ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര; 23 മരണം

ബ്രസല്‍സ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര. 23 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍...

ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര; 23 മരണം

blast-in-Brussels

ബ്രസല്‍സ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര. 23 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നാലെ മാല്‍ബിക് മെട്രോ സ്‌റ്റേഷനിലും സ്‌ഫോടനം നടക്കുകയായിരുന്നു.

23 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും കൂടിയേക്കാം. വിമാത്താവളത്തില്‍ നിന്ന് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് മുമ്പ് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.


പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് സാവെന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനങ്ങള്‍ നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിലായിരുന്നു മൂന്നാമത്തെ സ്‌ഫോടനം. രാവിലെ നിരവധി യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു അപകടം. ടെര്‍മിനലില്‍ പുക നിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഭീകരാക്രമണമാണ് നടന്നതെന്ന് ബെല്‍ജിയം സര്‍ക്കാര്‍ അറിയിച്ചു. പാരീസ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കുന്ന സലാഹ് അബ്ദുസലാമിനെ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ വെച്ച് പിടികൂടിയിരുന്നു. സ്‌ഫോടനവുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസല്‍സിലെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്കും മെട്രോ സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈയില്‍ നിന്നും ബ്രസല്‍സിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

Read More >>