63ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌; മലയാളത്തിനും കിട്ടി '10' എണ്ണം

ന്യൂഡല്‍ഹി: ഇന്ന് 63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ- സൗഹൃദ സംസ്ഥാനമെന്ന പ്രത്യേക ജൂറി പരാമര്‍ശത്തോടൊപ്പം കേരളം സ്വന്തമാക്കിയത് അഭിമാനാര്‍ഹമായ ഒരുപിടി മികച്ച പുരസ്‌കാരങ്ങള്‍

63ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌; മലയാളത്തിനും കിട്ടി

national-film-awards-ന്യൂഡല്‍ഹി: ഇന്ന് 63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ- സൗഹൃദ സംസ്ഥാനമെന്ന പ്രത്യേക ജൂറി പരാമര്‍ശത്തോടൊപ്പം കേരളം സ്വന്തമാക്കിയത് അഭിമാനാര്‍ഹമായ ഒരുപിടി മികച്ച പുരസ്‌കാരങ്ങള്‍. മികച്ച സംഗീത സംവിധായകനും മികച്ച ബാലനടനും, മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും സഹിതം 10 പുരസ്കാരങ്ങളാണ് കേരളം സ്വന്തമാക്കിയത്.

കേരളത്തില്‍ നിന്ന് 13 ചിത്രങ്ങളാണ് കഴിഞ്ഞ തവണ ദേശീയ പുരസ്‌കാരത്തിന് അയച്ചത്. ഇത്തവണ അത് 33 ചിത്രങ്ങളായി ഉയര്‍ന്നു. രമേഷ് സിപ്പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ ശ്യാമപ്രസാദായിരുന്നു മലയാളത്തില്‍ നിന്നുള്ള പ്രതിനിധി. വിനോദ് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്.


മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നല്‍കാതെ കേരളം ജയസൂര്യയെ തഴഞ്ഞപ്പോള്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം അദ്ദേഹത്തിന് മധുര പ്രതികാരത്തിനുള്ള അവസരമായി. 'സു.. സു.. സുധി വാത്മീകം', 'ലുക്കാചുപ്പി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അംഗീകാരം. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി വികെ പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായകം' തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച പരിസ്ഥിതി ചിത്രമായി ഡോ ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികള്‍' തിരഞ്ഞെടുക്കപ്പെട്ടു.

ബെന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മോനോന്‍ മികച്ച ബാലതാരമായപ്പോള്‍ 'എന്ന് നിന്‍റെ മൊയ്തീനി'ല്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച 'കാത്തിരുന്നു...' എന്ന ഗാനത്തിലൂടെ എം ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി. മികച്ച മലയാള ചിത്രമായി സലീം അഹമ്മദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായ 'പത്തേമാരി' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള പുരസ്‌കാരം വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസം' നേടി.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി'യാണ് മികച്ച ഹ്രസ്വചിത്രം. ഇത് രണ്ടാം തവണയാണ് ക്രിസ്റ്റോയെ തേടി ദേശീയ അംഗീകാരം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 'അമ്മ' എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്ത നീലനും 'അരങ്ങിലെ നിത്യവിസ്മയം' എന്ന ഡോക്യുമെന്‍ററിയിലെ വിവരണത്തിന് പ്രൊഫ. അലിയാരും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് 'അരങ്ങിലെ നിത്യവിസ്മയം'.