ഗള്‍ഫ് വിമാന നിരക്കില്‍ ഒമ്പത് ഇരട്ടി വര്‍ധന

ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31 വരെയുള്ള അവധിക്കാലം മുതലെടുത്ത് ഗള്‍ഫ് യാത്രാനിരക്ക് വിവിധ വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. കോഴിക്കോട്, കൊച്ചി,...

ഗള്‍ഫ് വിമാന നിരക്കില്‍ ഒമ്പത് ഇരട്ടി വര്‍ധന

qatar-airways

ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31 വരെയുള്ള അവധിക്കാലം മുതലെടുത്ത് ഗള്‍ഫ് യാത്രാനിരക്ക് വിവിധ വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. കോഴിക്കോട്, കൊച്ചി, മംഗളൂരു എന്നീ വിമാനത്താവളങ്ങളില്‍നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ആറുമുതല്‍ എട്ട് ഇരട്ടി വരെയാണ് വര്‍ധന. കൂടാതെ മടക്കയാത്രാ സമയത്തേക്ക് ആറുമുതല്‍ ഒമ്പത് ഇരട്ടിവരെയും വര്‍ധിപ്പിച്ചിട്ടുണ്ട്.


ഏപ്രില്‍ ഒന്നിന് രാവിലെ 09.40ന് കോഴിക്കോട്ടുനിന്ന് അബൂദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ ഇ വൈ 257 നമ്പര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ 56,153 രൂപയാണ് ഈടാക്കുന്നത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ച്ച വരെ ഇതേ വിമാനത്താവളങ്ങളില്‍നിന്ന് 6,000 മുതല്‍ 8,500 രൂപ വരെയുള്ള നിരക്കില്‍ യു എ ഇയിലേക്കും 8500-10,200 നിരക്കില്‍ ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും 9000-11,000 നിരക്കില്‍ കുവൈത്തിലേക്കും സര്‍വിസ് നടത്തിയിരുന്നു.


കുറഞ്ഞ നിരക്കില്‍ യാത്ര ഉറപ്പുനല്‍കുന്ന എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്,  സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഫ്ലൈ ദുബായ് എന്നീ കമ്പനികളും നിരക്ക് അഞ്ചുമുതല്‍ എട്ടുഇരട്ടി വരെ വര്‍ധിപ്പിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആദ്യവാരം വരെ മംഗളൂരു-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് 18,500 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട്-ദുബായ് റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് ഇതേ നിരക്കാണ്  ഈടാക്കുന്നത്. ഈ റൂട്ടില്‍ 27,700 രൂപയാണ് എയര്‍ ഇന്ത്യയുടെ നിരക്ക്. അതേസമയം, സ്പൈസ് ജെറ്റ് 21,000 രൂപയാണ് ഈടാക്കുന്നത്.


ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 29,000 രൂപയും എയര്‍ അറേബ്യയില്‍ 32,400 രൂപയും നല്‍കണം. കൊച്ചിയില്‍നിന്ന് യു എ ഇയിലേക്ക് ഏപ്രില്‍ ആദ്യവാരം ജെറ്റ് എയര്‍വെയ്സും എയര്‍ ഇന്ത്യയും 24,000 രൂപ വരെ ഈടാക്കുമ്പോള്‍, സ്പൈസ് ജെറ്റ് ഈടാക്കുന്നത് 26,000 രൂപയാണ്. കോഴിക്കോട്-ദോഹ റൂട്ടില്‍ ഏപ്രില്‍ രണ്ടിന് 27,000 രൂപക്കാണ് സ്പൈസ് ജെറ്റ് റിസര്‍വേഷന്‍ നല്‍കുന്നത്.