പാരഡികളുടെ കുലപതിയ്ക്ക് വിട...

ഉത്സവപ്പറമ്പുകളിലും നാട്ടിൻപുറത്തെ സ്‌റ്റേജുകളിലും പാരഡി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിയുയർത്തിയ ജനപ്രിയ കലാകാരൻ വിഡി രാജപ്പന്‍ ഇനി ഓര്‍മ്മ....

പാരഡികളുടെ കുലപതിയ്ക്ക് വിട...

vd Rajappanഉത്സവപ്പറമ്പുകളിലും നാട്ടിൻപുറത്തെ സ്‌റ്റേജുകളിലും പാരഡി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിയുയർത്തിയ ജനപ്രിയ കലാകാരൻ വിഡി രാജപ്പന്‍ ഇനി ഓര്‍മ്മ. പാഠപുസ്‌തകത്തിലെ പദ്യങ്ങള്‍ക്ക് പാരഡിയുണ്ടാക്കി തന്‍റെ സര്‍ഗ വാസന വളര്‍ത്തിയെടുത്ത വിഡി രാജപ്പന്‍ 1981-ലാണ് കഥാപ്രസംഗജീവിതത്തിന് തുടക്കമിട്ടത്. തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയത്തെ 'മാക് മാക്' എന്ന പേരില്‍ ഹാസ്യകഥാപ്രസംഗമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു ചിരിയരങ്ങുകളിൽ നാലു പതിറ്റാണ്ട് തികച്ച ഈ അതുല്യ കലാകാരന്‍റെ തുടക്കം.


വേലുക്കുഴിയിൽ ദേവദാസിന്‍റെ മകൻ രാ‍ജപ്പൻ പതിനാലാമത്തെ വയസ്സിൽ പെങ്ങന്മാരെ പഠിപ്പിക്കാൻ വേണ്ടി അച്‌ഛന്‍റെ ബാർബർ ഷോപ്പില്‍ പണിക്കു കയറി. ഇരുപത്തിരണ്ടാം വയസ്സില്‍ കഥാപ്രസംഗക്കാരനായി. ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായി 'അവളുടെ പാര്‍ട്സുകള്‍' എത്തി. പിന്നീട് 'ചികയുന്ന സുന്ദരി', 'പ്രിയേ നിന്‍റെ കുര', 'പോത്തുപുത്രി', 'കുമാരി എരുമ', 'എന്നെന്നും കുരങ്ങേട്ടന്‍റെ', 'നമുക്ക് പാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍' തുടങ്ങി 37 കഥകള്‍ കഥാപ്രസംഗമായി വേദികളിലും കാസറ്റുകളായി വീടുകളിലും എത്തി.

തിരുനക്കര മഹാദേവക്ഷേത്രത്തിലായിരുന്നു ആദ്യ സ്‌റ്റേജ്. ഒന്നര മണിക്കൂര്‍ പരിപാടിയാണ് അന്ന് അവതരിപ്പിച്ചിരുന്നത്. അന്ന് അവതരിപ്പിച്ച 'മാക് മാക്' ജനം ഭയങ്കരമായി ആസ്വദിച്ചു. സ്‌റ്റേജിൽ കയറി പലരും സംഭാവനകൾ കൊടുത്തു. 150 രൂപയ്ക്ക് ബുക്ക്‌ ചെയ്ത പരിപാടിക്ക് ഉത്സവക്കമ്മറ്റിക്കാർ 250 രൂപ കൂടി കൊടുത്തു. അന്നവിടെ പരിപാടി കാണാന്‍ ചെന്ന എസ്ഐ അവരുടെ നാട്ടിലെ പരിപാടിയ്ക്കായി 1000 രൂപയ്ക്ക് പരിപാടി ബുക്ക്‌ ചെയ്തു. അതോടെ വിഡി രാജപ്പന്‍റെ നിലവാരം ഉയർന്നു. അതോടെ കഥയും വിപുലമാക്കി രണ്ടര മണിക്കൂർ വീതം കഥ പറയാൻ തുടങ്ങി. ഓരോ സ്‌റ്റേജും കഴിയുമ്പോൾ അടുത്ത പരിപാടിക്കു ബുക്കിങ്ങ് അവിടെത്തന്നെ കിട്ടിത്തുടങ്ങിയ വിഡി രാജപ്പന്‍റെ മികച്ച സമയം അവിടെ തുടങ്ങി.

"എനിക്കുള്ള വിജ്‌ഞാനം ടൗണിൽ ജീവിച്ചെന്നുള്ളതും തലയുമായിട്ടുള്ളതുമാണ്. പിന്നെങ്ങനെയോ എന്റെ സമയം നന്നായപ്പോൾ അറിയാതെ എന്നിലേക്കൊത്തിരി സംഭവങ്ങൾ വന്നു എന്നു മാത്രം. ദൈവം തന്ന കഴിവാണ്. എനിക്ക് ഇങ്ങനെയുള്ള കഥകൾ സങ്കൽപ്പിക്കാനും അതിനുവേണ്ടി പാട്ടെഴുതാനും. ഞാൻ 37 കഥകളെഴുതി. കേരളത്തിൽ ഉടനീളം അവതരിപ്പിച്ചു. കാസെറ്റുകളും സിഡികളും ഇന്നും വിറ്റുപോകുന്നു. ജനം അതു കേട്ടു ചിരിക്കുന്നു. സന്തോഷമുണ്ട്," വിഡി രാജപ്പന്‍ പറഞ്ഞു.

"അതുല്യരായ കാഥികന്മാരുടെ അതിപ്രസരമായിരുന്നു ഞാൻ തുടങ്ങുമ്പോൾ. ഒരു വ്യത്യസ്‌തതയില്ലാതെ നമുക്കു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായരുന്നു. സാംബശിവൻ, കെടാമംഗലം, അയിലം ഉണ്ണിക്കൃഷ്‌ണൻ- എല്ലാവരും ഒന്നിനൊന്നു കേമന്മാർ. അപ്പോൾ അയിലം ഉണ്ണിക്കൃഷ്‌ണൻ 'സ്വർഗ്ഗപുത്രി' ഇറക്കുമ്പോൾ ഞാൻ 'പോത്തുപുത്രി' ഇറക്കും; എലികൾ തമ്മിലുള്ള പ്രേമകഥ. അന്ന് ഏതു നല്ല സിനിമാപ്പാട്ടിറങ്ങിയാലും അതു നശിപ്പിക്കാതെ എനിക്ക് ഉറക്കം വരില്ലായിരുന്നു," വിഡി രാജപ്പന്‍ തുടര്‍ന്നു.

വേദിയിലെ താരപരിവേഷവുമായാണ് വിഡി രാജപ്പൻ സിനിമയിലെത്തിയത്. രാജപ്പന്‍റെ ആദ്യ രണ്ട് സിനിമകളും (‘കാട്ടുപോത്ത്’, ‘ഞാനും വരുന്നു’) റിലീസായിട്ടില്ല. രോഹിണിയും രഘുവരനും നായികാ നായകന്മാരായ ‘കക്ക’യാണ് റിലീസായ ആദ്യ സിനിമ. നാലാമത്തെ സിനിമ ‘കുയിലിനെത്തേടി’ കൂടി റിലീസായതോടെ രാജപ്പന്‍ ട്രാക്കിലായി. നൂറോളം സിനിമകളിലെ കോമഡി വേഷങ്ങൾ സെല്ലുലോയിഡിലും രാജപ്പനെ പ്രേക്ഷകരുടെ ഇഷ്ട നടനാക്കി. ഐവി ശശി, കെജി ജോർജ്, ജോഷി, പ്രിയദർശൻ, സിബി മലയിൽ, ശശികുമാർ, പിജി വിശ്വംഭരൻ തുടങ്ങിയ പ്രഗൽഭരായ സംവിധായകർ രാജപ്പന്‍റെ പ്രതീക്ഷയെ പ്രയോജനപ്പെടുത്തിയവരാണ്.

'കുയിലിനെ തേടി', 'മുത്താരംകുന്ന് പിഒ', 'വീണ്ടും ചലിക്കുന്ന ചക്രം', 'പഞ്ചവടിപ്പാലം', 'ഒരു നോക്കു കാണാൻ', 'പൂച്ചക്കൊരു മൂക്കുത്തി', 'മുത്തോടുമുത്ത്', 'അക്കച്ചീടെ കുഞ്ഞുവാവ', 'പുതുക്കോട്ടയിലെ പുതുമണവാളൻ', 'കുസൃതിക്കാറ്റ്', 'മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത' തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍. 'കുയിലിനെ തേടി'യിലെ ഡാൻസ് മാസ്റ്ററും, 'മുത്താരംകുന്നിലെ' ചായക്കടക്കാരനും 'പുതുക്കോട്ടയിലെ പുതുമണവാളനി'ലെ ഗുസ്തിക്കാരനും 'കുസൃതിക്കാറ്റി'ലെ സംശയ രോഗിയായ ഭർത്താവുമൊക്കെ വിഡി രാജപ്പൻ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച വേഷങ്ങളായിരുന്നു.

അദ്ദേഹത്തിന്‍റെ വിവാഹത്തിനുമുണ്ട് പ്രത്യേകത. "എനിക്കു പണ്ടു മുതലേ ഒരു നിർബന്ധമുണ്ടായിരുന്നു ഭാര്യയായി ഒരു നഴ്‌സ് വേണമെന്ന്. കാരണം എന്‍റെ സ്വഭാവമെന്നു വച്ചാൽ ഒന്നിനും നിയന്ത്രണമില്ല. അവസാനം വയ്യാതാകുമ്പോ ഒരു നഴ്‌സായാൽ നൂറു രോഗികളെ ഹോസ്‌പിറ്റലിൽ നോക്കിയിട്ടു വരുമ്പോ നൂറ്റിയൊന്നാമത്തെ രോഗിയായി നമ്മളേയും നോക്കിക്കോളുമല്ലോ. മാവേലിക്കരയിൽ പരിപാടിക്കു പോയപ്പോൾ ഞങ്ങൾക്ക് ചോറു തന്നത് ഭാര്യയുടെ വിട്ടിൽ വച്ചായിരുന്നു. അങ്ങനെ കണ്ടുമുട്ടി. കല്യാണം ഉറപ്പിച്ചു," രാജപ്പന്‍ പറഞ്ഞു. രണ്ട് ആൺമക്കളാണ് വിഡി രാജപ്പന്; മൂത്ത മകൻ രാജീവ് എംജി യൂണിവേഴ്സിറ്റിയില്‍ എൽഡി ക്ലർക്കാണ്, ഇളയ മകൻ രാജേഷ് ഗൾഫിൽ നഴ്സും.

സിനിമയില്‍ അഭിനയിക്കുക മാത്രമല്ല സംഗീത സംവിധാനം ചെയ്യുകയും പാടുകയും ചെയ്തിട്ടുണ്ട് രാജപ്പന്‍. 'സഖാവ്' എന്ന സിനിമയിൽ മുൻമന്ത്രി പന്തളം സുധാകരന്‍ എഴുതിയ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. "സംവിധായകന്‍ ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചപ്പോള്‍ ഞാൻ പറഞ്ഞു, എന്നാ വേണേലും ചെയ്യാം. ഒരു ഫുള്ളും ടേപ്പ് റിക്കോഡറും താളമടിക്കാൻ തീപ്പെട്ടിയും വേണം. അതിൽ ഉണ്ണിമേരിക്ക് ഒരു കാബറെ ഡാൻസ് ഉണ്ട്, 'സുരലോകം നിറയുന്നു... മധു ചഷകം നുരയുന്നു...' എന്ന പാട്ട്. അതിൽ തീപ്പെട്ടി കൊണ്ടു താളമടിച്ചു. എന്‍റെ നാക്കുകൊണ്ടാണ് മ്യൂസിക് മുഴുവൻ ചെയ്തത്. പാടിയത് ഡയറക്‌ടറുടെ പെങ്ങളുടെ മകൻ. 'സഖാവ്' കൂടാതെ 'ആനയ്‌ക്കൊരുമ്മ' എന്ന സിനിമയിലും പാട്ടിനു ട്യൂണിട്ടിട്ടുണ്ട്," രാജപ്പന്‍ ഓര്‍ത്തെടുത്തു.

എന്നാല്‍ ഈ പ്രതാപം അവസാന കാലം വരെ കൊണ്ട് പോകാന്‍ അദ്ദേഹത്തിനായില്ല. 4 വർഷം മുമ്പ് ന്യൂറോ കംപ്ലെയിന്റ്റ് വന്നതോടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് നിസ്സഹായനായി കിടപ്പിലായി. കിടപ്പിലായതോടെ ഓർമ്മകളും പതുക്കെ അവ്യക്തമായി തുടങ്ങി. ആയുർവേദവും അലോപ്പതിയുമൊക്കെ നോക്കിയെങ്കിലും ചികിൽസകൾക്കു പഴയ വിഡി രാജപ്പനെ വീണ്ടെടുക്കാനായില്ല. ഒരു മാസത്തോളം ആയുർവേദ ആശുപത്രിയിൽ കിടന്നു. അതിനിടെ മൂത്തമകന്‍റെ വീടിന്‍റെ ഗൃഹപ്രവേശത്തിന് ആശുപത്രി വിട്ടു പോന്നു, പിന്നെ പോയില്ല.

കിടപ്പിലായിപ്പോയപ്പോഴാണറിയുന്നത് ചികിത്സക്കുപോലും ചില്ലിക്കാശ് കൈയിലില്ലെന്ന്. മദ്യപാനമാണ് വിഡി രാജപ്പനെ സാമ്പത്തികമായി തകർത്തത്. കഥാപ്രസംഗ രംഗത്തെ കുലപതിയായിരുന്ന സാംബശിവൻ വാങ്ങിയിരുന്നതിന്‍റെ  ഇരട്ടി പ്രതിഫലം വാങ്ങിയിരുന്ന രാജപ്പന് അവസാനകാലം തുണയായത് ഭാര്യ സുലോചനയുടെ പെൻഷനും താരസംഘടനയായ അമ്മയുടെ കൈനീട്ടമായി എല്ലാ മാസവും കിട്ടുന്ന അയ്യായിരം രൂപയുമായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികൾ. അഞ്ചാറു തവണ അമേരിക്കൻ പര്യടനം. ഇംഗ്ലണ്ട്, ജർമനി, ജപ്പാൻ, യുഎഇ, മസ്കറ്റ്, ബഹ്റൈൻ തുടങ്ങി നിരവധി കഥാപ്രസംഗവേദികൾ പിന്നിട്ട കലാകാരന്‍. കഥാപ്രസംഗത്തിന്‍റെ കാസറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പക്ഷേ, മദ്യത്തിന്‍റെ ലഹരിയിൽ കണക്കുപറയാനോ ഒന്നും ഓർത്തുവെക്കാനോ രാജപ്പനു കഴിഞ്ഞിരിക്കില്ല എന്ന് വേണം കരുതാന്‍. കഥാരചനയും പാരഡിയും അവരണവുമൊക്കെ സ്വയം നിര്‍വ്വഹിച്ചിരുന്ന വിഡി രാജപ്പന്‍റെ തുറുപ്പുചീട്ട് ആക്ഷേപഹാസ്യത്തിനപ്പുറം ശുദ്ധ ഹാസ്യമായിരുന്നു.

Story by