അവള്‍ വില്‍ക്കുന്നത് ശരീരമല്ല, സൗന്ദര്യമാണ്...

പലപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ടായ ഒരു ചോദ്യമാണ് ഇത്. അവര്‍ എന്താണ് ഈ വില്‍ക്കുന്നത്? പലപ്പോഴും തെരുവുകളിലെ ഒഴിഞ്ഞ മൂലകളില്‍ ഒളിഞ്ഞു നിന്ന് അവര്‍...

അവള്‍ വില്‍ക്കുന്നത് ശരീരമല്ല, സൗന്ദര്യമാണ്...

india-prostitute

പലപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ടായ ഒരു ചോദ്യമാണ് ഇത്. അവര്‍ എന്താണ് ഈ വില്‍ക്കുന്നത്? പലപ്പോഴും തെരുവുകളിലെ ഒഴിഞ്ഞ മൂലകളില്‍ ഒളിഞ്ഞു നിന്ന് അവര്‍ ചിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? അവരുടെ ആ ചിരിയെ പലപ്പോഴും പല സിനിമാക്കാരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ചിലര്‍ അവള്‍ക്ക് പണ്ട്എപ്പോഴോ നാട് വിട്ടു പോയ ഒരു ഭര്‍ത്താവിനെയും പിച്ച വച്ച് നടക്കുന്ന 2 കുട്ടികളെയും നല്‍കി, മറ്റു ചിലര്‍ അവള്‍ക്ക് ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തിന്‍റെ ശോഭ നല്‍കി. ചിലര്‍ അവളെ അഭിസാരിക എന്ന് മാത്രം വിളിച്ചു, ചരിത്രം പറയാതെ അവര്‍ അവളുടെ ചാരിത്ര്യത്തെ മാത്രം ചോദ്യം ചെയ്തു...


അവള്‍ ആരും ആയികൊള്ളട്ടെ, പക്ഷെ അവളുടെ ഈ ജീവിതത്തിനു പിന്നില്‍ ഒരു പുരുഷന്‍ ഉണ്ട് എന്ന് ഈ ക്ലീഷേ സിനിമാക്കാര്‍ പറയുന്നു. ഒന്നുകില്‍ ഒരു ഭര്‍ത്താവ്, അല്ലെങ്കില്‍ ഒരു കാമുകന്‍, ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ അത് അവളുടെ അച്ഛനോ അനുജനോ വരെയാകാം...! കഴിഞ്ഞില്ല , അഭിസാരിക എന്ന് മുദ്രകുത്തപ്പെട്ട അവളെ ഇതിന് വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന മറ്റൊരു പുരുഷന്‍ കാണും, അവരുടെ ഒമ്പത് വയസുകാരന്‍ മകന്‍. അവന് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ വേണ്ടിയും അവള്‍ക്ക് ആ ഒഴിഞ്ഞ തെരുവില്‍ നിന്ന് ചിരിക്കേണ്ടി വരുന്നു.

പണ്ട് ഞാന്‍ വായിച്ച ഒരു കഥയുടെ ശീര്‍ഷകം ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ‘ ഇരുട്ടിന്‍റെ ആത്മാവ്'. ആ കഥയും അതിലെ കഥാപാത്രങ്ങള്‍ക്കും ഇവളുമായി സാമ്യവും ഇല്ല. പക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ ഇവള്‍ അല്ലെ ശരിക്കും 'ഇരുട്ടിന്‍റെ ആത്മാവ്', കാരണം അവള്‍ ജീവിക്കുന്നത് ഇരുട്ടിന്‍റെ മറ പറ്റിയാണ്, ആവശ്യക്കാര്‍ അവളെ തേടുന്നതും ഇരുട്ടിലാണ്. അവളുടെ ആവശ്യവും ഇരുട്ടാണ്‌.

അവള്‍ എന്താണ് വില്‍ക്കുന്നത്? അവളുടെ ശരീരമോ, അതോ സൗന്ദര്യമോ? ശരീരം വിറ്റ് ജീവിക്കുന്നവള്‍ എന്ന് ലോകം അവളെ മുദ്രകുത്തുന്നു, ഒരിക്കല്‍ വിറ്റു കഴിഞ്ഞ ഒന്നും നമുക്ക് വീണ്ടും വീണ്ടും വില്‍ക്കാന്‍ സാധിക്കില്ല എന്ന മുട്ടാപോക്ക് ന്യായം മുന്നില്‍ വച്ച് കൊണ്ട് തന്നെ ഞാന്‍ പറയും അവള്‍ വില്‍ക്കുന്നത് ശരീരമല്ല, മറിച്ചു അവളുടെ സൗന്ദര്യത്തെ അവള്‍ വാടകയ്ക്ക് നല്‍കുകയാണ്. മുഷിഞ്ഞു നാറിയ കുറച്ച് നോട്ടുകള്‍ക്ക് കൈയ്യില്‍ വരുമ്പോള്‍ അവള്‍ സ്വപ്നം കാണുന്നത് മണിമാളികയല്ല, മറിച്ചു വീണ്ടും ജീവിക്കാന്‍, സമൂഹത്തിലേക്ക് തിരിച്ചു ഇറങ്ങി പോകുവാന്‍ ഒരവസരമാണ്. ഒരോ തവണയും അവളുടെ സ്വപ്നം അവസാനിക്കുന്നതും ഇരുട്ടിലാണ്.