സോനം കപൂറിന്റെ 'നീര്‍ജ' വന്‍വിജയത്തിലേക്ക്

സോനം കപൂര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നീര്‍ജ'  വന്‍വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രം ആദ്യ ദിവസം  തന്നെ ചിത്രം 4 കോടി കളക്ഷന്‍ നേടി...

സോനം കപൂറിന്റെ

neerja

സോനം കപൂര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നീര്‍ജ'  വന്‍വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രം ആദ്യ ദിവസം  തന്നെ ചിത്രം 4 കോടി കളക്ഷന്‍ നേടി കഴിഞ്ഞു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രം സൂപ്പര്‍ താരങ്ങളുടെ  സാന്നിധ്യം ഇല്ലാതെ തന്നെ വന്‍വിജയം നേടിയിരിക്കുകയാണ്.

നായകന്‍റെ ഹീറോയിസവും നായികയുടെ ഗ്ലാമര്‍ പ്രദര്‍ശനവും ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്ന ബോളിവുഡിലെ ചില  മിഥ്യാധാരണകളെ പൊളിച്ചെഴുതിയിരിക്കുകയാണ് 'നീര്‍ജ'യിലൂടെ സംവിധായകന്‍ റാം മത്വനി.


1986ല്‍ ഭീകരര്‍ റാഞ്ചിയെടുത്ത 'പാന്‍ ആം' എന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന നീര്‍ജ ഭാനോട്ടിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ സ്വന്തം ജീവന്‍ ത്യജിക്കേണ്ടിവന്നു നീര്‍ജക്ക്. യഥാര്‍ത്ഥ സംഭവങ്ങളെയും വ്യക്തികളെയും ആസ്പദമാക്കി ബോളിവുഡില്‍ ഇതിനുമുന്‍പും ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം 'നീര്‍ജ'യെ വ്യത്യസ്തമാക്കുന്നത് അതിന്റെ സത്യസന്ധമായ തിരക്കഥയാണ്. സംഭവകഥകളെ എങ്ങനെ വിജയകരമായി വെള്ളിത്തിരയില്‍ എത്തിക്കാം എന്നതിന് ഒരു നല്ല പാഠം ആകുകയാണ് 'നീര്‍ജ'.

ജീവചരിത്ര സംബന്ധിയായ ചിത്രങ്ങള്‍ മിക്കപ്പോഴും ഒരാളുടെ ജീവിതത്തിന്റെ വെറും  പരന്ന ആഖ്യാനം  മാത്രമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണാറുള്ളത്‌. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി, തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ക്കാരെ പിടിച്ചിരുത്താന്‍ കെല്പുള്ള ചിത്രമാണ് 'നീര്‍ജ'. നടന്ന സംഭവത്തെ അതേപോലെ ലളിതമായി പ്രതിപാദിക്കുക മാത്രമാണ് ചിത്രം ചെയ്തിരിക്കുന്നത്. പക്ഷേ ഒരു തരി പോലും  അതിശയോക്തി കലരാതെ സത്യസന്ധമായി സംഭവത്തെ പുനരാവിഷ്കരിച്ചു എന്നതാണ് ചിത്രത്തിന്‍റെ വിജയം.

'നീര്‍ജ'യിലെ പ്രകടനത്തെ ചിത്രത്തിലെ നായികയായ സോനം കപൂറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ നിസ്സംശയം പറയാം. സോനം ഇതുവരെ ചെയ്ത കുട്ടിത്തം വിട്ടുമാറാത്ത  നായികാ കഥാപാത്രങ്ങളില്‍ നിന്നും ഒരുപടി ഉയര്‍ന്നു ഒരു പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളിലും സോനത്തിന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നു.

സോനത്തിനെക്കൂടാതെ നീര്‍ജയുടെ അമ്മയെ അവതരിപ്പിച്ച ശബാന അസ്മി, അച്ഛനെ അവതരിപ്പിച്ച യോഗേന്ദ്ര ടികൂ, എന്തിനേറെ, തീവ്രവാദികളായ് എത്തിയ അഭിനേതാക്കള്‍ പോലും പ്രശംസാര്‍ഹനീയമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. എയര്‍ഹോസ്റ്റസ് എന്ന തൊഴില്‍ എത്ര മാത്രം കാഠിന്യം നിറഞ്ഞതാണെന്ന് മനസ്സിലാക്കാനും ആ ജോലിയെപ്പറ്റി ഇന്നും നിലനില്‍ക്കുന്ന പല തെറ്റിധാരണകളേയും തുടച്ചുനീക്കാനും  ഈ ചിത്രം സഹായിക്കുന്നു.

ആമിര്‍ ഖാന്‍, ഹൃതിക് റോഷന്‍, സുഭാഷ്‌ ഘായ് എന്നിവരുള്‍പ്പടെ ഹിന്ദി ചലച്ചിത്രലോകത്തെ പല പ്രമുഖരും ചിത്രം കണ്ടശേഷം 'നീര്‍ജ'യെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. ഒരു പോരായ്മപോലും എടുത്ത് പറയാനില്ലാത്ത ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടും എന്നാണ് പൊതുവേ അഭിപ്രായം.