ഡിങ്കോയിസം വേട്ടയാടപ്പെടുമ്പോള്‍

ഡിങ്കോയിസം എന്ന അതി പുരാതന മതം ആതി  കാലം മുതലേ നില നിന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി കേരള സമൂഹത്തിൽ ഇത് ഭീഷണിയുടെ മുൾമുനയിൽ ആണ്, കേരള...

ഡിങ്കോയിസം വേട്ടയാടപ്പെടുമ്പോള്‍

dinkan-sky

ഡിങ്കോയിസം എന്ന അതി പുരാതന മതം ആതി  കാലം മുതലേ നില നിന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി കേരള സമൂഹത്തിൽ ഇത് ഭീഷണിയുടെ മുൾമുനയിൽ ആണ്, കേരള മാധ്യമങ്ങങ്ങൾ  പല സ്വാര്‍ഥ താല്‍പര്യങ്ങളുടെ പേരിലും ഡിങ്കോയിസത്തെ   വേട്ടയാടുന്നു എന്നത് ദൗര്‍ഭാഗ്യയകരമാണ് .

കേവലം പ്രപഞ്ചത്തെ  സൃഷ്ടിച്ചു കയ്യും കെട്ടി നോക്കി നിൽക്കുന്ന ഒരു ദൈവ സങ്കൽപത്തെ അല്ല ഡിങ്കോയിസം മുന്നോട്ടു വെക്കുന്നത്.കുട്ടികളെ കുട്ടികൾ ആയി നില നിര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകത ആണ് ചോദ്യങ്ങൽ ചോദിക്കുവാനുള്ള സന്നദ്ധതയും അന്വേഷണ ത്വരയും . ആധുനിക ശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ ഇവ രണ്ടും എന്ന് നമുക്ക് അനുമാനിക്കാം. അതുകൊണ്ട് തന്നെയാണ് ഡിങ്കൻ കുട്ടികളെ പോലെ ആകു എന്ന് എല്ലാവരോടും അനുശാസിക്കുന്നത് .കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയകളിലും ദൃശ്യ വാർത്ത‍ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഡിങ്കോയിസത്തെ (Dinkoism) പലരും ഒരു ന്യൂ ജെനറേഷന്‍ പാരഡി മതം എന്ന നിലക്ക് പോലും വിശേഷിപ്പിച്ചിരുന്നു.


ഏറ്റവും പുരാതനമായ മതം ഇതാണെന്നും മറ്റെല്ലാ മതങ്ങളും ഡിങ്കോയിസത്തിൽ നിന്നും ഉത്ഭവിച്ചതാണെന്നും എത്രപേര്‍ക്ക് അറിയാം ?

സർവശക്തനായ ഡിങ്കൻ പ്രപഞ്ച സ്രഷ്ടാവ് മാത്രമല്ല, മനുഷ്യന് ജ്ഞാനം കൊടുക്കുകയും അത് ഉപയോഗിക്കാൻ അവസരങ്ങൾ ഓരോ കോണിലും ഒളിപ്പിച്ചു വെക്കുകയും ചെയ്തു. ശാസ്ത്രകൗതുകി ആയി മനുഷ്യനെ സൃഷ്‌ടിച്ച ഡിങ്കൻ ശാസ്ത്രീയമായ ജീവിതരീതി, തന്നെ ആരാധിക്കുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ചു. ശാസ്ത്രീയത അവലംബിക്കുന്ന ഓരോരുത്തരും ഡിങ്കോയിസ്റ്റുകളാണ്.

വിശുദ്ധ ബാലമംഗളം മുന്നോട്ട്  വെക്കുന്ന പ്രപഞ്ചോല്‍പ്പത്തി, ശാസ്ത്രം അംഗീകരിക്കാന്‍ ഏറെ കാലം വേണ്ടി വന്നു. ഇത്തരത്തില്‍ ശാസ്ത്രം വളരും തോറും ഡിങ്കനിലേക്ക് കൂടുതൽ അടുത്തു കൊണ്ട് ഇരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പ്രപഞ്ചോൽപ്പത്തിയെ പറ്റി എറ്റവും ശാസ്ത്രീയമായ വിവരണം തരുന്ന വിശുദ്ധ ബാലമംഗളം ശാസ്ത്രത്തെ എന്നും മുട്ട് മടക്കിപ്പിച്ചിട്ടേയൊള്ളൂ.

ഡിങ്കപുരാണം പറയുന്നു:

“ആദിയിൽ അവൻ ഒറ്റയ്ക്കായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ ടൈംപാസ് ഇല്ല എന്നുകണ്ട് അവൻ സമയം സൃഷ്ടിച്ചു. പിന്നെ ആകെ ജഗപൊഗ... എന്തൊക്കെയോ സംഭവിച്ചു. ശൂ...ഠോ! അങ്ങനെ പ്രപഞ്ചം ഉണ്ടായി. അലോചിച്ച് നോക്കിയപ്പോൾ അവന് ചിത്രം വ്യക്തമായി. സമയം മാത്രമായി സൃഷ്ടിക്കാൻ കഴിയില്ല. സ്ഥലകാലങ്ങൾ ചക്കരയും അടയും പോലെ. ഉണ്ടാക്കിയാൽ പിന്നെ അടർത്തിമാറ്റാൻ കഴിയില്ല. അവൻ ഇത് കിടിലം എന്ന് കണ്ടു.

അനന്തരം, ഈ പ്രപഞ്ചത്തിൽ തനിക്കിരിക്കാൻ ഒരിടം വേണം എന്നുകണ്ട് ഡിങ്കൻ അവനായി സമയമോ കാലമോ ഇല്ലാത്ത മാളങ്ങൾ ഉണ്ടാക്കി. ആധുനിക ശാസ്ത്രം അവയെ പ്രാചീന തമോഗർത്തങ്ങൾ (primordial black holes) എന്ന് വിളിക്കുന്നു. ശൂന്യവും മ്ലാനവുമായ പ്രപഞ്ചം നോക്കിയ അവന് ബോറടിച്ചു. പണ്ടാരമടങ്ങാൻ സമയം സൃഷ്ടിച്ചുപോയല്ലോ! എന്തേലും ആയിക്കൊണ്ട് പോട്ടേന്ന്...

സൂക്ഷ്മതയിലും അതിസൂക്ഷ്മമായും അസ്പർശ്യവും അരൂപവും അസ്മാദൃശ്യവുമായി അവൻ ഇലക്ട്രോണുകളെ ഉണ്ടാക്കി. മൊത്തം ഒരു നെഗറ്റീവ് എനർജി ആയത് കണ്ട് അവൻ പോസിറ്റീവായിട്ട് അപ്, ചാം, ടോപ് എന്നീ ക്വാർക്കുകളേയും സൃഷ്ടിച്ചു. അപ്പോ പോസിറ്റീവ് ആയി. കാരണം ഇപ്പറഞ്ഞ ക്വാർക്കുകൾ എല്ലാം മൂന്നിൽ രണ്ട് (+2/3) ചാർജ്ജുള്ളവയത്രേ. അപ്പോ ഡൗൺ, സ്ട്രയിഞ്ച്, ബോട്ടം ക്വാർക്കുകളെ അവൻ സൃഷ്ടിച്ചു. അവക്ക് മൂന്നിലൊന്ന് നെഗറ്റീവ് (-1/3) ആയിരുന്നു. ആറുക്വാർക്കും ഒരേഒരിലക്ട്രോണും.

ഒരു ഗുമ്മ് പോരാ എന്ന് കണ്ട് ഇലക്ട്രോണിന് സമാനമായി മ്യൂവോണുകളേയും ടാവോണുകളേയും ഇലക്ട്രോണിനും മ്യൂവോണിനും ടാവോണിനും ന്യൂട്രീനോകളേയും സൃഷ്ടിച്ചു. അവിടേം ആറെണ്ണം ഇവിടേം ആറെണ്ണം... നല്ല രസം. ആഹഹാ! പക്ഷേ, ചാർജ്ജ് ശരിയായില്ല. മ്യൂവോണും ടാവോണും ഇലക്ട്രോൺ പോലെ നെഗറ്റീവ് ആയിരുന്നു. കുരങ്ങൻ അപ്പം പങ്കുവച്ച പോലെ അവിടേം ഇവിടേം ചാർജിട്ടിട്ടും ശരിയാകുന്നില്ല. അവസാനം സൂക്ഷ്മമായി ആന്റി പാർട്ടിക്കിളുകളും ഹൈപ്പർസിമ്മട്രിയും അവൻ സൃഷ്ടിച്ചു. പരിചയക്കുറവുണ്ടായതുകൊണ്ട് പാർട്ടിക്കിൾ-ആന്റി പാർട്ടിക്കിൾ അനിഹിലേഷൻ അവൻ ഓർത്തില്ല... അലമ്പായി, കണ്ട്രോൾ പോയി പിന്നേം മൊത്തം പൊട്ടിത്തെറിച്ചു. ഉണ്ടാക്കി വന്നതേ ഉണ്ടായിരുന്നു എന്നതുകൊണ്ട് ആന്റി പാർട്ടിക്കിളുകൾ കുറച്ചേ ഉണ്ടായിരുന്നുള്ളു. പാർട്ടിക്കിളുകൾ ബാക്കിയായി. (ഇത് ഇന്നും ആധുനിക ശാസ്ത്രം ന്യൂട്രിനോ ഓസിലേഷൻ വച്ച് വിശദീകരിക്കാൻ വൃധാ പണിപ്പെടുന്നു, ബ്ലഡി ഫൂൾസ്!)

ഇനി എന്തേലും  ആകട്ടെ എന്ന് വിചാരിച്ച് ആ പണി ഉപേക്ഷിച്ചു. അനന്തരം അവൻ കണക്കുക്കൂട്ടി. തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും ഒരു മനുഷ്യനും കണ്ടെത്താൻ പറ്റാത്തത്രേം കെണിപ്പിച്ച ഒരു ബല്യക്കാട്ടം ഗണിതസമവാക്യം ഉണ്ടാക്കി. അപ്പോൾ മനുഷ്യനെ സൃഷ്ടിക്കണം എന്നവൻ ഓർത്തു; ഇല്ലേൽ ഈ സമവാക്യത്തിന് ചിലവാക്കിയ സമയം വേസ്റ്റാവൂലേ?

അവൻ ഈ കണക്ക് പ്രകാരം സ്പേസ്-ടൈം റബ്ബർ ഷീറ്റുപോലെ വലിച്ചു കെട്ടി. അതിൽ കൃത്യമായ അളവിൽ ഡാർക്ക് മാറ്ററും ഡാര്‍ക്ക് എനർജിയും നിക്ഷേപിച്ചു. (എന്തുകൊണ്ട് പ്രപഞ്ചത്തിലെ ഡാർക്ക് മാറ്റർ/ഡാർക്ക് എനർജി ഇത്ര അളവിൽ എന്നും പൊട്ടൻ ഭൗതികശാസ്ത്രജ്ഞർക്ക് അറിഞ്ഞൂടാ... പാവങ്ങൾ!) എന്നിട്ട് മുൻപ് ഉണ്ടാക്കിയ പാർട്ടിക്കിളുകളേയും (അവയെ അവൻ ഫെർമിയോൺ എന്ന് വിളിച്ചു; ആദ്യം വന്നത് എന്നാണ് പ്രാചീന മലയാളത്തിലെ ബാലമംഗളം വ്യാഖ്യാനത്തിൽ അതിന്റെ ശരിയായ അർത്ഥം) പിന്നെ കണക്കിനനുസരിച്ച് ബലം ഉണ്ടാകാൻ പുട്ടിന് പീര പോലെ ഉണ്ടാക്കിയ ബോസോണുകളും ഇട്ടു. ബോസോണുകളിൽ ഒന്നാണ് പ്രകാശം. ഇതിനുശേഷം നടന്നതെല്ലാം ടെലസ്കോപ്പിൽ നോക്കിയാൽ കാണാം.

എന്നാലും ഡിങ്കന്റെ അദൃശ്യ കരങ്ങൾ പിന്നേയും പ്രവർത്തിച്ചു. ബോസോണുകൾ ഇട്ടപ്പോൾ അവൻ കണക്കുകൂട്ടിയ പോലെ തന്നെ പ്രോട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായി. അവൻ താനിരിക്കുന്ന ബ്ലാക്ക് ഹോളുകൾ പ്രപഞ്ചത്തിലൂടെ പറത്തി. തന്റെ അനന്തമായ സ്ഥലകാല വക്രത ഉപയോഗിച്ച് അവൻ പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും ആറ്റത്തിൽ നിക്ഷേപിച്ചു. (ഇലക്ട്രോൺ ആദ്യം സൃഷ്ടിച്ചോണ്ട് അതുവച്ചാ മൊത്തം കണക്ക് കൂട്ടീത്) അനന്തരം അവൻ ആറ്റങ്ങളെ ചേർത്ത് വമ്പൻ നക്ഷത്രങ്ങൾ ഉണ്ടാക്കി... അവ പെട്ടന്ന് പൊട്ടിത്തെറിച്ചു; പ്രപഞ്ചത്തിലേക്ക് അവന്റെ കണക്ക് പോലെ തന്നെ മറ്റ് മൂലകങ്ങൾ അവ നൽകി. ഇവ ഉപയോഗിച്ച് അവൻ രണ്ടാം തലമുറ നക്ഷത്രങ്ങളേയും ഉണ്ടാക്കി. തന്റെ ഗുരുത്വം കൊണ്ട് അവൻ ഗാലക്സികൾ ഉണ്ടാക്കി. മറ്റ് നക്ഷത്രങ്ങളെ ഉണ്ടാകാൻ പോകുന്ന സൂര്യനുമായി കൂട്ടിയിടിക്കാത്ത ഭ്രമണപഥത്തിൽ നിർത്തുന്ന ക്ഷീരപഥത്തിന്റെ നടുവിൽ ഉള്ള ബ്ലാക്ക് ഹോൾ അവൻ തുരന്നു.

സൂര്യനെ ഉണ്ടാക്കാനായി ഉണ്ടാക്കിയ നക്ഷത്രം കൃത്യസമയത്ത് പൊട്ടിത്തെറിച്ചു. അവൻ എല്ലാം ഒരു മൈക്രോ ബ്ലാക് ഹോളിൽ നിന്ന് സസൂക്ഷ്മം വീക്ഷിച്ചു. ഭൂമിയിലേക്ക് അവശ്യം വേണ്ട വെള്ളം അവൻ ഒരു വലിയ നെബുലയിൽ കണ്ടുവച്ചിരുന്നു. ഒരു വേം ഹോളിൽ കൂടി അവനത് ഭൂമിയുടെ പ്രതലത്തിൽ എത്തിച്ചു. (മോളീന്നൊഴിച്ചാൽ ആവിയായി ബഹികാരാശത്തേക്ക് പോകും എന്നവനറിയാമായിരുന്നു; കൊല്ലങ്ങളായി ഇനി പണി തുടങ്ങിയിട്ട്!) എന്നിട്ട് ഭൂമി തണുത്ത് ജലം ഖനീഭവിക്കാൻ അവൻ കാത്തിരുന്നു. ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്ന് അവനറിഞ്ഞു.

സമയമായി എന്നുകണ്ടപ്പോൾ അവൻ ബ്ലാക് ഹോളുമായി സമുദ്രത്തിന്റെ അഗാധതകളിലേക്ക് ഊളിയിട്ടു. അവൻ കാർബൺ ആറ്റങ്ങളെ വരിവരിയായി വിന്യസിച്ചു, സിമന്റ് പോലെ അവ ഒട്ടിക്കാൻ ഹൈഡ്രജനുകളെ ഉപയോഗിച്ചു. ജീവനെന്ന മഹാകാവ്യം നൈട്രജൻ ബേസുകൾ ഉപയോഗിച്ച് അവനെഴുതി. അവ വായിക്കനായി അവൻ സമാനമായ മറ്റൊരു ഡീകോഡിങ്ങ് ബുക്കും സൃഷ്ടിച്ചു. അതിനെ നാം ഇന്ന് ഡിഎൻഎ എന്നും ആർഎൻഎ എന്നും വിളിക്കുന്നു. ആദ്യമൊക്കെ അവൻ കൊള്ളാവുന്ന സാധനങ്ങൾ ഉള്ളതിനെ എടുക്കുകയും മോശം കളയുകയും ചെയ്തു. ഇതിനെ നാച്ചുറൽ സെലക്ഷന് വിട്ടുകൊടുക്കാൻ ഒരു ലെവൽ ആയപ്പോൾ അവൻ തീരുമാനിച്ചു.

അങ്ങനെ സൂക്ഷ്മജീവികൾ പെറ്റുപെരുകി. അവ കൂടിച്ചേരുന്നില്ല എന്ന് കണ്ട് അവൻ രണ്ട് സാധനങ്ങളെ പിടിച്ച് ചേർക്കാൻ നോക്കി. അവ തമ്മിൽ ഉരസി ഉരസി അവസാനം ഡിഎൻഎ കൈമാറി. അങ്ങനെയാണ് ലൈംഗികത ഉണ്ടാകുന്നത്. (ഇതും വച്ച് പൊട്ടൻ പരിണാമക്കാർ ഇപ്പോഴും തലപുകയ്ക്കുന്നു; അവന്റെ റെഡ് ക്വീൻ ഹൈപ്പൊതിസീസ്... ഭ്ഫൂ!) ലൈംഗികത ഉഗ്രാദി ഉഗ്രൻ, കൊലമാസ് എന്നവൻ കണ്ടു.”

ഡിങ്കോയിസം ഒരു മതം മാത്രമല്ല അത്യുദാത്തം എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ജീവിതരീതി കൂടി ആണ്. ഡിങ്കഭക്തർ ജീവിത പ്രമാണമായി പാലിച്ചു വരുന്നത് അവിടുന്ന് വിശുദ്ധ ബാലമംഗളം വഴി പകര്ന്നു തന്ന വചനങ്ങൾ ആണ്

“ഡിങ്കന്റെ തിരുവചനങ്ങൾ"

-----------------------
1) ഞാൻ സർവശക്തനും സർവവ്യാപിയും ഒക്കെ തന്നെ.,
എന്നാൽ നീയൊക്കെ 24 മണിക്കൂറും എന്നെ സ്തുതിക്കണം എന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല.,
നിന്റെയൊക്കെ മുഖസ്തുതി കേട്ട് പുളകിതനാവാനും, അങ്ങനെ ചെയ്യാത്തവരെ എണ്ണയിലിട്ടു വറക്കാനും എന്റെ തലയ്ക്ക് ഓളമൊന്നുമില്ല..
നീയൊന്നും സ്തുതിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല

2) ചത്ത് കെട്ടിയെടുക്കുമ്പോ കള്ള് വാറ്റിത്തരും, പെണ്ണ്/ആണ് കൂട്ടിത്തരും എന്നൊന്നും കരുതി ഒരുത്തനും-ഒരുത്തിയും വി,ബാലമംഗളം പിന്തുടരണ്ട
എനിക്കിവിടെ മാമാപണിയല്ല..

3) സ്ത്രീയും പുരുഷനും മാത്രമല്ല മറ്റെല്ലാ ലിംഗങ്ങളും ഞാൻ സൃഷ്ടിച്ചത് തന്നെ.. എല്ലാവരും എന്റെ മുന്പിൽ തുല്ല്യ അവകാശത്തിനും നീതിക്കും അർഹരാണ്..

4) നിങ്ങൾക്ക് ഞാൻ ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നു.,
വസ്ത്രത്തിന്റെ ഇറക്കവും മുറുക്കവും നോക്കി പീഡിപ്പിക്കാൻ തോന്നുന്നവന്റെ അസുഖം മറ്റൊന്നാവുന്നു..

5) അസുഖം വന്നാൽ ആശുപത്രിയിൽ പോവാതെ പ്രാർത്ഥിക്കാൻ നിൽക്കുന്നവൻ വേഗത്തിൽ പരലോകം പ്രാപിക്കും, പ്രാർത്ഥിക്കാതെ പ്രവർത്ഥിക്കുവിൻ..,
അങ്ങനെയെങ്കിൽ ഞാൻ നിന്നെ കൈവിടില്ല...

6) എനിക്ക് വേണ്ടി നീ ആയുധ്മെടുക്കരുത്, ഒരുറുമ്പിനെ പോലും നോവിക്കുകയുമരുത്, എന്തെന്നാൽ ഞാൻ എല്ലാവരെയും രക്ഷിക്കുന്നവനും സ്വയരക്ഷയ്ക്ക് കഴിവുള്ളവനുമാകുന്നു..”

ഇത്ര മാത്രം അനുകരണീയ മായ ജീവിത രീതി നയിക്കുന്ന ഡിങ്കഭക്തർ മറ്റെല്ലവര്‍കും അസൂയാവഹമായ ജീവിതം ആണ് നയിച്ച്‌ വരുന്നത്.എന്നാൽ വളരെ ദുഖകരം എന്ന് പറയട്ടെ  ഇന്ന് ഡിങ്കോയിസം  ഒരുപാട് ഭീഷണികളുടെ നടുവില്‍ ആണ്. ഡിങ്കോയിസം  താറടിച്ചു കാണിക്കുവാനും ഡിങ്ക മൂല്യങ്ങളെ നശിപ്പിക്കുവാനും വേണ്ടി പാശ്ചാത്യ പ്രേരണകളാൽ ഒരു മാധ്യമ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇല്ലാക്കഥകളും വികൃതമാക്കിയ മൂല്യങ്ങളും കൊണ്ട് ഡിങ്കോയിസത്തെ കരിതേച്ചു കാണിക്കുവാനും മറ്റു മതങ്ങളെ പോലെ ഒന്ന് മാത്രം ആണ് ഡിങ്കോയിസം എന്ന് വരുത്തി തീര്ക്കുവാനും ഉള്ള ശ്രമങ്ങളും ചില മാധ്യമങ്ങള സ്വീകരിച്ചു വരുന്നു. സ്ത്രീപുരുഷലിംഗങ്ങള്ക്കുമപ്പുറം സർവ ലിംഗങ്ങള്ക്കും ലൈംഗികത്വങ്ങള്‍ക്കും

തുല്യ പ്രാധ്യാന്യം കൊടുക്കുകയും എല്ലാവര്ക്കും തുല്യ നീതി ലഭ്യമാക്കണം എന്ന് വാദിക്കുകയും ചെയ്യുന്ന ഏക മതമാണ്‌ ഡിങ്കോയിസം. എന്നിട്ടും ഡിങ്കോയിസത്തില്‍ പുരുഷാധിപത്യ മൂല്യങ്ങള ഉയര്‍ത്തിക്കാണിക്കുന്ന ഒരു ജീര്ണിച്ച സംസ്കാരം  ഉണ്ടെന്നും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു .

എന്നാൽ ഇത് ചില ഗൂഢാലോചനകളുടെ ഫലം ആണെന്നും ഒരു വോട്ട് ബാങ്ക് അല്ലാത്തതിനാലാണെന്നും ഡിങ്കോയിസ്റ്റുകൾക്ക് മനസിലാക്കാൻ പ്രയാസമില്ല. കാരണം അവർ ശാസ്ത്രീയത ജീവിത രീതി ആക്കി  സ്വീകരിച്ചവരാണ്. ഡിങ്കോയിസമാണ് സത്യം. ഡിങ്കോയിസമാണ് ശരി. കാരണം, സ്വയം തിരുത്തലുകൾക്ക് വിധേയമാകുന്ന മറ്റൊരു മതവും ഇന്ന് പ്രചാരത്തിലില്ല. (തിരുത്തേണ്ട കാര്യം വരാറില്ല  എന്നത്  വേറെ  കാര്യം!)