പശ്ചിമ ബംഗാള്‍ തൃണമൂല്‍ നിലനിര്‍ത്തും; കേരളം എല്‍ഡിഎഫ് നേടും: സര്‍വേ ഫലം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. ഇടതുപക്ഷത്തിന്...

പശ്ചിമ ബംഗാള്‍ തൃണമൂല്‍ നിലനിര്‍ത്തും; കേരളം എല്‍ഡിഎഫ് നേടും: സര്‍വേ ഫലം

west-bengal

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാകുമെങ്കിലും തൃണമൂല്‍ ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം. ഇന്ത്യാ ടിവി-സിവോട്ടര്‍ സര്‍വേ ഫലത്തിലാണ് മമതാ ബാനര്‍ജിക്ക് അനുകലൂമായി പശ്ചിമബംഗാള്‍ വിധിയെഴുതുമെന്ന് പറയുന്നത്.

കേരളത്തില്‍ സിപിഐ(എം)ന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. യുഡിഎഫിന് 49 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ 66 സീറ്റ് നേടിയ എല്‍ഡിഎഫ് ഇക്കുറി നില മെച്ചപ്പെടുത്തി 89 സീറ്റുകള്‍ നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ആദ്യമായി അക്കൗണ്ട് തുറക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ഒരു സീറ്റ് എന്‍ഡിഎ നേടുമെന്ന് ഫലം വ്യക്തമാക്കുന്നു. കേരളത്തില്‍ അഴിമതിയായിരിക്കും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.


പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റില്‍ മാത്രമേ വിജയം നേടാന്‍ സാധിക്കൂ എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 184 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇക്കുറി 156 സീറ്റുകള്‍ മാത്രമേ തൃണമൂലിന് നേടാന്‍ സാധിക്കുകയുള്ളൂവെന്ന് ഫലങ്ങള്‍ പറയുന്നു. ഇടതുമുന്നണി 114 സീറ്റുകള്‍ നേടുമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്ന് ഫലങ്ങള്‍ പ്രവചിക്കുന്നു.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ സീറ്റ് നിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 203 സീറ്റുകള്‍ നേടിയ പാര്‍ട്ടിക്ക് ഇത്തവണ 116 സീറ്റ് മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ഭരണം നിലനിര്‍ത്താന്‍ വേണ്ടതിനേക്കാള്‍ രണ്ട് സീറ്റ് കുറവായിരിക്കും എഐഎഡിഎംകെയ്ക്ക് ലഭിക്കുക. അതേസമയം, ഡിഎംകെ നില മെച്ചപ്പെടുത്തുമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ 31 സീറ്റ് മാത്രം നേടിയ ഡിഎംകെ ഇക്കുറി 101 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. മറ്റുള്ളവര്‍ 17 സീറ്റ് വരെ നേടും. കഴിഞ്ഞ തവണ എഐഎഡിഎംകെയ്‌ക്കൊപ്പം നിന്ന വിജയകാന്തിന്റെ ഡിഎംഡികെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.  രണ്ട് മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഡിഎംഡികെ നിര്‍ണായക ഘടകമാകുമെന്നും ഇന്ത്യാ ടിവി-സി ഫോര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു.

ആസാമില്‍ ബിജെപി-എജിപി സഖ്യം 57 സീറ്റുകള്‍ നേടും. ഭരണം ഉറപ്പാക്കാനുള്ളതിനേക്കാള്‍ ഏഴ് സീറ്റുകള്‍ കുറവായിരിക്കും സഖ്യത്തിന്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രം നേടാനേ സാധിക്കൂ.