ഏഷ്യ കപ്പ്‌ : ലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മിര്‍പൂര്‍:തങ്ങളുടെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ...

ഏഷ്യ കപ്പ്‌ : ലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ind-srilanka

മിര്‍പൂര്‍:തങ്ങളുടെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.  അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും (47 പന്തില്‍ 58) യുവരാജിന്റെയും (18 പന്തില്‍ 35) സുരേഷ് റെയ്‌നയുടെയും (25) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം വിജയം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.


ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞു കെട്ടി. 30 റണ്‍സ് നേടിയപ്പോഴേക്കും അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി കഴിഞ്ഞിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും കപുഗേദരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അതും അധികം നീണ്ടു നിന്നില്ല. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഒമ്പത് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത കുലശേഖരയെ റണ്ണൗട്ടാക്കുകയും ചെയ്തതോടെ ലങ്കന്‍ സ്‌കോര്‍ 138-ല്‍ ഒതുങ്ങി. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ, അശ്വിന്‍ എന്നിവര്‍ രണ്ടുവീതവും ആശിഷ് നെഹ്‌റ ഒരു വിക്കറ്റും സ്വന്തമാക്കി.

139 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി.  മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 11.1 ഓവറില്‍ സ്‌കോര്‍ 70-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ യുവരാജ് സിങ് സംഹാര താണ്ടവമാടിയതോട് കൂടി ഇന്ത്യ വിജയം ഉറപ്പിച്ചു.

Read More >>