63-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം; 'ബാഹുബലി' മികച്ച ചിത്രം

ന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.250 കോടി മുതല്‍ മുടക്കില്‍ രാജമൌലി സംവിധാനം ചെയ്ത് പ്രഭാസ് നായക വേഷത്തില്‍...

63-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം;

BAHUBALIന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

250 കോടി മുതല്‍ മുടക്കില്‍ രാജമൌലി സംവിധാനം ചെയ്ത് പ്രഭാസ് നായക വേഷത്തില്‍ എത്തിയ 'ബാഹുബലി'യാണ് മികച്ച ചിത്രം. റാണ ദഗുപതി, നാസര്‍, സത്യരാജ്, രമ്യാ കൃഷ്ണന്‍, തമന്ന, അനുഷ്ക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങും.

സുചിത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത 'പീക്കു'വിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള പുരസ്ക്കാരം നേടി. നാല് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ജേതാവ് എന്ന റെക്കോര്‍ഡ്‌ ഇതോടെ ബിഗ്ബിയ്ക്ക് സ്വന്തമായി.


ആനന്ദ് എല്‍ റോയ് സംവിധാനം ചെയ്ത 'തനു വെഡ്സ് മനു'വിലെ അഭിനയത്തിന് കങ്കണ റണോട്ട് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച നടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കി. വികാസ് ഭാല്‍ സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കഴിഞ്ഞ വര്‍ഷം കങ്കണ അവാര്‍ഡിന് അര്‍ഹയായത്.

മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 'ബാജിറാവോ മസ്താനി'യിലൂടെ സഞ്ജയ്‌ ലീല ബന്‍സാലി സ്വന്തമാക്കി. ജനപ്രിയ ചിത്രമായി സല്‍മാന്‍ ഖാന്‍ നായകനായ 'ബജ്രംഗി ഭായിജാന്‍' തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തപ്പോള്‍ ഉത്തര്‍പ്രദേശ്‌, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ആസാമില്‍ നിന്നുള്ള 'ഓട്ടോ ഡ്രൈവര്‍' തിരഞ്ഞെടുക്കപ്പെട്ടു.

സലിം അഹമ്മദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ 'പത്തേമാരി' മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി. വെട്രിമാരന്‍റെ സംവിധാനത്തില്‍ മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'വിസാരണ'യിലെ അഭിനയത്തിന് സമുദ്രക്കനി മികച്ച സഹനടനുള്ള പുരസ്കാരവും നേടി.

മലയാളത്തില്‍ നിന്നും അലിയാര്‍, നീലന്‍, ക്രിസ്റ്റോ ടോമി എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍ മികച്ച വിവരണത്തിനുള്ള അവാര്‍ഡും, 'അമ്മ'യുടെ സംവിധായകന്‍ നീലന്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയപ്പോള്‍ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി' മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീതത്തിനുള്ള അവാര്‍ഡ്‌ 'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ എം ജയചന്ദ്രന്‍ സ്വന്തമാക്കി. ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച 'കാത്തിരുന്നു കാത്തിരുന്നു' എന്ന ഗാനമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്‌ ഇളയരാജയ്ക്ക് ലഭിച്ചു.

'ബെന്‍' എന്നാ ഫീച്ചര്‍ സിനിമയിലെ അഭിനയത്തിന് ഗൌരവ് മേനോന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി. 'സു.. സു.. സുധിവാത്മീകം', 'ലുക്കാ ചുപ്പി' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. വികെ പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായക'ത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.