മനോജ്‌ കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം

പ്രശസ്ത ഹിന്ദി നടന്‍ മനോജ്‌ കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം. സുവര്‍ണ്ണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. 1960- 70 കാലഘട്ടത്തില്‍...

മനോജ്‌ കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം

manoj

പ്രശസ്ത ഹിന്ദി നടന്‍ മനോജ്‌ കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം. സുവര്‍ണ്ണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. 1960- 70 കാലഘട്ടത്തില്‍ ഹിന്ദി സിനിമയിലെ തിളങ്ങുന്ന താരമായിരുന്നു മനോജ്‌ കുമാര്‍.  ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് മനോജ്‌ കുമാര്‍ നല്‍കിയ സംഭാവനകളെ  മാനിച്ചാണ്  അദ്ദേഹത്തിന്   47- ആമത് പുരസ്കാരം നല്‍കാന്‍ തീരുമാനമായത്.

ബ്രിട്ടീഷ്  ഭരണകാലത്തെ  പാകിസ്ഥാനിലെ അബോട്ടബാദ് എന്ന സ്ഥലത്ത് 1937ലായിരുന്നു  മനോജ്‌ കുമാറിന്റെ ജനനം. ഹരി കിഷന്‍ ഗോസ്വാമി എന്നാണു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ഇന്ത്യ-പാകിസ്ഥാന്‍  വിഭജന കാലഘട്ടത്തില്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്കു കുടിയേറിയ അദ്ദേഹം  ഡല്‍ഹി ഹിന്ദു കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം 1957ല്‍ 'ഫാഷന്‍' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചിത്രം ഒരു പരാജയമായിരുന്നു. 1960ല്‍ പുറത്തിറങ്ങിയ 'കാന്ച് കി ഗുടിയ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ജനങ്ങളുടെ ഇടയില്‍ ആദ്യമായി  ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ' ക്രാന്തി' , 'ഹരിയാലി ഓര്‍ രാസ്തേ' , 'ഹിമാലയ കി ഗോഡ് മേം' , 'വോ കോന്‍ ഹേ' എന്നീ ചിത്രങ്ങള്‍ മനോജ്‌ കുമാറിനെ ഹിന്ദി ചലച്ചിത്രലോകത്തു ഒരു സൂപ്പര്‍ താരമാക്കി മാറ്റി.


1965ല്‍ ഭഗത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'ഷഹീദ്' എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു. തുടര്‍ന്ന് അന്നത്തെ പ്രധാന മന്ത്രി  ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ആവശ്യപ്രകാരം 'ജയ് ജവാന്‍ ജയ് കിസ്സാന്‍' എന്ന മുദ്രാവാക്യത്തെ ആധാരമാക്കി  'ഉപ്കാര്‍' എന്ന ചിത്രം മനോജ്‌ കുമാര്‍ നിര്‍മ്മിക്കുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ നായകവേഷം കൈകാര്യം ചെയ്തതും. ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു നാഴികക്കല്ലാകുകയും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. ചിത്രത്തിലെ 'മേരെ ദേശ് കി ധര്‍ത്തി' എന്ന ഗാനം ഇന്നും ഇന്ത്യക്കാരുടെ മനസ്സില്‍ മറക്കാനാകാത്ത ദേശ ഭക്തി ഗാനമായി നിലനില്‍ക്കുന്നു.

ദേശഭക്തി വിഷയമാക്കിയ നിരവധി ചിത്രങ്ങള്‍ പിന്നെയും അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. 1992ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.