സോണി സോറിയും ഈ വനിതാദിനത്തിലെ ഒരു സ്ത്രീയാണ്..

"എല്ലാ സാമൂഹ്യപ്രവര്‍ത്തകരും, ബുദ്ധിജീവകളും, എന്‍.ജി.ഓകളും, മനുഷ്യാവകാശ സംഘടനകളും, വനിതാ കമ്മീഷനുകളും, ഇന്ത്യയിലെ പൗരാവലിയും വായിച്ചറിയുവാന്‍...

സോണി സോറിയും ഈ വനിതാദിനത്തിലെ ഒരു സ്ത്രീയാണ്..

sonisori

"എല്ലാ സാമൂഹ്യപ്രവര്‍ത്തകരും, ബുദ്ധിജീവകളും, എന്‍.ജി.ഓകളും, മനുഷ്യാവകാശ സംഘടനകളും, വനിതാ കമ്മീഷനുകളും, ഇന്ത്യയിലെ പൗരാവലിയും വായിച്ചറിയുവാന്‍ വേണ്ടിയാണ് ഈ കത്ത്. എന്തിനാണ് താന്‍ ഇങ്ങനെ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നത് എന്നതിനുള്ള ഉത്തരം നിസ്സഹായയും മര്‍ദ്ദിതയുമായ ഈ ആദിവാസി സ്ത്രീക്ക് അറിയണം.

എന്റെ ശരീരത്തില്‍ ഇലക്ട്രിക്ക് ഷോക്ക് അടിപ്പിക്കുന്നതിലൂടെ, എന്നെ പൂര്‍ണ്ണനഗ്നായാക്കുന്നതിലൂടെ, അല്ലെങ്കില്‍ എന്റെ ജനനേന്ദ്രിയത്തിലൂടെ കല്ലുകള്‍ കുത്തികയറ്റി ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ - നക്‌സലിസം എന്ന പ്രശ്‌നത്തിന് അന്ത്യം കുറിക്കാന്‍ സാധിക്കുമോ? എന്തുകൊണ്ട് സ്ത്രീകള്‍ക്കെതിരെ ഇത്രയധികം അതിക്രമങ്ങള്‍ അരങ്ങേറുന്നത്? ഈ രാജ്യത്തെ എല്ലാവരില്‍ നിന്നും എനിക്കിതിനുള്ള ഉത്തരം കിട്ടണം.എന്റെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞ് അവര്‍ എന്നെ പൂര്‍ണ്ണ നഗ്നയാക്കിയപ്പോള്‍, ആരെങ്കിലും വന്ന് എന്നെ രക്ഷിക്കുമെന്നാണ് ഞാന്‍ വിചാരിച്ചു, പക്ഷെ ആരും വന്നില്ല. മഹാഭാരതത്തില്‍, ദ്രൗപതിയുടെ മാനം കാത്തത്  കൃഷ്ണനെ വിളിച്ചപ്പോഴായിരുന്നല്ലോ. ബഹുമാനപ്പെട്ട കോടതി തന്നെയാണ് എന്നെ അവര്‍ക്ക് (പോലീസിന്) വിട്ടുകൊടുത്തത്. പക്ഷെ അവരാണ് എന്റെ മാനം രക്ഷിച്ചതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എനിക്ക് എല്ലാം നഷ്ടപ്പെട്ടു. അതെ, എന്തിനാണ് ഞാന്‍ പീഢിപ്പിക്കപ്പെട്ടതെന്ന ചോദ്യത്തിന് നിങ്ങളാണ് എനിക്ക് ഉത്തരം നല്‍കേണ്ടത്.


എന്റെ വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞുമാറ്റി എന്നെ നഗ്നയാക്കിയതിന് ശേഷം പോലിസ് ഉദ്യോഗസ്ഥനായ എസ്.പി അങ്കിത്ത് ഗാര്‍ഗ് പറഞ്ഞതെന്താണെന്ന് നിങ്ങള്‍ അറിയണം,
'നീയൊരു വേശ്യയാണ്, സ്വന്തം ശരീരം നക്‌സല്‍ നേതാക്കള്‍ക്ക് കാഴ്ച്ചവെച്ച് അവരെ സന്തോഷിപ്പിക്കുന്ന തേവിടിശ്ശിപ്പെണ്ണാണ് നീ. ഞങ്ങള്‍ക്കെല്ലാം അറിയാം, എല്ലാ ദിവസവും രാത്രിയും പകലും അവര്‍ നിന്റെ വീട്ടില്‍ എത്തുന്നതും ഞങ്ങള്‍ക്ക് അറിയാം.' അയാള്‍ തുടര്‍ന്നു, 'നീയൊരു നല്ല അധ്യാപികയാണെന്നാണല്ലേ നിന്റെ വാദം. പക്ഷെ നീ അങ്ങ് ഡല്‍ഹിയില്‍ വരെ നിന്റെ ശരീരം കച്ചവടം ചെയ്യുന്നുണ്ടല്ലോ. അതൊക്കെ പോകട്ടെ, നീ ആരാണെന്നാ നിന്റെ വിചാരം, നിന്നെ പോലുള്ള ഒരു സാധാരണ സ്ത്രീയെ വലിയ ആളുകള്‍ പിന്തുണക്കുമെന്നാണോ നീ കരുതുന്നത്.'


എന്തുകൊണ്ട് ഒരു പോലിസ് ഓഫീസര്‍ ഇങ്ങനെ സംസാരിക്കുന്നത്?  ഇന്ന്, ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും, എപ്പോഴൊക്കെ യുദ്ധമുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ സ്ത്രീകള്‍ രാഷ്ട്രത്തിന് വേണ്ടി വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.


ഝാന്‍സി ലക്ഷ്മി ഭായ് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ് ചെയ്തത്. അല്ലാതെ അവര്‍ക്ക് ശരീരം കാഴ്ച്ചവെക്കുകയല്ല ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തെ നയിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. അവര്‍ സ്വന്തം ശരീരം ആര്‍ക്കെങ്കിലും വിറ്റിരുന്നോ? ഇന്ന് അവരുടേതായ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം തന്നെ സ്വന്തം ശരീരം വില്‍ക്കുന്നവരാണ് എന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്? നമ്മളെല്ലാവരും പരസ്പരം ഐക്യത്തോടെയും ഒരുമയോടുമാണ് ജീവിക്കുന്നത് എന്നാണല്ലോ കരുതപ്പെടുന്നത്... പിന്നെന്തുകൊണ്ടാണ് എന്നെ സഹായിക്കാന്‍ ആരും വരാതിരുന്നത്? എനിക്ക് നിങ്ങളില്‍ നിന്നും ഉത്തരം കിട്ടണം?


ആരാണ് ഈ ലോകം സൃഷ്ടിച്ചത്? ശക്തരും ബുദ്ധിമാന്‍മാരുമായ പോരാളികള്‍ക്ക് ജന്മം കൊടുത്തത് ആരാണ്? സ്ത്രീകള്‍ ഇല്ലായിരുന്നെങ്കില്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ? ഞാനൊരു സ്ത്രീയാണ്, അതുകൊണ്ടു തന്നെ ....എന്തുകൊണ്ട് എനിക്കിത് സംഭവിച്ചു, ഉത്തരം പറയുക


എന്റെ വിദ്യാഭ്യാസത്തെ അവര്‍ കളിയാക്കി. ദിമ്രിപാലില്‍ സ്ഥിതി ചെയ്യുന്ന രുഗ്മിണി കന്യാ ആശ്രമത്തിലെ ഗാന്ധിയന്‍ സ്‌കൂളില്‍ നിന്നാണ് ഞാന്‍ വിദ്യാഭ്യാസം നേടിയത്. ഞാന്‍ നേടിയ വിദ്യാഭ്യാസത്തിന്റെ ശക്തിയില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്. നക്‌സല്‍ പ്രശ്‌നമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നമോ ആയിക്കൊള്ളട്ടെ, എനിക്കതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കഴിയും. വിദ്യാഭ്യാസമാണ് എന്റെ കൈയ്യിലുള്ള അതിജീവനത്തിനുള്ള ഉപകരണം, തൂലിക എന്റെ ആയുധവും.


നക്‌സലുകളെ പിന്തുണച്ചു എന്ന പേരിലാണ് അവര്‍ ഇപ്പോഴും എന്നെ ജയിലിലടച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പക്കലും ഇതേ ആയുധങ്ങളായിരുന്നു ഉണ്ടായിരുന്നത്. മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തെയും നിങ്ങള്‍ നക്‌സല്‍ ബന്ധം ആരോപിച്ച് ജയിലില്‍ അടക്കുമായിരുന്നോ? ഇതിനെല്ലാം ഉത്തരം എനിക്ക് നിങ്ങളില്‍ നിന്നും കേള്‍ക്കണം.


എന്തുകൊണ്ടാണ് ഗ്രാമവാസികളും ആദിവാസികളും മാത്രം നക്‌സല്‍ പിന്തുണയുടെ പേരില്‍ ജയിലില്‍ അടക്കപ്പെടുകയും, അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തപ്പെടുകയും ചെയ്യുന്നത്? നക്‌സലുകളെ പിന്തുണക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടല്ലോ. ആദിവാസികളും, ഗ്രാമീണരുമെല്ലാം നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും, കാടുകള്‍ക്കുള്ളിലെ കുടിലുകളില്‍ ജീവിക്കുന്നവരും, പണമില്ലാത്തവരും ആയത് കൊണ്ടാണോ, അതല്ലാ നിങ്ങളുടെ പീഢന-മര്‍ദ്ദനങ്ങള്‍ സഹിക്കാന്‍ ഒരുപാട് കരുത്ത് അവര്‍ക്കുള്ളത് കൊണ്ടാണോ നിങ്ങല്‍ അവരെ മാത്രം നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്? എന്തുകൊണ്ട്, എനിക്ക് നിങ്ങളില്‍ നിന്നാണ് ഉത്തരം കിട്ടേണ്ടത്.


ഒരുപാട് വിധത്തിലാണ് ഞങ്ങള്‍ ആദിവാസികള്‍ പീഢനത്തിനും ചൂഷണത്തിനും ഇരയായി കൊണ്ടിരിക്കുന്നത് ; ഞങ്ങള്‍ നക്‌സലുകളെ പിന്തുണക്കുന്നവരാണെന്നാണ് ഒരു ആരോപണം, ഞങ്ങളുടെ മേല്‍ വ്യാജകേസുകള്‍ ഉണ്ടാക്കുന്നു, ഒന്നോ രണ്ടോ കേസുകളുടെ പേരില്‍ പോലും ഞങ്ങളുടെ ആളുകള്‍ക്ക് 5 മുതല്‍ 6 വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരുന്നു. ഇവിടെ കോടതിവിധിയില്ല, ജാമ്യമോ, കുറ്റവിമുക്തമാക്കപ്പെടലോ ഇല്ല. എന്തുകൊണ്ട് ഇങ്ങനെ? ഞങ്ങള്‍ ആദിവാസി ജനതക്ക് ഗവണ്‍മെന്റിനെതിരെ പൊരുതാനുള്ള ശക്തിയില്ലാത്തത് കൊണ്ടാണോ, അതോ ഗവണ്‍മെന്റ് ആദിവാസികള്‍ക്കൊപ്പം നില്‍ക്കാത്തത് കൊണ്ടാണോ ഇങ്ങനെയൊക്കെ അവര്‍ ഞങ്ങളെ ദ്രോഹിക്കുന്നത്. അഥവാ വലിയ വലിയ രാഷ്ട്രീയ നേതാക്കളുടെ മക്കളോ കുടുംബാംഗങ്ങളോ അല്ലാത്തത് കൊണ്ടാണോ ആദിവാസികളുടെ നേര്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുന്നത്. എത്രക്കാലം ഇത്തരത്തില്‍ ആദിവാസികള്‍ ചൂഷണത്തിന് ഇരയായികൊണ്ടിരിക്കും, എത്രക്കാലം???


ഞാന്‍ എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും കൂടിയാണ് ചോദിക്കുന്നത്, ഉത്തരം തരൂ....

ജഗ്ദല്‍പൂരിലെയും ദാന്ദേവാഡയിലേയും ജയിലുകളില്‍ ഇപ്പോള്‍ 21-ഉം 22-ഉം വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള വിവരം എത്രപ്പേര്‍ക്കറിയാം. വെറും 16 വയസ്സ് പ്രായമുള്ളപ്പോഴാണ് പോലിസ് വന്ന് അവരെ കൊണ്ടുപോയത്. പക്ഷെ ഇന്നുവരെ അവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കല്‍ പോലും നടന്നിട്ടില്ല. വരും ദിവസങ്ങളില്‍ അല്ലെങ്കില്‍ വര്‍ഷങ്ങളില്‍ അവരുടെ കേസുകളില്‍ വാദം കേട്ടിട്ടില്ലെങ്കില്‍, അവരുടെ ഭാവി എന്തായിത്തീരും? എന്തുകൊണ്ടാണ് ഇത്രയധികം അതിക്രമങ്ങള്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത്? സാമൂഹിക പ്രവര്‍ത്തകരേ, എന്‍.ജി.ഓകളോ, ബുദ്ധിജീവികളേ, ഈ രാജ്യത്തെ പൗരന്‍മാരേ..ദയവായി ഒന്ന് ചിന്തിക്കൂ..


നക്‌സലുകള്‍ എന്റെ അച്ഛന്റെ സമ്പാദ്യം മുഴുവന്‍ കവര്‍ന്നെടുക്കുകയും, അച്ഛന്റെ കാലില്‍ വെടിവെക്കുകയും ചെയ്തു. അതോടെ അച്ഛന്‍ കിടപ്പിലായി. എന്തിനാണ് അവര്‍ ഞങ്ങളോട് ഇത് ചെയ്തത്, എന്റെ അച്ഛന്‍ പോലീസിന് വിവരം നല്‍കുന്ന ആളാണെന്നാണ് അവര്‍ കരുതിയത്. നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ എന്റെ അച്ഛന്റെ ഗ്രാമത്തില്‍ നിന്നുള്ള ഏകദേശം 25-ഓളം പേര്‍ ജയിലില്‍ അടക്കപ്പെട്ടിരുന്നു. അവര്‍ ജയിലില്‍ അടക്കപ്പെട്ടതിനുള്ള ശിക്ഷയായിരുന്നു നക്‌സലുകള്‍ എന്റെ അച്ഛന് നല്‍കിയത്.


ആരാണ് ഇതിനെല്ലാം ഉത്തരവാദി? ഉത്തരം എനിക്ക് നിങ്ങളില്‍ നിന്നും അറിയണം. ഗവണ്‍മെന്റാണോ, അതോ പോലിസോ, അതോ എന്റെ അച്ഛനോ? ഇന്ന് എന്റെ അച്ഛന് യാതൊരുവിധത്തിലുള്ള സഹായമോ പിന്തുണയോ ലഭിക്കുന്നില്ല. പകരം അദ്ദേഹത്തിന്റെ മകളെ ഒരു കുറ്റവാളിയായി ചിത്രീകരിക്കാനാണ് പോലിസ് അധികൃതര്‍ ശ്രമിക്കുന്നത്. അദ്ദേഹമൊരു രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും പിന്തുണയും ലഭിക്കുമായിരുന്നു, പക്ഷെ എന്റെ അച്ഛന്‍ ഒരു സാധാരണ ഗ്രാമീണനും ആദിവാസിയും ആയിപ്പോയില്ലെ. ആദിവാസികള്‍ക്ക് ഗവണ്‍മെന്റ് എന്താണ് ചെയ്യുക? പറയൂ.


പീഢനങ്ങളെ അതിജീവിക്കാന്‍ പൊരുതുന്ന ഒരു ചത്തീസ്ഗര്‍ വനിത

ഒപ്പ്
സോണി സോറി
3 ഫെബ്രുവരി 2012

2016 ന്‍റെ വനിതാദിനത്തില്‍, സോറിയുടെ ഈ ചോദ്യങ്ങള്‍ക്ക്, അവരുടെ വികൃതമാക്കപെട്ട മുഖം മാത്രം മതി  മറുപടി നല്‍കുവാന്‍..

പോകുവാന്‍ ഇനിയും ദൂരമേറെയാണ്....ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ തേടി, നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന കരുത്തുറ്റ വനിതകള്‍ക്ക്..

വനിതാശാക്തീകരണത്തിന്‍റെ പ്രതികരണങ്ങള്‍  ഇങ്ങനെ ആയാല്‍ ?Read More >>