പി. രാജീവിനെ തള്ളി, കെ.പി.എ.സി ലളിതയ്ക്ക് അംഗീകാരം

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ജില്ലാസെക്രട്ടറി പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സി.പി.ഐ(എം) എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നിര്‍ദ്ദേശം...

പി. രാജീവിനെ തള്ളി, കെ.പി.എ.സി ലളിതയ്ക്ക് അംഗീകാരം

p-rajeev

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ജില്ലാസെക്രട്ടറി പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സി.പി.ഐ(എം) എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും തള്ളി. തൃപ്പൂണിത്തുറയിലേക്ക് എറണാകുളം ജില്ലാനേതൃത്വം പി.രാജീവിനെ മാത്രമാണ് നിര്‍ദ്ദേശിച്ചിരുന്നത്. പകരം മറ്റൊരാളെ അടിയന്തരമായി നിര്‍ദ്ദേശിക്കണമെന്ന് ജില്ലാക്കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി.

തൃശ്ശൂരിലെ വടക്കാഞ്ചേരിയില്‍ സിനിമാനടി കെ.പി.എ.സി. ലളിതയുടെപേര്പാര്‍ട്ടിനേതൃത്വംഅംഗീകരിച്ചു. സിനിമ താരം മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കാനുള്ള കാര്യത്തില്‍ അന്തിമതീരുമാനമായില്ല. പത്തനംതിട്ടയിലെ ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വവും സെക്രട്ടേറിയറ്റ് അംഗീകരിച്ചതായാണ് സൂചന. കണ്ണൂരിലെ പയ്യന്നൂരില്‍ നിലവിലുള്ള എം.എല്‍.എ. സി.കൃഷ്ണനെയും കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ മേയര്‍ വി.കെ.സി. മമ്മദ്‌കോയയെയും മത്സരിപ്പിക്കാനുള്ള ജില്ലാനേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.


പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജിന് ഇടതുമുന്നണി പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ (മലമ്പുഴ), പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ (ധര്‍മടം), സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ തോമസ് ഐസക്ക് (ആലപ്പുഴ), ഇ.പി.ജയരാജന്‍(മട്ടന്നൂര്‍), എ.കെ.ബാലന്‍(തരൂര്‍), ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം.മണി (ഉടുമ്പന്‍ചോല) എന്നിവരുടെയും കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ.ശൈലജ (പേരാവൂര്‍), ജി.സുധാകരന്‍(അമ്പലപ്പുഴ), എസ്.ശര്‍മ (വൈപ്പിന്‍)എന്നിവരുമടക്കം എഴുപതിലധികം പേരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ തീരുമാനമായിരുന്നു.

സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകാത്ത പത്തിലേറെ മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് 26ന് വീണ്ടും ചേരും.

Read More >>