അഹല്യ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച അധ്യാപകര്‍ക്കെതിരെ പ്രതികാര നടപടി

പാലക്കാട്: അഹല്യ ആയുര്‍വ്വേദ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. അധ്യാ...

അഹല്യ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച അധ്യാപകര്‍ക്കെതിരെ പ്രതികാര നടപടി

strike

പാലക്കാട്: അഹല്യ ആയുര്‍വ്വേദ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. അധ്യാപകരായ പ്രൊഫസര്‍ ഡോക്ടര്‍ ജി വിനോദ് കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സജിത് കുമാര്‍ കെ.പി എന്നിവരെയാണ് മാനേജ്‌മെന്റിന്റെ പ്രതികാരത്തെ തുടര്‍ന്ന് പിരിച്ചു വിട്ടത്. അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകള്‍ 12 ദിവസമായി സമരം തുടരുകയാണ്.


ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് അധ്യാപകരെ പിരിച്ചുവിട്ടതെന്നാണ് ആരോപണം. അധിക ജീവനക്കാര്‍ ഉണ്ടെന്ന് കാണിച്ചാണ് മാനേജ്‌മെന്റ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വിടുതല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് അധ്യാപകരെ നിയമിച്ച സ്ഥാപനത്തില്‍ പെട്ടന്നെങ്ങനെ അധ്യാപക ആധിക്യമുണ്ടായെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ചോദിക്കുന്നു.

ആരോഗ്യ സര്‍വ്വകലാശാല ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം ആയുര്‍വ്വേദ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്റ്റൈപന്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട് അഹല്യ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്.

ഗവണ്‍മെന്റ് കോളേജുകള്‍ക്കൊപ്പം സ്വാശ്രയ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ അഹല്യ കോളേജ് ഉള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളും നടപ്പിലാക്കുന്നില്ല. ഇതിനെതിരെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നുണ്ട്.

ഈ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് ഡോക്ടര്‍ ജി വിനോദ് കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സജിത് കുമാര്‍ കെ.പി എന്നിവരെ പിരിച്ചു വിട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റിന് അവകാശമുണ്ടെന്ന് അംഗീകരിച്ച ആരോഗ്യ സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സിലിലെ 75 അംഗങ്ങളില്‍ ഒരാളാണ് കോളേജില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഡോ. ജി വിനോദ് കുമാര്‍. കൂടാതെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ എഎംഎഐയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. വിദ്യാര്‍ത്ഥികളുടെ സമരത്തെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചു എന്നാണ് ഡോ. സജിത് കുമാറിനെതിരെയുള്ള ആരോപണം.

ആശുപത്രിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്ന് ചര്‍ച്ചയായതോടെയാണ് അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയകളില്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ അധ്യാപകരാണെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍.

വിദ്യാര്‍ത്ഥി-അധ്യാപക വിരുദ്ധ സമീപനങ്ങള്‍ക്ക് പുറമേ കടുത്ത നിയമലംഘനങ്ങളാണ് അഹല്യ ആയുര്‍വേദ കോളേജില്‍ നടക്കുന്നത്. റഗുലര്‍ ജീവനക്കാര്‍ വേണമെന്ന ചട്ടം മറികടന്ന് കരാറടിസ്ഥാനത്തിലാണ് അഹല്യയില്‍ അധ്യാപക നിയമനം നടക്കുന്നത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ചട്ടപ്രകാരം റിഗുലര്‍ ജീവനക്കാര്‍ വേണം. എന്നാല്‍ ഇന്‍സ്‌പെക്ഷന്‍ സമയത്ത് രേഖകളില്‍ അധ്യാപകരെ റഗുലര്‍ ജീവനക്കാരാക്കി നിയമലംഘനം നടത്തുകയാണ് ആശുപത്രി മാനേജ്‌മെന്റ്. ഒന്നോ രണ്ടോ വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് അധ്യാപകരെ ജോലിക്ക് എടുക്കുന്നത്. ജോലിക്ക് വേണ്ടി ഡോക്ടര്‍മാര്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരാകുന്നു.

പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കു, കരാര്‍ വ്യവസ്ഥ അവസാനിപ്പിക്കുക, ശമ്പള വ്യവസ്ഥയിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സമരം നടത്തുന്നത്. ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും,  അധ്യാപക സംഘടനയായ പാക്ടോയും സമരത്തിലുണ്ട്.

letter-ahalia

ഇതിനിടയില്‍ സമരം നടത്തുന്ന അഞ്ചോളം അധ്യാപകരെ സസ്‌പെന്റ് ചെയ്തുകൊണ്ടും മാനേജ്‌മെന്റ് ഉത്തരവിറക്കി. രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആംബുലന്‍സ് തടഞ്ഞെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. സുരക്ഷാ ജീവനക്കാരെ അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. ഡോക്ടര്‍മാര്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

Read More >>