‘ഫ്രെയിംഡ് അസ് ആ ടെററിസ്റ്റ്’ പുസ്തക നിരൂപണം: എന്‍റെ പേര് ഖാന്‍, ഞാനൊരു തീവ്രവാദിയല്ല

അബദ്ധത്തില്‍ ഒരു ഭീകരവാദ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് മുഹമ്മദ്‌ ആമിര്‍ ഖാന്‍ തന്‍റെ ‘ഫ്രെയിംഡ് അസ് ആ ടെററിസ്റ്റ്’...

‘ഫ്രെയിംഡ് അസ് ആ ടെററിസ്റ്റ്’ പുസ്തക നിരൂപണം: എന്‍റെ പേര് ഖാന്‍, ഞാനൊരു തീവ്രവാദിയല്ല

mohammad aamir khanഅബദ്ധത്തില്‍ ഒരു ഭീകരവാദ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് മുഹമ്മദ്‌ ആമിര്‍ ഖാന്‍ തന്‍റെ ‘ഫ്രെയിംഡ് അസ് ആ ടെററിസ്റ്റ്’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ഇന്ത്യയിലെ ഭീകരവാദ കേസന്വേഷണം എന്ന പ്രഹസനത്തില്‍ നഷ്ടപ്പെട്ടു പോയ തന്‍റെ യൌവ്വനത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ആമിറിന്‍റെ പുസ്തകത്തിന്‍റെ ആധാരം. അബദ്ധ ധാരണകളാല്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം വരച്ചു കാട്ടുന്നതില്‍ ഈ പുസ്തകം വിജയിച്ചു എന്ന് തന്നെ പറയാം.


അക്ഷര്‍ദാം ആക്രമണത്തിന്‍റെ സൂത്രധാരന്‍ എന്ന് മുദ്രകുത്തപ്പെടുകയും പിന്നീട് നിരപരാധിയായി തെളിയിക്കപ്പെടുകയും ചെയ്ത മുഫ്തി അബ്ദുല്‍ ഖ്വായം നീണ്ട കാലത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയത്‌ തനിക്ക് തീരെ പരിചയമില്ലാത്ത ഒരു ലോകത്തേക്കാണ്‌. നീണ്ട 11 വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ അയാള്‍ക്ക് അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായി, കുടുംബവും ബന്ധുക്കളും നഷ്ടപ്പെട്ടു, എല്ലാവര്‍ക്കും അയാള്‍ നിന്ദ്യനായി. ജയില്‍ മോചിതനായതോടെ അയാള്‍ സ്വതന്ത്രനായി പക്ഷേ സന്തോഷം അപ്പോഴും വിദൂരത്തായിരുന്നു. ജയിലില്‍ നിന്ന്‍ സ്വാതന്ത്ര്യം ലഭിച്ചു പക്ഷേ നീതി അവിടെ ചിലവഴിച്ച ഓരോ നിമിഷങ്ങളിലുമായി നഷ്ടപ്പെട്ടുപോയതായി അയാള്‍ മനസ്സിലാക്കി.

ഖ്വായം മാത്രമല്ല, അയാളോടൊപ്പം അക്ഷര്‍ദാം സ്ഫോടനക്കേസില്‍ കുറ്റക്കാരാക്കി ജയിലിലടക്കപ്പെട്ട 5 മുസ്ലിംങ്ങള്‍ക്കും പറയാനുണ്ടായിരുന്നത് ഈ കഥ തന്നെയാണ്. ഗോധ്രാ ട്രെയിന്‍ കത്തിച്ച കുറ്റം, ഹരെന്‍ പാന്‍ഡെയുടെ കൊലപാതകം, അക്ഷര്‍ദാം ഭീകരാക്രമണം എന്നിവയില്‍ ഏതിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നു തിരഞ്ഞെടുക്കാനുള്ള അവസരം ഗുജറാത്ത് പോലീസ് തനിക്ക് വച്ച് നീട്ടിയത് മുഹമ്മദ്‌ സലിം ഓര്‍ത്തെടുത്തു. സലിം അറസ്റ്റിലായി 4 മാസം കഴിഞ്ഞപ്പോഴാണ് അയാള്‍ക്കൊരു മകള്‍ ജനിച്ചത്‌. 2014 മെയില്‍ ജയില്‍ മോചിതനായ ശേഷം ആദ്യമായി സ്വന്തം മകളെ കയ്യില്‍ കോരിയെടുക്കുമ്പോള്‍ അവള്‍ക്കു പ്രായം 10 ആയിരുന്നു.

1996 ജൂണ്‍ 13-ന് വെളുപ്പിന് 3 മണിക്ക് ശ്രീനഗര്‍ സ്വദേശിയായ മഖ്ബൂല്‍ ഷാ എന്ന 17-കാരനെ ഡല്‍ഹി പോലീസ് അവന്‍റെ ഡല്‍ഹിയിലെ വാടകമുറിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ലജ്പത് നഗര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പന്ത്രണ്ടാം ക്ലാസ്സുകാരനായ ഷാ കച്ചവടക്കാരനായ തന്‍റെ സഹോദരനെ കാണാന്‍ എത്തിയതായിരുന്നു ഡല്‍ഹിയില്‍. ശേഷമുള്ള 13 വര്‍ഷവും 10 മാസവും അയാള്‍ ചിലവഴിച്ചത് തീഹാര്‍ ജയിലിലായിരുന്നു. 2010 ഏപ്രില്‍ 8-ന് ഡല്‍ഹി കോടതി ഷാ കുറ്റക്കരനല്ല എന്ന് കണ്ടെത്തുകയും അയാളെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ജയില്‍ മോചിതനായി എത്തിയ ശേഷം ഒരു ദിവസം വീടിന്‍റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് അയാള്‍ ആ മരം ശ്രദ്ധിച്ചത്. അച്ഛന്‍ പണ്ട് നട്ട ആ അക്രോട്ട് മരത്തിന്‍റെ തൈ വളര്‍ന്ന് ഇന്ന്‍ ആകാശം മുട്ടുന്ന ഒരു മരമായി മാറിയിരിക്കുന്നു. നീണ്ട 14 വര്‍ഷം, ജീവിതത്തിന്‍റെ ഏറ്റവും നല്ല ഒരു ഭാഗം ഒരു നുണയുടെ പേരില്‍ ജയിലില്‍ ഹോമിക്കേണ്ടി വന്നതിനെ പറ്റി അയാള്‍ ഓര്‍ത്തു. 4 ചുവരിനുള്ളിലെ ജയിലില്‍ നിന്നും കുറച്ചു കൂടി വിശാലമായ ഒരു ജയിലിലാണ് ഇപ്പോള്‍ താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് മാത്രമായിരുന്നു അയാള്‍ക്ക് കൈമുതലായി കിട്ടിയത്.

മുഹമ്മദ്‌ ആമിര്‍ ഖാന്‍റെ 13 വര്‍ഷവും 10 മാസവും നീണ്ട ജയില്‍ വാസത്തില്‍ ഈ മൂന്നുപേര്‍ക്കും ഒരു ബന്ധവുമില്ല പക്ഷേ ‘ഫ്രെയിംഡ് അസ് ആ ടെററിസ്റ്റ്’ എന്ന പുസ്തകത്തില്‍ ഇവരെപ്പോലെയുള്ള നൂറുകണക്കിന് മുസ്ലിംങ്ങളെപ്പറ്റിയാണ്‌ പറയുന്നത്. തീവ്രാവാദികളായി മുദ്രകുത്തപ്പെട്ട് ഇന്ത്യയില്‍ എല്ലായിടത്തും ഇരുമ്പഴികള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കഥ.

ഒരുപാട് കഥകള്‍ ഒരൊറ്റ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കഥാപാത്രങ്ങളും പേരുകളും വ്യത്യാസപ്പെട്ടിരിക്കുമ്പോഴും അവരുടെയെല്ലാം മതങ്ങള്‍ ഒന്നാണ്. അവര്‍ വരുന്ന സ്ഥലങ്ങള്‍ വ്യത്യസ്തമാണ് പക്ഷേ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ഉണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതി ഒന്നാണ്. ഈ വലിയ കഥ രചിച്ചിരിക്കുന്നത്‌ പോലീസുകാരും ഇന്ത്യയില്‍ ഒട്ടാകെയുള്ള ഏജന്‍സികളുമാണ, പ്രധാന കഥാപാത്രങ്ങള്‍ മാധ്യമങ്ങളാണ്‌, ഇവയോടൊപ്പം സങ്കീര്‍ണ്ണമായ നിയമ വ്യവസ്ഥയില്‍ സ്വയം നഷ്ടപ്പെട്ടുപോയ കുറേ മുസ്ലിം യുവാക്കളും.

18 സ്ഫോടന കേസുകളാണ് ആമിറിന് മേല്‍ ചുമത്തപ്പെട്ടിരുന്നത്. 2012 ജനുവരി 12-ന് കുറ്റവിമുക്തനായി ജയിലിന് പുറത്തെത്തുമ്പോള്‍ താന്‍ സ്വതന്ത്രനായി എന്നായിരുന്നു ആമിറിന്‍റെ വിശ്വാസം. “ആ വലിയ ഇരുമ്പ് പൂട്ടില്‍ താക്കോല്‍ തിരിഞ്ഞു, വാതില്‍ തുറക്കപ്പെട്ടു, ഞാന്‍ പുറത്തിറങ്ങി, ഇടതു വശത്തേക്കും വലത്തുവശത്തേക്കും നോക്കി, എനിക്ക് ചുറ്റും പാറാവുകാര്‍ ഇല്ലായിരുന്നു, എന്‍റെ കൈകളില്‍ വിലങ്ങുകള്‍ ഇല്ലായിരുന്നു, ഞാന്‍ ശരിക്കും സ്വതന്ത്രനായി,” ആമിര്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നു.

വായന മുന്നോട്ട് പോകുന്തോറും അറിയാന്‍ കഴിയും മോചിതനാകും മുന്‍പ് വിചാരണാ വേളകളില്‍ എത്ര കഠിനമായ ഘട്ടങ്ങളിലൂടെയാണ് ആമിര്‍ കടന്നു പോയതെന്ന്. എന്നിട്ടും കോടതിയില്‍ തന്‍റെ നിരപരാധിത്തം തെളിയിക്കാന്‍ അയാള്‍ക്കായില്ല. അതുകൊണ്ടാണ് ആമിറിന് മേല്‍ കള്ളക്കുറ്റം ചുമത്തുകയും പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്ത പോലീസിന് നേരെ നിയമനടപടികള്‍ സ്വീകരിക്കാനോ പിഴ ചുമത്താനോ സര്‍ക്കാരിന് സാധിക്കാത്തത്. ഇത്രയും പീഡനങ്ങള്‍ ഏല്‍പ്പിച്ചതിനോ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയതിനോ ആരും ക്ഷമാപണം പോലും നടത്തിയില്ല.

മാധ്യമങ്ങള്‍ തീവ്രവാദകേസുകളില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. പോലീസും കോടതിയും ഇടപെടുന്നതിന് മുന്‍പ് തന്നെ അവര്‍ വിധി പ്രഖ്യാപനം നടത്തുകയും ആ വാര്‍ത്ത‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കുകയും ചെയ്യും. നിരപരാധിയായി തെളിയിക്കപ്പെട്ടാലും മാറില്ല ഈ വാര്‍ത്തകള്‍ ഏല്‍പ്പിച്ച അപമാനം. കുറ്റവാളികളാണ് എന്ന് മുദ്രകുത്തപ്പെട്ട ഇവര്‍ നിരപരാധികളാണ് എന്ന് വിധിക്കുന്നിടത് തീരുന്നു കോടതിയുടെ ഇടപെടല്‍, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിലേക്ക് ഈ അന്വേഷണങ്ങള്‍ ഒന്നും നീങ്ങുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോഴും സാധാരണക്കാരന് അപ്രാപ്യമായ തീവ്രവാദ അന്വേഷണങ്ങളുടെ യഥാര്‍ത്ഥ മുഖം വരച്ചു കാട്ടുകയാണ് ആമിര്‍ തന്‍റെ പുസ്തകത്തില്‍ ചെയ്യുന്നത്. ആമിര്‍ എന്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്? വിവാഹ ശേഷം കറാച്ചിയില്‍ സ്ഥിരതാമസമാക്കിയ പെങ്ങളെ കാണാന്‍ പോകുമ്പോള്‍ ആമിറിന്‍റെ പ്രായം 20 ആയിരുന്നു. രാജ്യത്തിന്‌ വേണ്ടി ഒരു സേവനം ചെയ്യുവാന്‍ തയ്യാറാണോ എന്ന ചോദ്യവുമായി കുറ്റാന്വേഷകനായ ഗുപ്താജി സമീപിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി, താനൊരു ചാരനാവുകയാണ് എന്നറിയാതെ. പാകിസ്ഥാനില്‍ വച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ആമിറിനെ അവര്‍ ഒരു ബാഗ്‌ ഏല്‍പ്പിച്ചു. പാകിസ്ഥാനി പോലീസിന് മുന്നില്‍ സാധന പരിശോധനയ്ക്കായുള്ള വരിയില്‍ നിന്നപ്പോള്‍ അനുഭവിച്ച ഭയവും വീര്‍പ്പുമുട്ടലും ഇന്നും ഓര്‍ക്കുന്നു ആമിര്‍. ഒടുവില്‍ ആ ബാഗ്‌ ദൂരേയ്ക്ക് എറിഞ്ഞ് കളഞ്ഞ ശേഷമാണ് അയാള്‍ക്ക് ശ്വാസം നേരെ വീണത്.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ആദ്യം പോയത് ഗുപ്താജിയെ കാണാനാണ്. ഉണ്ടായ കാര്യങ്ങളെല്ലാം ഒന്നുവിടാതെ പറഞ്ഞു. അവിടെ മുതല്‍ ആപത്ത് ആരംഭിക്കുകയായിരുന്നു. അധികം വൈകാതെ ആമിര്‍ കടത്തപ്പെട്ടു, അവിടുന്നങ്ങോട്ട് 8 ദിവസം അറിയാത്ത ആരുടെയൊക്കെയോ കൂടെ പേടിച്ചു കഴിഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങളെ പറ്റി തന്‍റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട് ആമിര്‍. വെള്ളപേപ്പറുകളില്‍ ഒപ്പിടുവിച്ചു, കൃതൃമ ഡയറിക്കുറിപ്പുകള്‍ ഉണ്ടാക്കിയെടുത്തു, തന്‍റെ തിരിച്ചറിയല്‍ രേഖകള്‍ അയച്ചു തരാന്‍ വീട്ടുകാര്‍ക്ക് കള്ളക്കത്തയച്ചു. അങ്ങനെ ആമിര്‍ ഒരു തീവ്രവാദിയായി മുദ്രകുത്തപ്പെട്ടു.

ആമിര്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ 14 വര്‍ഷവും ഭാഗ്യത്തിന്‍റെ കനിവും വേണ്ടി വന്നു ആമിറിന് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍. “ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇവിടുത്തെ തീവ്രവാദ നിയമങ്ങള്‍ തെറ്റായ രീതിയില്‍ ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിന്‍റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിനായാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്. ഇത് എന്‍റെ മാത്രം കഥയല്ല. എന്നെപ്പോലെ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ടു ജയിലിലും പുറത്തുമായി നരകിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്,” ആമിര്‍ പറയുന്നു.

Read More >>