'ബാഹുബലി' എന്നെ മാറ്റിമറിച്ചു: തമന്ന

അഭിനയ ജീവിതത്തിന്‍റെ മികച്ച ഘട്ടത്തിലൂടെയാണ് തമന്ന കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു പിടി നല്ല ചിത്രങ്ങളില്‍ ഭാഗമാവുന്നതോടൊപ്പം തന്‍റെ ഗ്ലാമര്‍ നടി...

bahubali thamannahഅഭിനയ ജീവിതത്തിന്‍റെ മികച്ച ഘട്ടത്തിലൂടെയാണ് തമന്ന കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു പിടി നല്ല ചിത്രങ്ങളില്‍ ഭാഗമാവുന്നതോടൊപ്പം തന്‍റെ ഗ്ലാമര്‍ നടി ഇമേജിനും മാറ്റം വരുത്തുകയാണ് തമന്ന. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം, ഹിന്ദി- തമിഴ്- തെലുങ്ക് ഭാഷകളിലായി പ്രഭുദേവ ഒരുക്കുന്ന ചിത്രം, തമിഴ്- തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ‘തോഴാ’ എന്നീ ചിത്രങ്ങളോടൊപ്പം ദേശീയ അവാര്‍ഡ്‌ ജേതാവ് സീനു രാമസാമിയുടെ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലും തമന്ന എത്തുന്നു.


‘ബാഹുബലി’യെ പറ്റി പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ തമന്ന വാചാലയായി. “വളരെ മനോഹരമായ കുറെ ഓര്‍മ്മകളുണ്ട് ‘ബാഹുബലി’യുടെ ചിത്രീകരണത്തെ പറ്റി. ശാരീരികമായി ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച സമയമാണ് അത്. മഞ്ഞ് ഷൂട്ട്‌ ചെയ്യുന്നതിനായി ഞങ്ങള്‍ 10 ഡിഗ്രിയില്‍ താഴെ തണുപ്പുള്ള ബള്‍ഗേറിയയിലേക്ക് പോയി. അതിനു ശേഷം മഹാരാഷ്ട്രയിലെത്തി മഴ ഷൂട്ട്‌ ചെയ്തു. ഏറ്റവും കഠിനവും എന്നാല്‍ സംതൃപ്തി തരുന്നതുമായ ഷൂട്ടിംഗ് ആയിരുന്നു ‘ബാഹുബലി’യുടേത്. എന്നെ സംബന്ധിച്ചിടത്തോളം ‘ബാഹുബലി’ ഒരു വിപ്ലവമായിരുന്നു,” തമന്ന പറഞ്ഞു.

“ഈ ചിത്രം എന്നെ മാറ്റി മറിച്ച് എന്ന് വേണം പറയാന്‍. 'ബാഹുബലി’യില്‍ ചെയ്ത കാര്യങ്ങളൊന്നും ഒരിക്കലും എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നതല്ല. വിജയിക്കുകയും പരാജയപ്പെടുകയും ഒക്കെ ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ ഭാഗമായിട്ടുള്ളവരാണ് ഞങ്ങള്‍ എല്ലാവരും. പക്ഷേ ഇവിടെ സംവിധായകന്‍ ഞങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ കഴിവുകള്‍ ഊറ്റിയെടുക്കുകയായിരുന്നു. ഇതിന്‍റെയെല്ലാം ക്രെഡിറ്റ്‌ രാജമൌലിയ്ക്കുള്ളതാണ്,” തമന്ന പറഞ്ഞു.

‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചുവെങ്കിലും തമന്ന ഉള്‍പ്പെട്ട ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. “ഓരോരോ ഭാഗങ്ങളായാണ് ‘ബാഹുബലി’യുടെ ചിത്രീകരണം നടക്കുന്നത്. എന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ ഞാനും ടീമിനൊപ്പം ചേരും. ചിത്രീകരണം കുറച്ചു കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ശരിക്കും എപ്പോഴായിരിക്കും എന്നെ വിളിക്കുക എന്ന് ഇപ്പോള്‍ പറയാനാവില്ല,” തമന്ന പറഞ്ഞു.