കേരളത്തിലെ കലാലയങ്ങള്‍ക്ക്‌ ഇതെന്തുപറ്റി?

രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളില്‍ മറ്റേത് നാട്ടുകാരേക്കാളും ഒരുപടി മുന്നില്‍ ചിന്തിക്കുക്കയും പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ്...

കേരളത്തിലെ കലാലയങ്ങള്‍ക്ക്‌ ഇതെന്തുപറ്റി?

TVM5 copyരാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളില്‍ മറ്റേത് നാട്ടുകാരേക്കാളും ഒരുപടി മുന്നില്‍ ചിന്തിക്കുക്കയും പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നിട്ടും എന്തുകൊണ്ട് ജെഎന്‍യു പോലെ മറ്റനേകം കലാലയങ്ങളിലും കത്തിപ്പടരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ കേരളത്തിലെ കലാലയങ്ങള്‍ മൌനം പാലിക്കുന്നു.

ദേശീയപരമായ ഒരു പ്രശ്നത്തില്‍ കേരളം ഭാഗമാകാതെ മാറി നില്‍ക്കുന്നത് ഇതാദ്യമായിട്ടാണ്. അവിടെയാണ് കേരളത്തിലെ കലാലയങ്ങള്‍ മറ്റു കലാലയങ്ങളില്‍ നിന്നും ഇന്ന് വ്യത്യസ്തരാവുന്നത്. വളരെ സാധാരണമായ ഒരു മൌനം അസാധാരണവും അതിശക്തവും ആകുന്നു ഇവിടെ.


ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള അധികാരികളുടെ കടന്നുകയറ്റവും അടിച്ചമര്‍ത്തലും, രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള കനയ്യ കുമാറിന്‍റെ അറസ്റ്റും ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളമുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചിരിക്കുകയാണ്. പഠിപ്പ് മുടക്കിയും തെരുവിലിറങ്ങി പ്രതിഷേധിച്ചും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും അവര്‍ ഇന്ത്യയെ മുഴുവന്‍ ആശങ്കയിലാക്കുകയാണ്.

ഈ അവസ്ഥയിലാണ് കേരളത്തിലെ കലാലയങ്ങള്‍ പാലിക്കുന്ന മൌനം ശ്രദ്ധിക്കപ്പെടുന്നത്. ദേശീയ പ്രശ്നങ്ങളില്‍ ആവശ്യം ഉള്ളതെന്നോ ഇല്ലാത്തതെന്നോ നോക്കാതെ തെരുവിലിറങ്ങി സമരം ചെയ്യുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം. കലായങ്ങളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ക്ക് കേരളത്തിന്‍റെ ചരിത്രത്തെ കുറിച്ച് ഒരുപാടു പറയാനുണ്ടാവും.

പ്രീ- ഡിഗ്രി ബോര്‍ഡിനെതിരെയും, കൂണ്‍ പോലെ പൊട്ടിമുളക്കുന്ന സ്വകാര്യ കോളേജുകള്‍ക്കെതിരെയും, അന്യായമായ ഫീസ്‌ വര്‍ദ്ധനവിനെതിരെയും നമ്മുടെ കലാലയങ്ങള്‍ എത്ര മാത്രം ചൂടുപിടിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രതികരിച്ചുവെന്നും നമ്മള്‍ കണ്ടതാണ്.

ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ഒരു അദ്ധ്യായന ദിവസം പോലും നഷ്ടപ്പെടുത്താതെ പഠിക്കാനുള്ള ത്വരയോ, നാട്ടില്‍ ദിനംപ്രതി പൊട്ടിമുളക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ ക്ലാസുകള്‍ ഒഴിവാക്കാന്‍ ഇഷ്ടമില്ലാത്തതോ, ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ പഠിപ്പിസ്റ്റുകള്‍ ആയിപ്പോയതോ അല്ല ഇവിടെ അവര്‍ പ്രതികരിക്കാത്തതിന്‍റെ കാരണം. പിന്നെ എന്ത്?

കേരളത്തില്‍ ഇപ്പോള്‍ തരംഗം സോഷ്യല്‍ മീഡിയയും ട്രോളുകളുമാണ്. ഭരണകര്‍ത്താക്കള്‍ക്ക് എതിരെയും, സാമൂഹിക തിന്മകള്‍ക്കെതിരെയും, ദേശീയ അരക്ഷിതാവസ്ഥക്ക് എതിരെയും അങ്ങനെ വിഷയം എന്തുമാകട്ടെ പ്രതികരണം ആ നിമിഷം തന്നെ വന്നിരിക്കും. അത് ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ സ്റ്റാറ്റസായിട്ടും, ട്രോളായിട്ടും, വീഡിയോ ആയിട്ടും, കമന്റ്‌ ആയിട്ടും ഒക്കെ ആയിരിക്കും എന്ന് മാത്രം. അതാണോ നമ്മുടെ കലാലയങ്ങള്‍ മൌനം പാലിക്കാന്‍ കാരണം?

അതോ കേരളത്തിന്‍റെ യുവത്വം പരസ്പരബന്ധവും മനുഷത്വത്തിന്‍റെ മൂല്യങ്ങളും മറന്നുവോ? അതോ ചുറ്റും എന്താണ് നടക്കുന്നത് എന്ന് അറിയാതിരിക്കാനും മാത്രം വായനാശീലം കുറഞ്ഞോ? അതോ വെറും ബുദ്ധിശൂന്യരായി മാറിയോ? അതോ സൈബര്‍ ലോകത്ത് നിന്ന് മാത്രം പ്രതികരിക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞോ? സോഷ്യല്‍ മീഡിയ പേജുകള്‍ ജെഎന്‍യുവില്‍ നടന്ന സംഭവത്തെ അപലപിച്ചും പ്രതിഷേധിച്ചും കൊണ്ടുള്ള പോസ്റ്റുകളാല്‍ നിറയുമ്പോള്‍ നമ്മുടെ കലാലയങ്ങളിലും നഗരവീഥികളിലും സമാധാനം നിറഞ്ഞുനില്‍ക്കുകയാണ്.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയിരുന്നതും പ്രതിഷേധിച്ചതും എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ തന്നെയായിരുന്നു, പ്രധാനമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ. ഡല്‍ഹിയില്‍ ഇടതുപക്ഷ നേതാക്കള്‍ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ നേരിട്ട് ചെന്ന് കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ നേതാക്കള്‍ ഇപ്പോഴും മൌനം പാലിക്കുകയാണ്. വരുന്ന അസ്സെംബ്ളി തെരഞ്ഞെടുപ്പിന് മുന്നോടിയാണോ ഈ മൌനം എന്നും സംശയിക്കാതെ വയ്യ. മറ്റു സംസ്ഥാനങ്ങളിലൊക്കെ ബിജെപി പതിയെ പിടിമുറുക്കുമ്പോള്‍ ഇവിടെ നേതാക്കള്‍ക്ക് നെഞ്ചിടിപ്പേറുന്നത് സ്വാഭാവികം.

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സമരവീര്യം ഇരുപതാം നൂറ്റാണ്ടിലെ കോളനിവല്‍ക്കരണത്തിന് എതിരായ സമരമുഖത്ത്‌ തുടങ്ങി നമുക്ക് കാണാവുന്നതാണ്. 1950- ’60 കാലഘട്ടങ്ങളില്‍ ഇവരുടെ പ്രക്ഷോഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിലേക്ക് തിരിഞ്ഞു. പിന്നീടിങ്ങോട്ട്‌ കേരളരാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായി മാറി വിദ്യാര്‍ത്ഥി രാഷ്ട്രീയം. അതില്‍ അന്യായമായ രക്ത ചൊരിച്ചിലുകളും, ഉരുട്ടിക്കൊലകളും, നരകിച്ചു തീര്‍ത്ത ജീവിതങ്ങളും കാണാം. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റടിയില്‍ കൊല്ലപ്പെട്ട രാജന്‍റെ കേസ് തന്നെ ഏറ്റവും വലിയ ഉദാഹരണം.

എന്നാലിപ്പോള്, ബുദ്ധിജീവികളും താത്വികരും ആയ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന അദ്ധ്യാപകരും സമരമുഖത്തേക്ക് കടന്നു വരികയും അധികൃതരെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടും കേരളത്തിലെ കലാലയങ്ങള്‍ക്ക്‌ മാത്രം അനക്കമൊന്നുമില്ല. ആകെ കണ്ടത് കുറച്ചു എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മൌനജാഥ മാത്രമാണ്.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ കലാലയങ്ങളിലെ മൌനം കൂടുതല്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുക്കയും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുകയും ചെയ്യുന്നത്. വിഷമകരമാണ് നമ്മുടെ കലാലയങ്ങള്‍ ഇങ്ങനെ നിദ്രയിലാണ്ട് കിടക്കുന്നത് കാണുമ്പോള്‍. പക്ഷെ പലപ്പോഴും വിദ്യാര്‍ത്ഥി സമരങ്ങള്‍ ഉന്നതര്‍ക്ക് കാര്യം കാണാനുള്ള പ്രഹസനങ്ങള്‍ മാത്രമായിരുന്നു എന്നത് മറക്കാനും കഴിയുന്നില്ല.

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ സമൂഹത്തിന്‍റെ ഭാവിയായി മാറിയിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു... ചുവപ്പിന് 'ചുവപ്പ്' എന്നും മൌനത്തിന് 'നിശബ്ദം' എന്നും മാത്രം  അര്‍ഥമുണ്ടായിരുന്ന കാലം കടന്നു പോയിരിക്കുന്നു. ഇനിയെന്ത് എന്ന് കാത്തിരുന്നു തന്നെ കാണാം.