മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിവരാവകാശ പരിധിക്ക് പുറത്താക്കി; ലക്ഷ്യം വന്‍ തട്ടിപ്പ്

തിരുവനന്തപുരം: വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയതിന് അനുബന്ധമായി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഇറക...

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിവരാവകാശ പരിധിക്ക് പുറത്താക്കി; ലക്ഷ്യം വന്‍ തട്ടിപ്പ്

Oommen Chandy

തിരുവനന്തപുരം: വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയതിന് അനുബന്ധമായി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഇറക്കിയ ഓഫീസ് ഓര്‍ഡര്‍ മാത്രം റദ്ദാക്കിയത് വന്‍ തട്ടിപ്പിന്‍റെ ഭാഗമായിട്ടാണെന്ന് വ്യക്തമായി.

വിജിലന്‍സിനെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിത് വിവാദമായപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഓഫീസ് ഓര്‍ഡര്‍ മാത്രം റദ്ദാക്കി മുന്‍പ് പുറത്തിറങ്ങിയ നോട്ടിഫിക്കേഷന്‍ അതെപടി നിലനിര്‍ത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നിലപാടാണ് എന്നാ വാര്‍ത്ത‍ കഴിഞ്ഞ ദിവസം നാരദ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതുമായി ബന്ധപെട്ട രേഖകളും നാരദ പുറത്തു വിട്ടിരുന്നു.


കഴിഞ്ഞ ജനുവരി 27-നാണ് ബ്രാഞ്ചിനെ വിവരാവകാശത്തിന്‍റെ പരിധിയില്‍ നിന്നൊഴിവാക്കി  സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

റെഡ്ഡിയുടെ ഉത്തരവ് റദ്ദാക്കിയെങ്കിലും ടി ബ്രാഞ്ചിനെ ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവരാവകാശ നിയമത്തിന് പുറത്തായിരിക്കും. ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം നേരത്തേ തന്നെ ടി ബ്രാഞ്ചിലേക്ക് മാറ്റിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ തടക്കമുള്ള ‘സെന്‍സിറ്റീവ്’ കേസുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ ആവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി മുഖ്യമന്ത്രിയെ അറിയിച്ചു.

ഇത്തരം ഒരു ഉത്തരവിറക്കുന്നതിന് 10 ദിവസം മുന്‍പ് തന്നെ മുഖ്യമന്ത്രി, മന്ത്രിമാര്‍, സിവില്‍ സര്‍വ്വീസുകാര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ ടി ബ്രാഞ്ചിലാക്കി താന്‍ ഓഫീസ് ഓര്‍ഡര്‍ ഇറക്കിയിരുന്നെന്നാണ് ശങ്കര്‍ റെഡ്ഡിയുടെ വാദം. വിജിലന്‍സ് അന്വേഷിക്കുന്ന സെന്‍സിറ്റിവ് കേസുകള്‍ ടി ബ്രാഞ്ചിന്‍റെ പരിധിയിലാണെന്ന് സ്ഥാപിക്കാന്‍ മുന്‍ ഡയറക്ടര്‍മാര്‍ ഇറക്കിയ 5 ഉത്തരവുകളും ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് സമര്‍പ്പിച്ചു.

1996, 2010, 2011 വര്‍ഷങ്ങളിലും 2013–ല്‍ 2 വട്ടവും ഇത്തരം ഓഫീസ് ഒര്‍ഡറുകള്‍ ഇറങ്ങിയിട്ടുണ്ട്. മന്ത്രിമാരും, മുന്‍ മന്ത്രിമാരും, സിവില്‍ സര്‍വ്വീസുകാരുമടക്കം എഴുപതോളം കേസുകള്‍ ടി ബ്രാഞ്ചിന്‍റെ പരിധിയിലാക്കുകയും ചെയ്തു. ഉന്നതര്‍ക്കെതിരായ പരാതികള്‍, എഫ്ഐആര്‍, അന്വേഷണ വിവരങ്ങള്‍, മൊഴികള്‍, ദ്രുതപരിശോധന എന്നിവയെല്ലാം നേരത്തേ തന്നെ വിവരാവകാശത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ശങ്കര്‍ റെഡ്ഡി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം സെന്‍സിറ്റിവ് കേസുകളുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത് നല്‍കാനാവില്ല എന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയായ പാമോയില്‍ കേസ്, കെഎം മാണി, കെ ബാബു എന്നിവര്‍ ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ്, പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും മകനും എതിരായ കേസുകള്‍, മന്ത്രിമാരായ പിജെ ജോസഫ്‌, അനൂപ്‌ ജേക്കബ്‌, എംകെ മുനീര്‍, സിഎന്‍ ബാലകൃഷ്ണന്‍, പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരായ കേസുകള്‍ എന്നിവയെല്ലാം ടി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തി വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കിയവയാണ്.

Read More >>