അട്ടപ്പാടിയില്‍ ബെന്നി വെടിയേറ്റ് മരിച്ച സംഭവം: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

അട്ടപ്പാടി: അട്ടപ്പാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ ബെന്നി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം...

അട്ടപ്പാടിയില്‍ ബെന്നി വെടിയേറ്റ് മരിച്ച സംഭവം: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

benny

അട്ടപ്പാടി: അട്ടപ്പാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ ബെന്നി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബെന്നിയുടെ കുടുംബം.

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ബെന്നിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും ഇതുവരെ കൈമാറിയിട്ടില്ല.


2015 ഫെബ്രുവരി 12 നാണ് കള്ളമല സ്വദേശി ബെന്നി അട്ടപ്പാടി ചിണ്ടക്കിയില്‍ ഭവാനിപ്പുഴയ്ക്ക് സമീപം വെടിയേറ്റ് രക്തം വാര്‍ന്ന് മരിക്കുന്നത്. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ആരോപണം
നിഷേധിച്ച് മാവോയിസ്റ്റുകള്‍ രംഗത്തെത്തി.

സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ബെന്നിക്ക് വെടിയേല്‍ക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടുകൂടി താനും ബെന്നിയുംകൂടി മീന്‍പിടിക്കാന്‍ പോവുകയായിരുന്നെന്ന് സുഹൃത്ത് ഇടുക്കിസ്വദേശി ഷെല്ലി പോലീസിന് മൊഴി നല്‍കിയിരുന്നു.

പുഴയിലെ വെള്ളംകെട്ടിനില്‍ക്കുന്ന ഭാഗത്ത് വലവിരിക്കുന്നതിനിടയില്‍ ബെന്നിക്ക് ഫോണ്‍ വന്നെന്നും റെയ്ഞ്ച് കുറവായതിനാല്‍ നൂറുമീറ്ററോളം താഴേക്കുനീങ്ങിയ ഇയാള്‍ക്കുനേരെ പഞ്ചക്കാട് ഭാഗത്തുനിന്ന് ശക്തിയേറിയ ടോര്‍ച്ച് തെളിയിച്ചെന്നുമാണ് പോലീസിനോട് ഷെല്ലി പറഞ്ഞത്. വെളിച്ചംകണ്ട ഭാഗത്തേക്ക് ബെന്നി തിരികെ ടോര്‍ച്ചടിക്കുകയും ആരാണെന്നറിയാന്‍ അങ്ങോട്ട് നടന്നുചെല്ലുന്നതിനിടെ വലത്തെ തുടയില്‍ വെടിയേല്‍ക്കുകയായിരുന്നെന്നും ഷെല്ലി പോലീസിന് മൊഴി നല്‍കിയത്.

കല്‍ക്കണ്ടിയില്‍ സ്വകാര്യ സ്റ്റുഡിയോയില്‍ ഫോട്ടോവീഡിയോഗ്രാഫറായിരുന്നു ബെന്നി.

Read More >>