങ്ങളെ അധീനതയിൽ കൊണ്ടു വരുവാൻ സമീപ രാഷ്ട്രങ്ങളിലെ ചില തീവ്രവാദ സംഘടനകൾ നിരന്തരം ശ്രമിക്കുമ്പോൾ, ഈ പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനം കേന്ദ്ര സർക്കാരിന് ഒരു തലവേദനയായി മാറുന്നു. ഭരണഘടനയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന അഫ്പ്സ നിയമം ഭേദഗതി ചെയ്യുവാൻ ഒരു സർക്കാറും മുതിരാത്തതും അതുകൊണ്ടാണ്.

ഇന്ത്യൻ നിയമങ്ങൾ ഇവിടുത്തെ ജനങ്ങൾക്ക് സമാധനമായി സ്വാതന്ത്ര്യത്തൊടെ ജീവിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടതായിരിക്കുമ്പോൾ, ഇറോം ഷർമ്മിളയെ പോലെ ഉള്ളവരുടെ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ഉചിതമല്ല. വ്യക്തിപരമായ അഹിംസയില്‍ അധിഷ്ഠിതമായ സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ എന്ന് ഇറോം ശര്മിള വിശേഷിപ്പിക്കുന്ന സമരം ചരിത്രത്തില്‍ എങ്ങനെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു, മരിക്കുക എന്ന് അവരെ അനുവദിക്കുന്നതല്ലാതെ...

മാറ്റേണ്ടത് നിയമങ്ങളല്ല...നിയമ നിർവ്വഹണ രീതികളുടെ സുതാര്യതയും, പ്രയോഗികതയും, സാമാന്യബോധവും, എല്ലാറ്റിനുമുപരി മനുഷ്യത്വരഹിതമായ സമീപനങ്ങളുമല്ലെ ?

ഞാൻ ഇന്ത്യക്കാരനാണ് എന്നു ഇവരും അഭിമാനത്തോടെ പറയട്ടെ!