അവള്‍ തല്ലിയത് അവളുടെ തന്നെ മുഖത്താണ്..

ഇത് പുരുഷമേധാവിത്വമുള്ള ലോകമാണെന്ന് പറയുകയും, സ്ത്രീകൾ പരസ്പരം മനസ്സിലാക്കുകയും ചെയ്യാത്തതെന്തുകൊണ്ടാണ് ?പയ്യന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയ...

അവള്‍ തല്ലിയത് അവളുടെ തന്നെ മുഖത്താണ്..

girl covering face

ഇത് പുരുഷമേധാവിത്വമുള്ള ലോകമാണെന്ന് പറയുകയും, സ്ത്രീകൾ പരസ്പരം മനസ്സിലാക്കുകയും ചെയ്യാത്തതെന്തുകൊണ്ടാണ് ?

പയ്യന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബിൽ അസഹിഷ്ണയായ യാത്രക്കാരി ഒരു പെൺകുട്ടിയെ ആക്രമിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഗൗരവമായി ചർച്ച ചെയ്തിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നു കണ്ടു കൊണ്ടാകണം, ആ മദ്ധ്യവയസ്ക പെൺകുട്ടിയോട് മാപ്പ് പറഞ്ഞു പ്രശ്നത്തിൽ നിന്നും തലയൂരി. ആൺ കുട്ടികളും പെൺകുട്ടികളുമായി 25 ഓളം പേർ നൃത്തം ചെയ്തതിൽ, തല്ലു കിട്ടിയത് ഒരു പെൺകുട്ടിയ്ക്കാണ്.. അതും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയിൽ നിന്നും! തല്ലുവാൻ സൗകര്യപ്രദമായി മുൻ നിരയിൽ ആൺകുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും, അമ്മയെ പോലെയുള്ള ആ സ്ത്രീ അടി കൊടുത്തത് ഒരു പെൺകുട്ടിയ്ക്കു മാത്രമാണ്... തിരഞ്ഞുപിടിച്ചു ശിക്ഷിക്കുന്ന പോലെയുള്ള ചേതോവികാരം!അടി കൊടുത്തിട്ടും തീരാത്ത വൈരാഗ്യബുദ്ധിയിൽ പെൺകുട്ടിയ്ക്ക് നേരെ ആക്രോശം തുടരുകയുമാണ് ആ വനിതാ രത്നം. അപ്പോഴും മകനെ പോലെയുള്ള ആൺമക്കളെ ശാസിക്കുവാൻ ആ അമ്മ മനസ്സ് തയ്യാറാകുന്നുമില്ല.


ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണോ?

കെല്ലി വാലൻ എഴുതിയ ഒരു പുസ്തകമുണ്ട് - ട്വിസ്റ്റഡ് സിസ്റ്റർ ഹുഡ്. വനിതകൾക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കി ഒരു സ്ത്രീയുടെ യഥാർത്ഥ ശത്രുവിനെ കണ്ടെത്തുന്നു കെല്ലി ഈ പുസ്തകത്തിലൂടെ. 3000 ലധികം സ്ത്രീകളോടു സംസാരിച്ചതിൽ 93% ൽ അധികവും പേർ സമ്മതിക്കുന്നു - അവരുടെ ജീവിതത്തിന്റെ ഏറ്റവും ദുരിത പൂർണ്ണമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മറ്റൊരു സ്ത്രീയാണ് എന്ന്.

സ്ത്രീയും പുരുഷനും തമ്മിൽ ശാരീരികവും, മാനസികവുമായ അന്തരങ്ങൾ ഉണ്ടെങ്കിലും അവർക്ക് പരസ്പരം ഉൾകൊള്ളുവാൻ സാധിക്കുന്നുണ്ട്. നല്ല സൗഹൃദങ്ങൾ നിലനിർത്തുവാൻ ഇവർക്ക് കഴിയുന്നുമുണ്ട്. അസൂയയോ, കുശുമ്പോ ഇത്തരം സൗഹൃദങ്ങളിൽ ഇല്ലെന്നു തന്നെ പറയാം.

പക്ഷെ, സ്ത്രീകൾ തമ്മിലുള്ള സൗഹൃദം പലപ്പോഴും അങ്ങനെയല്ല. കൗമാരക്കാരായ പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദം വിശാലമാണെങ്കിൽ കൂടിയും മുതിർന്ന സ്ത്രീകളിൽ പരസ്പരം താറടിച്ചു കാണിക്കുന്നതിനുള്ള പ്രവണതയാണധികവും. എന്തായിരിക്കും ഈ മാനസിക വൈകല്യത്തിന് കാരണം?

അവസരങ്ങളും ഉത്തരവാദിത്വങ്ങളും സമൂഹത്തില്‍ അവസരങ്ങളും കൂടി വന്നു എങ്കിലും, സ്ത്രീയ്ക്ക് ആത്മവിശ്വാസവും, ആത്മധൈര്യവും കുറവാണ് എന്നതാണ് അതില്‍ പ്രധാന കാര്യം. അതു കൊണ്ടു തന്നെ ,ഇടപ്പെടുന്ന സമൂഹത്തിലും, ജീവിതത്തിലും സ്ത്രീകൾ കൂടുതൽ ജാഗരൂകരാകുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, നോക്കുന്നതെല്ലാം കഴുകൻ കണ്ണുകൾ കൊണ്ടായിരിക്കും എന്നർത്ഥം. മറ്റുള്ളവരെ പ്രത്യേകിച്ച് തന്നെ പോലെയുള്ള സ്ത്രീകളെ, അവർ എത്ര മിടുക്കിയാണെങ്കിലും കൂടിയും അംഗീകരിക്കുവാൻ മനസ്സ് മടിക്കുന്നു.ഏറ്റവും ഉയരത്തിൽ പറക്കുന്നത് ഞാനാണ്, ലോകം മുഴുവൻ എനിക്ക് താഴെ എന്ന കഴുകൻ മനോഭാവവുമായിരിക്കുമത്.ഒരു സ്ത്രീ അസൂയാവഹമായ ഉന്നതമായ പദവിയില്‍ എത്തുമ്പോള്‍,മേലുധ്യോഗസ്ഥന്മാരോ സഹപ്രവര്‍ത്തകരുമായോ അപവാദം ചമച്ചു വിടുന്നതും മിക്കപ്പോഴും ഒരു പെണ്‍ നാവുതന്നെയാകും.

ഏതെങ്കിലും മേഖലയില്‍, അംഗീകരിക്കപ്പെടുകയോ, വിമര്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒരു സ്ത്രീയുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ തന്നെ ഒന്നു നോക്കു...അവിടെ മറ്റു സ്ത്രീകളുടെ അഭിനന്ദനങ്ങളും,പിന്തുണയും വിരളമായിരിക്കും.അവര്‍ക്കെന്തായാല്‍...എനിക്കെന്തു എന്ന ഭാവം..download

ജീവിതത്തിൽ തനിക്ക് നേടാൻ കഴിയാതെ പോയ ചില കുഞ്ഞു സന്തോഷങ്ങളെ തിരയുന്ന പ്രായമാണ് മധ്യവയസ്സ്. നെട്ടോട്ടങ്ങൾക്കിടയിൽ, കൈയ്യെത്തി പിടിച്ച വലിയ വിജയങ്ങൾക്കിടയിൽ, ഇവരില്‍ നിന്നും പൊഴിഞ്ഞു പോയ ചില നിമിഷങ്ങൾ മറ്റുള്ളവർ ആഘോഷിക്കുന്നതും ഇക്കൂട്ടർക്ക് ഉൾകൊള്ളുവാൻ കഴിയില്ല .അത് മറ്റൊരു സ്ത്രീ ജന്മം കൂടിയാണെങ്കിൽ പറയുകയും വേണ്ട. എനിക്ക് കിട്ടാത്തത് നിനക്കോ എന്ന ഭാവം വരുത്തി വയ്ക്കുന്നത് മേൽവിവരിച്ചതു പോലെയുള്ള വിവേകശൂന്യമായ ആവേശങ്ങളുമായിരിക്കും.

ആത്മാർത്ഥതയുടെ മുഖം മൂടിയണിഞ്ഞ്, വരുത്തി തീർക്കുന്ന പുഞ്ചിരിയിൽ പൊതിഞ്ഞതാണ് സ്ത്രീകൾ തമ്മിലുള്ള മിക്ക സൗഹൃദങ്ങളും എന്ന് കെല്ലി വാലൻ പറയുന്നു. സ്ത്രീ സുഹൃത്തുക്കൾ പരസ്പരം സംസാരിക്കുമ്പോഴും അവർ വാക്കുകളിലും ഭാവങ്ങളിലും ജാഗ്രത പുലർത്തുമത്രെ. കാരണം, ഈ സംഭാഷണങ്ങൾക്കൊടുവിൽ, എന്നെ കുറിച്ച് ഏഷണി പറയുവാൻ ഞാൻ തന്നെ സാഹചര്യമൊരുക്കുന്നത് എന്തിനാണ് എന്നാണ് പലരുടെയും ചോദ്യം. ആൺ സുഹൃത്തുമായി ഇവർക്ക് ഇത്തരം ഭയമെതുമില്ല താനും.

സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണ് എന്ന പ്രചരണം പുതിയതല്ല. മിക്കപ്പോഴും ഇത് അങ്ങനെ തന്നെയായി തീരുകയും ചെയ്യുന്നു.സ്ത്രീയക്ക് ശത്രു സ്ത്രീ മാത്രമാണ് എന്ന് അതിന്നു അര്‍ത്ഥം ഇല്ല.പക്ഷെ, മുഖ്യമായ പിന്തിരിപ്പന്‍ ശക്തിയെ കുറിച്ചു ചിന്തിക്കുമ്പോള്‍, അത് കാലങ്ങള്‍ക്കിപ്പുറവും എത്തി നില്‍ക്കുന്നത് അവളില്‍ തന്നെയാകുന്നതും ശുഭകരമല്ല.

കിണറ്റിലെ രൂപത്തെ വെല്ലുവിളിച്ചു, അതിലേക്കു എടുത്തു ചാടിയ സിംഹത്തിന്റെ അവസ്ഥ തന്നെയാകും, സ്ത്രീ മനസുകളുടെ ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ അവളെ കൊണ്ട് ചെന്നെത്തിക്കുക.

Story by
Read More >>