Umar Khalid in the time of #StandWithJNU

ഉമര്‍ ഖാലിദിനു വേണ്ടി എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നത്, എത്രത്തോളം നിങ്ങള്‍ ശത്രു എന്ന് കരുതുന്നവര്‍ക്ക് നിങ്ങളെ ഇരയാക്കാം എന്ന്...

Umar Khalid in the time of #StandWithJNU

umar-khalid-802-x-460

ഉമര്‍ ഖാലിദിനു വേണ്ടി എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നത്, എത്രത്തോളം നിങ്ങള്‍ ശത്രു എന്ന് കരുതുന്നവര്‍ക്ക് നിങ്ങളെ ഇരയാക്കാം എന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാളും സുതാര്യമായ രീതിയില്‍ 'A Country without a post office' സംഘടിപ്പിച്ച ഒമറിനെ ഭീകരവാദ സംഘടനകളോട് ബന്ധപെടുത്തിക്കൊണ്ട് ഭരണകൂടം വേട്ടയാടുമ്പോള്‍ ജെഎന്‍യു എന്നതിന്റെ 'വര്‍ഗബോധം'(#TheIdeaOfJNU') രണ്ടായി മാറുന്നുണ്ട്.

വ്യക്തിഗത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുകളിലായി ഉമറിന് വേണ്ടി വാദിക്കാന്‍, ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കാന്‍, കനയ്യയ്ക്ക് മാത്രം ജയ് വിളിക്കുന്ന കൂട്ടം മറക്കുമ്പോള്‍ അവിടെ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്നു. കരുതിക്കൂട്ടിയുള്ള ഒരു അജണ്ട ആയി കരുതാന്‍ ആവില്ലെങ്കിലും കനയ്യയെ ഞങ്ങള്‍ വിട്ടു തരാം ഭീകരവാദിയായ ഉമറിനെ ഞങ്ങള്‍ക്ക് വേണം എന്ന് തന്നെയാണ് ഭരണകൂട അജണ്ട.


ചാനലുകളില്‍ കൂടിയും, പത്ര മാധ്യമങ്ങളില്‍ കൂടിയും വളരെ 'കാവ്യാത്മകമായ' ഭാരതാംബ എന്ന ആശയത്തെ സാധാരണക്കരന്റെ ചിന്തയിലേക്ക് മണിക്കൂര്‍ വെച്ച് പ്രസരിപ്പിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു ശത്രുവിനെയും നല്‍കിയിട്ടുണ്ട്. അത് ഉമര്‍ ഖാലിദ് ആണ്, അയാള്‍ ഇസ്ലാം കൂടിയാണ് എന്ന് കൂടി പറഞ്ഞുവെക്കുമ്പോള്‍ വേട്ടക്കാരന്റെ ദൗത്യം പൂര്‍ത്തിയാവുന്നു.

സുപ്രീം കോടതി അനുശാസിക്കുന്ന നിയമസംഹിതകള്‍ക്ക് എതിരായി ഒരു പ്രവൃത്തി പോലും ഉമര്‍ ഖാലിദ് ചെയ്തിട്ടില്ല എന്നിരിക്കെയും തങ്ങളുടെ വര്‍ഗീയ നിയമാവരണം വെച്ച് ഈ വിദ്യാര്‍ത്ഥിയെ പിടികൂടാന്‍ ശ്രമിക്കുന്ന ചെയ്തിക്കെതിരെ ഇപ്പോള്‍ കനയ്യയ്ക്ക് വേണ്ടി നില കൊള്ളുന്ന ആള്‍ക്കൂട്ടം അണിനിരക്കുന്നതാണ് കെട്ടിഘോഷിക്കപെടുന്ന '#TheIdeaOfJNU' നടപ്പിലാക്കേണ്ടത്.

മുസ്ലീം മതവിഭാഗത്തില്‍ ജനിച്ചു എന്നതല്ലാതെ മതവിശ്വാസങ്ങളോട് യാതൊരു വിധേയത്വവും കാണിക്കാത്ത പുരോഗമന ചിന്താഗതിക്കാരനായ യുവാവിനെ എത്ര എളുപ്പത്തിലാണ് ഈ രാജ്യത്തെ പോലീസ് ഏജന്‍സികള്‍ തീവ്രവാദിയാക്കുന്നത് എന്നത് ഈ നാടകം തെളിയിക്കുന്നു. ന്യൂനപക്ഷത്തെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുക എന്നത് ഈ സമയത്ത് ഫാസിസത്തിനു ലഭിച്ച ആയുധമാകുമ്പോള്‍ ഭൂരിപക്ഷ താത്പര്യം സംരക്ഷിച്ചു എന്ന് വരുത്താന്‍ അവര്‍ക്ക് കനയ്യ കുമാറിലൂടെ കഴിയുന്നു.

കഥകള്‍ മെനയുന്നതില്‍ യാതൊരു പഞ്ഞവും കാണിക്കാത്ത ഡല്‍ഹി പോലീസ് ആണ് പാസ്‌പോര്‍ട്ട് ഇല്ലാത്ത ഉമറിനെ പാകിസ്താന്‍ സന്ദര്‍ശിപ്പിച്ചതും ഭീകരവാദിയാക്കിയതും. പോലീസ് നായാട്ട് ഉമര്‍ അതിജീവിചാലും അവര്‍ അടിച്ചേല്‍പ്പിച്ച വിശേഷണങ്ങള്‍ പേറി ജീവിക്കേണ്ടി വന്നേക്കും.

നാനാത്വവും ഏകത്വവും നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന, മനുസ്മ്രിതിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഉമര്‍ ഖാലിദ് അവരുടെ തത്വ സംഹിതകളില്‍ പെടാത്ത ഒരു പേരും ഊരുമുള്ള വ്യക്തിയാണ്.

ഇങ്ങനെ രാജ്യസ്‌നേഹത്തിന്റെ പേരും പറഞ്ഞു നിശബ്ദരാക്കപെട്ടവരുടെ അവകാശങ്ങള്‍ക്ക് കൂടിയാവണം ഉയരുന്ന ഓരോ മുദ്രാവാക്യവും, അല്ലാതുള്ള അനുനയത്തിന്റെ രാഷ്ട്രീയം കേവല സ്വാര്‍ഥത മാത്രമാണ്. സമാധാനപരമായി നടന്ന പരിപാടിയിലേക്ക് ഇരച്ചു കയറിയതും #ABVPexposed സംഭവിച്ചതും നാം കണ്ടതാണ്. ശത്രു യഥാര്‍ത്ഥ ഇരയെ നിങ്ങളെ ആയുധമാക്കി പിടികൂടാന്‍ ഒരുങ്ങുമ്പോള്‍ കണ്ണടച്ച് കൊണ്ട് #StandWithJNU മാത്രമാവുമ്പോള്‍ ഒറ്റപെടുന്നവര്‍ നിങ്ങള് തന്നെയാണ്, നിങ്ങളില്‍ ഉള്ളവരാണ്.

ആര്‍ത്തുവിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉമറിനും കൂടി ഏറ്റുവിളിക്കാന്‍ കഴിഞ്ഞാലെ എത്രയൊക്കെ ആത്മാര്‍ഥത ഉണ്ടെന്നു പറഞ്ഞാലും ഈ കാണുന്ന സമരപരിപാടികള്‍ക്ക് സത്യസന്ധത കൈ വരികയുള്ളൂ.

Read More >>