ഓണ്‍ലൈന്‍ നീലക്കടല്‍ : മഞ്ഞ വാര്‍ത്തകളില്‍ മുഴുകി മാധ്യമങ്ങള്‍

സീന്‍ ഒന്ന്: മധ്യവര്‍ഗ കുടുംബം, രാത്രിഫെയ്സ്ബുക്ക് നോക്കിയിരിക്കുന്ന ഗൃഹനാഥന്‍. സ്‌ക്രീനില്‍ നിറഞ്ഞുകവിഞ്ഞ് പ്രത്യക്ഷപ്പെട്ട അര്‍ദ്ധനഗ്‌ന ചിത്രവും...

ഓണ്‍ലൈന്‍ നീലക്കടല്‍ : മഞ്ഞ വാര്‍ത്തകളില്‍ മുഴുകി മാധ്യമങ്ങള്‍sex-in-net

സീന്‍ ഒന്ന്: മധ്യവര്‍ഗ കുടുംബം, രാത്രി

ഫെയ്സ്ബുക്ക് നോക്കിയിരിക്കുന്ന ഗൃഹനാഥന്‍. സ്‌ക്രീനില്‍ നിറഞ്ഞുകവിഞ്ഞ് പ്രത്യക്ഷപ്പെട്ട അര്‍ദ്ധനഗ്‌ന ചിത്രവും അലറിവിളിക്കുന്ന തലക്കെട്ടും..

'60 കഴിഞ്ഞ പുരുഷന്‍മാര്‍ കൗമാരക്കാരികളുടെ പിറകേ..'

തുറിച്ചുനോക്കുന്ന ഭാര്യയും അമ്പരന്നുനില്‍ക്കുന്ന കൗമാരക്കാരിയായ മകളും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പ്രമാണത്തില്‍ ഗൃഹനാഥനും.

സീന്‍ രണ്ട്:  മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മധ്യകേരളത്തിലെ ഒരു ബ്യൂറോ, ഉച്ച.


പ്രമുഖ ചാനലിന്റെ സൈറ്റ് തുറന്നതാണ് സീനിയര്‍ റിപ്പോര്‍ട്ടര്‍. ഗ്രാഫിക് ചിത്രത്തിനൊപ്പം വാര്‍ത്തയുടെ തന്നെ കടുംമഞ്ഞ നിറത്തിലെ തലക്കെട്ട്..

'ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ല; പതിനെട്ടുകാരിയായ നവവധു ബന്ധം വേര്‍പെടുത്തി..'

ചിരി അടക്കാന്‍ പാടുപെടുന്ന ജൂനിയര്‍മാരും നായകന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കിന്‍ഡര്‍ഗാര്‍ട്ടനില്‍ പോയി തുടങ്ങിയിട്ടില്ലാത്ത ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും. തക്കാളിയുടെ നിറമുള്ള മുഖവുമായി സീനിയര്‍ റിപ്പോര്‍ട്ടര്‍.

സീന്‍ മൂന്ന്:  തിരക്കുള്ള ഒരു ലോക്കല്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റ്. വൈകുന്നേരം.

മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുകയാണ് വീട്ടിലേക്കു മടങ്ങുന്ന പാരമെഡിക്കല്‍ വിദ്യാര്‍ഥിനി. ഒരു മൊബൈല്‍ പോണ്‍ ക്ലിപ് എന്നു നിസ്സംശയം ഉറപ്പിക്കാവുന്ന തംബ്നെയിലോടുകൂടിയ വീഡിയോയും അതിനേയും വെല്ലുന്ന വാര്‍ത്തയും..

'ഇന്ത്യ ജയിച്ചു; ആര്‍ഷി ഖാന്‍ വാക്കുപാലിച്ചു;
കൂടെ പുതിയൊരു പ്രഖ്യാപനവും; വീഡിയോ കാണാം'

അടുത്തിരുന്നു ചിരിക്കുന്ന യുവാവിനെയെന്നല്ല, ആരെയും നോക്കാതെ യാത്രയിലുടനീളം മുഖംകുനിച്ചിരിക്കുന്ന പെണ്‍കുട്ടി.

ഈ മൂന്നു രംഗങ്ങളും പേരും സ്ഥലവും മാറി മാറി നമ്മുടെ നാട്ടില്‍ ദിവസവും ആവര്‍ത്തിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പേജ് പിന്തുടരുന്നു എന്ന തെറ്റ് മാത്രമേ ഈ മൂന്നു രംഗങ്ങളിലേയും 'സദാചാര ലംഘകര്‍' ചെയ്തിട്ടുള്ളു. വാര്‍ത്തയ്ക്ക് മഞ്ഞ നിറം നല്‍കി ഹിറ്റുകളുടെ എണ്ണം കൂട്ടാന്‍ നടക്കുന്ന മത്സരത്തില്‍ പെട്ടുപോയവരാണ് ഈ മൂന്നുപേരും ഇവരെപ്പോലെ അനേകരും.

ഒരു ക്ലിക്കില്‍ അതിവിശാലമായ അശ്ലീല പ്രപഞ്ചമാണ് ഇന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മുന്നില്‍ എത്തുന്നത്.

ഒളിഞ്ഞുനോട്ടക്കാരന്‍ വമ്പനൊരു വ്യഭിചാരശാലയുടെ ചേര്‍ത്തടച്ച ജാലകത്തില്‍ പ്രതീക്ഷിക്കുന്ന ഒരു പ്രകാശപ്പഴുതാണ് ഇന്ന് മൊബൈല്‍ ഫോണ്‍. മറ്റാരെങ്കിലും കണ്ടുപിടിച്ചു തല്ലിക്കൊല്ലുമെന്ന് ഭയക്കേണ്ടതില്ലാത്ത ഞരമ്പുരോഗി സുരക്ഷിതമായ സ്വകാര്യതയില്‍ അന്യന്റെ സ്വാകാര്യതയിലേക്കു കടന്നുചെല്ലുന്നു. വാര്‍ത്തയായി പോലും പോണ്‍ അവനെത്തിച്ചുക്കൊടുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. അനാരോഗ്യകരമായ ഈ പ്രവണത എന്ന് മലയാളി വാര്‍ത്താലോകത്തില്‍ ഉച്ചസ്ഥായിയില്‍ എത്തില്‍ക്കുകയാണ്. കാമ്പുള്ള വാര്‍ത്തകള്‍ നല്‍കി മുന്നേറുന്നതില്‍ വൈമുഖ്യം കാണിക്കുന്ന മാധ്യമങ്ങള്‍ തുണ്ടുപടത്തിന്റെ നിലവാരത്തിലും താഴുന്നു. ഓരോ പീഢനവാര്‍ത്തയിലും ഒളിച്ചോട്ടത്തിലും മരണത്തിലും രതി മാത്രം തിരയുന്നു. ഇരകളെ വീണ്ടും ചൂണ്ടയില് കൊരുത്ത് നമുക്ക് മുന്നിലേക്ക് വലിച്ചെറിയുന്നു.

ആവശ്യപ്പെടാതെതന്നെ നമ്മള്‍ ഓരോരുത്തരിലേക്കും അശ്ലീലം വാര്‍ത്തയുടെ രൂപത്തില്‍ കടന്നുവരുന്നു. നമ്മള്‍ സ്ത്രീയെ കച്ചവടച്ചരക്കായി കാണണം എന്ന് ഒരു നൂറാവര്‍ത്തി മാധ്യമങ്ങള്‍ നമ്മളോടു പറയുന്നു. 33 ശതമാനം വനിതാസംവരണം ആവശ്യപ്പെട്ട് എഡിറ്റോറിയല്‍ എഴുതുന്ന പത്രം തന്നെ സ്ത്രീശരീരത്തിന്റെ അഴകളവുകളിലൂടെ ഓണ്‍ലൈനില്‍ അപഥസഞ്ചാരം നടത്തുന്നു. പെണ്ണ് ശരീരമാണെന്നും സ്ഥാനം തെറ്റിയ വസ്ത്രം മുതല്‍ ഫെയിസ്ബുക്കിലിട്ട ചിത്രം വരെ പുരുഷനു ഭോഗിക്കാനുള്ള ക്ഷണപത്രമാണെന്ന് നൂറാവര്‍ത്തി പറഞ്ഞുറപ്പിക്കുന്നു.

സൈബറിടം വാര്‍ത്തയുടെ അന്തസിന്റെ ഖബറിടമാകുന്ന കാഴ്ച്ചയാണ് ഓണ്‍ലൈന്‍ മഞ്ഞനേരങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്. പതിയെ പതിയെ, ഞരമ്പുരോഗികളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഈ പ്രവണത. ദുരന്തം എന്തെന്നാല്‍. പതിവുപോലെ, ഇവിടെയും പെണ്ണും അന്തസുള്ള ആണും തന്നെയാണ് ഇരകളാകുന്നത് എന്നതാണ്.

അതുകൊണ്ട്, പ്രിയപ്പെട്ട ഓണ്‍ലൈന്‍ മഞ്ഞ എഡിറ്റര്‍ അറിയുന്നതിനായി ചില കാര്യങ്ങള്‍ പറയുകയാണ്...

1. നഗ്‌ന സെല്‍ഫികള്‍ ജീവിതം തകര്‍ക്കുന്നത് എങ്ങനെയെന്ന് എനിക്ക് കാണണ്ട.
2. പാതിരാത്രിയില്‍ വാട്ട്സ്ആപ്പില്‍ കയറിയ കോളെജ് വിദ്യാര്‍ഥിനിയെ കാത്തിരുന്നത് എന്താണെന്ന് അറിയാന്‍ എനിക്ക് യാതൊരു വിധത്തിലും താല്‍പര്യം ഇല്ല.
3. 37കാരിയായ കോട്ടയത്തെ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടിയതെന്തിനെന്നത് എന്റെ ജീവിതത്തെ ഒരുവിധത്തിലും സ്പര്‍ശിക്കുന്നില്ല.
4. കിടപ്പറയില്‍ മികച്ച പങ്കാളിയാകാന്‍ 7 വിദ്യകള്‍ അറിയുന്നതിനല്ല ഞാന്‍ വാര്‍ത്താ പോര്‍ട്ടല്‍ പിന്തുടരുന്നത്.
5. സിനിമയില്‍ അഭിനയിക്കാന്‍ കിടപ്പറയിലേക്കു ക്ഷണിച്ച സംവിധായകനോട് യുവനടി പറഞ്ഞത് എന്തെന്ന് പൊലീസിനോടാണ് പറയേണ്ടത്, എന്നോടല്ല.

ഈ പറഞ്ഞ മാതൃകയിലെ തലക്കെട്ടുകളില്‍ കുരുങ്ങി, ന്യൂസ് ഫീഡ് നിറയുന്ന അശ്ലീലവാക്യങ്ങളില്‍ മനംമടുത്ത്, നീലക്കടലില്‍ മുങ്ങുന്ന ഒരു സാധാരണ മലയാളിയാണ് ഞാന്‍.

ശ്ലീല-അശ്ലീല വേര്‍ത്തിരിവിനോ, സദാചാര വ്യാഖ്യാനങ്ങള്‍ക്കോ തയാറാകാതെതന്നെ പറയട്ടെ, ഇതല്‍പ്പം കടന്നുപോയി മിസ്റ്റര്‍ എഡിറ്റര്‍...

Read More >>