പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവും പരിചയസമ്പത്തും; ആറു തവണയിലധികം മത്സരിക്കുന്നവര്‍ പത്തിലേറെ

കൊച്ചി: പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവും പരിചയസമ്പത്തുമായി ആറും അതിലധികം തവണവുമായി മത്സരിക്കാനിറങ്ങുന്ന നേതാക്കള്‍ ഇത്തവണ പത്തിലേറെയുണ്ട്. രണ്ടോ...

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവും പരിചയസമ്പത്തും; ആറു തവണയിലധികം മത്സരിക്കുന്നവര്‍ പത്തിലേറെ

kerala-ele

കൊച്ചി: പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവും പരിചയസമ്പത്തുമായി ആറും അതിലധികം തവണവുമായി മത്സരിക്കാനിറങ്ങുന്ന നേതാക്കള്‍ ഇത്തവണ പത്തിലേറെയുണ്ട്. രണ്ടോ അതിലധികമോ തവണ മത്സരിച്ച നേതാക്കള്‍ മാറി നില്‍ക്കണമെന്ന നയം കുറച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞത് കൊണ്ട് ഇതില്‍ ഇടതുപക്ഷക്കാരുടെ എണ്ണം കുറവാണ്.

93 വയസ്സിലും മത്സരിക്കാന്‍ ഒരുങ്ങുന്ന വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് ഇതിന് അപവാദം എന്ന് പറയുമ്പോള്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് മുതല്‍ ഒട്ടുമിക്ക ഘടകകക്ഷികളിലേയും മുതിര്‍ന്ന നേതാക്കളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ഒന്നാം സ്ഥാനം പതിമൂന്നാം അങ്കത്തിന് ഇറങ്ങുന്ന കെഎം മാണിയാണ്. 1965-ല്‍ പാലായില്‍ നിന്ന് ആദ്യം നിയമസഭയിലെത്തി. 1967, 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളിൽ തുടര്‍ച്ചയായി ജയിച്ചു. 1978- '79 കാലത്ത് ആഭ്യന്തര മന്ത്രിയായി. ഏറ്റവും കൂടുതല്‍ തവണ ധനകാര്യ മന്ത്രിയായിരുന്ന മാണി റവന്യൂ, ജലസേചനം, നിയമം, വകുപ്പുകളും കൈകാര്യം  ചെയ്തിട്ടുണ്ട്.


രണ്ടാം സ്ഥാനക്കാരനായ ഉമ്മൻ ചാണ്ടി പതിനൊന്നാം തവണയാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. 1970-ല്‍ പുതുപ്പള്ളിയില്‍ കന്നിയങ്കം കുറിച്ച ഉമ്മന്‍ ചാണ്ടി 1977-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു. എകെ ആന്‍റണിയുടെ പിന്‍ഗാമിയായി 2004-ല്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മന്‍ ചാണ്ടി 2011- '16-ലും മുഖ്യമന്ത്രിയായി. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം.

മൂന്നാം സ്ഥാനത്ത് പിജെ ജോസഫാണ്. 1970 മുതല്‍ തൊടുപുഴയില്‍ മത്സരിക്കാന്‍ തുടങ്ങി. 2001-ല്‍ പിടി തോമസിനോട് തോറ്റ പിജെ ജോസഫിന് ഇത് പത്താം മത്സരമാണ്. ഇരു മുന്നണികളിലും മാറി  മാറി നിന്ന ജോസഫ് 2 മുന്നണികളിലും മന്ത്രിയായിരുന്നു. ആന്‍റണി മന്ത്രി സഭയില്‍ ആഭ്യന്തരം, കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യുവും വിദ്യഭ്യാസവും, നായനാര്‍ മന്ത്രിസഭയില്‍ വിദ്യഭ്യാസവും പൊതുമരാമത്തും, അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത്, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലസേചന വകുപ്പിന്‍റെയും ചുമതല വഹിച്ചു.

ഒന്‍പത് തവണ മത്സരിച്ച കേരള കോണ്‍ഗ്രസിലെ സിഎഫ് തോമസാണ് മറ്റൊരു താരം. 1980, 1982, 1987, 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ വിജയിച്ചു. എകെ ആന്‍റണി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. കോണ്‍ഗ്രസിലെ കെസി ജോസഫും മുസ്ലീം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടിയും 8 തവണ തുടര്‍ച്ചയായി മത്സരിക്കുന്നവരാണ്.

വി എസ് അച്യുതാനന്ദനും ഇത് എട്ടാം മത്സരമാണെങ്കിലും തുടർച്ചയായി മത്സരിച്ചിട്ടില്ല. 1967-ലും 1970-ലും മത്സരിച്ച വിഎസ് പിന്നീട് 1991-ലാണ് മത്സരിച്ചത്. 1996-ല്‍ മാരാരിക്കുളത്ത് തോറ്റു. പാര്‍ലമെന്‍റിലും നിയമസഭയിലുമായി എട്ട് തവണ മത്സരിച്ചു തോറ്റ ബിജെപി നേതാവ് ഓ രാജഗോപാല്‍ ഇത്തവണ നേമത്ത് നിന്ന് ഒമ്പതാം തവണയും ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

1982 മുതല്‍ മത്സരിക്കാന്‍ തുടങ്ങിയ കെസി ജോസഫ് ഒരിക്കല്‍ പോലും തോറ്റിട്ടില്ല. 1982 മുതലാണ് കുഞ്ഞാലിക്കുട്ടിയും മത്സരം തുടങ്ങിയത്. 2006-ല്‍ കുറ്റിപ്പുറത്ത് നിന്ന് ഇടത് സ്വതന്ത്രന്‍ കെടി ജലീലിനോട് തോറ്റതൊഴിച്ചാല്‍ ബാക്കിയെല്ലം വിജയമായിരുന്നു. പിസി തോമസ് ഇത് ഏഴാമത്തെ അങ്കത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരം 1980-ല്‍ പൂഞ്ഞാറില്‍ നിന്ന്. 1987-ല്‍ മാത്രം തോല്‍വി.

തൃപ്പൂണിത്തുറയില്‍ നിന്ന് കെ ബാബു തുടര്‍ച്ചയായി ആറാം തവണയാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. 1991-ല്‍ ആദ്യ മത്സരത്തില്‍ തുടങ്ങി ഇന്നോളം ബാബു തോറ്റിട്ടില്ല. ബാബുവിന്‍റെതിന് സമാനമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും ചരിത്രം. 1991 മുതല്‍ തുടര്‍ച്ചയായി മത്സരിക്കുന്ന തിരുവഞ്ചൂരിനും ഇത് ആറാം മത്സരമാണ്. ഇതുവരെയും അദ്ദേഹം തോറ്റിട്ടില്ല.