കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം; മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ സുധീരന്‍ രംഗത്ത്

ന്യൂഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇടയില്‍...

കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം; മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ സുധീരന്‍ രംഗത്ത്

Oommen Chandy

ന്യൂഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇടയില്‍ ഭിന്നാഭിപ്രായം.

കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ്ചിലസിറ്റിംഗ് സീറ്റുകളെ സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിയുകയും തര്‍ക്കമുള്ള സീറ്റുകളില്‍ തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം എടുക്കും എന്ന് തീരുമാനിക്കുകയും ചെയ്തു.


മല്ലികാര്‍ജ്ജുന ഖര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എട്ടു മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തൃപൂണിത്തുറയില്‍ കെ ബാബു, ഇരിക്കൂരില്‍ കെസി ജോസഫ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, തൃക്കാക്കരയില്‍ ബെന്നി ബഹന്നാന്‍, കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെ മത്സരിപ്പിക്കുന്നതിനെതിരെ വി എം സുധീരന്‍ ശക്തമായ നിലപാടെടുത്തു.

ആരോപണമുള്ളവരെ മാറ്റി നിറുത്തുന്നത് പ്രതിച്ഛായ നന്നാക്കാന്‍ സഹായിക്കുമെന്ന് സുധീരന്‍ വാദിച്ചു.എന്നാല്‍ ആരോപണം തനിക്കെതിരെയുമുണ്ടെന്നും മന്ത്രിമാരെ മാത്രം മാറ്റിനിറുത്താന്‍ ആവില്ലെന്നും ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. ഈ സീറ്റുകളില്‍ അന്തിമതീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടതില്‍ കടുത്ത അതൃപ്തി അറിയിച്ച ഉമ്മന്‍ചാണ്ടി യോഗം പൂര്‍ത്തിയാകും മുമ്പ് കേരള ഹൗസിലേക്ക് പോയി.

സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന്‍റെ ഇടവേളയില്‍ എഐ ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് സുധീരന്റെ ആവശ്യത്തെ ശക്തമായി ചെറുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സുധീരന്‍റെ നിലപാടുകളെ ഹൈകമാന്റ് എങ്ങനെ സ്വീകരിക്കും എന്ന് ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍.