കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം: സുധീരനെ മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം സങ്കീര്‍ണമായി തുടരുന്നു. രാവിലെ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച്...

കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം: സുധീരനെ മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ ആന്റണി

Oommen Chandy

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം സങ്കീര്‍ണമായി തുടരുന്നു. രാവിലെ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച് സീറ്റുകളൊഴികെ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി എന്നാണ് സൂചന.

അടൂര്‍ പ്രകാശിന്റെ കോന്നി, കെസി ജോസഫിന്റെ ഇടിക്കൂറ്, ബെന്നി ബെഹനാന്റെ തൃക്കാക്കര, ബാബുവിന്റെ തൃപ്പൂണിത്തുറ, എടി ജോര്‍ജിന്റെ പാറശാല എന്നിവയാണ് തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലങ്ങള്‍. ഘടകകക്ഷികളുമായി ധാരണയാകാത്ത സീറ്റില്‍ ഇന്ന് വൈകീട്ട് അഞ്ചിന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തീരുമാനമായേക്കും.


അതിനു മുമ്പ് ഘടകകക്ഷികളുമായി ഫോണില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് രാവിലെ കൈക്കൊണ്ട തീരുമാനം. ഇതിനിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയോട് ഉമ്മന്‍ചാണ്ടി അതിരൂക്ഷമായാണ് പ്രതികരിച്ചത്.

ആരോപണവിധേയരില്‍ അടൂര്‍ പ്രകാശിനെയെങ്കിലും മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ചെന്നിത്തല മുന്നോട്ട് വെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ. എന്നാല്‍ ഐ ഗ്രൂപ്പുകാരനായ മന്ത്രി അടൂര്‍ പ്രകാശിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുമ്പോഴും മുതിര്‍ന്ന നേതാവായ ആന്റണി പുലര്‍ത്തുന്ന മൗനം നീഗൂഢമാണ്. ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കത്തില്‍ സുധീരന് പൂര്‍ണ പിന്തുണ നല്‍കുന്നത് ആന്റണിയാണെന്നാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ആന്റണിയും ഉമ്മന്‍ചാണ്ടിയും അത്ര സുഖകരമായ ബന്ധത്തിലായിരുന്നില്ല.

എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ശക്തനായ നേതാവായി ഉമ്മന്‍ചാണ്ടി വളര്‍ന്ന സാഹചര്യത്തില്‍ അതിന് തടയിടുകയാണ് ആന്റണിയുടെ ഇപ്പോഴത്തെ ശ്രമമെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിരവധി ആരോപണവിധേയരായ മന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും കെ ബാബുവിനെതിരേയും അടൂര്‍ പ്രകാശിനെതിരേയും മാത്രമുള്ള കുറ്റപത്രവുമായി സുധീരന്‍ ഹൈക്കമാന്റിനെ സമീപിച്ചത്.

മൂന്ന് പക്ഷങ്ങളേയും പിണക്കാതെയുള്ള സമവായത്തിനാണ് ഹൈക്കമാന്റിന് താത്പര്യം. തര്‍ക്കം തീര്‍ക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുമെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ഗ്രൂപ്പ് നേതാക്കളുമായും ഒറ്റയ്ക്ക് ചര്‍ച്ച നടത്തുകയും സമവായം സ്വയം ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ചര്‍ച്ചയോടുകൂടി ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.