'ചുമട് ഞങ്ങളുടെ തോളിലാണ്': സാമ്പത്തിക പ്രതിസന്ധിയില്‍ സൗദി യുവത്വം ജോലി തേടുന്നു...

ആകാശം നിറയെ ഫ്ലൈറ്റുകളും, റോഡുകൾ നിറയെ xuv കളും നിറഞ്ഞ ആഡംബരം,ഇനിയും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിലാണ് സൗദി അറേബ്യ.അടുത്ത കാലം വരെ തൊഴിലില്ലായ്മ...saudi-unemployed

ആകാശം നിറയെ ഫ്ലൈറ്റുകളും, റോഡുകൾ നിറയെ xuv കളും നിറഞ്ഞ ആഡംബരം,ഇനിയും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിലാണ് സൗദി അറേബ്യ.

അടുത്ത കാലം വരെ തൊഴിലില്ലായ്മ അവര്‍ക്ക് ഒരു ഭീഷണിയായിരുന്നില്ല. സമൃദ്ധമായ എണ്ണ സമ്പത്തിൽ ചിട്ടപ്പെടുത്തിയെടുത്ത ഒരു രാജകീയ ജീവിതമായിരുന്നു സൗദികൾക്ക് കുറച്ച് കാലം മുമ്പ് വരെ ഉണ്ടായിരുന്നു.

എന്നാൽ, കാര്യങ്ങൾ ഇപ്പോൾ പഴയത് പോലെയല്ല.

ക്രൂഡ് ഓയിൽ വില തകർക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥിതിയിൽ 70% ത്തോളം വരുന്ന സൗദി യുവത്വം, അവരുടെ ഉപജീവനത്തിനായി തൊഴിൽ അന്വേഷിക്കേണ്ടതായ സാഹചര്യം സംജാതമായിരിക്കുകയാണ്.


എണ്ണ സമ്പത്ത് ആവോളം അലങ്കരിച്ച ആഡംബര ജീവിത ശൈലിയായിരുന്നു,സൗദി ജനത ശീലിച്ചു വന്നത് .

സൗദി അറേബ്യൻ സർക്കാർ, ഇതര രാജ്യങ്ങളേക്കാൾ സ്വദേശീയരെ വളരെ തലോടിയും പോന്നു.

സൗജന്യ വിദ്യാഭ്യാസവും, ആരോഗ്യപരിപാലനവും ഊർജ്ജ മേഖലയിൽ ഉദാരമായ സഹായധനവും, വിശാലമായ നികുതിയിളവുകളും അവരെ ഭൂമിയിലെ രാജാക്കൻമാരായി തന്നെ നിലനിർത്തി.


പക്ഷെ, കാര്യങ്ങൾ തലകീഴായി മറിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. ക്രൂഡ് ഓയിൽ വില $100-ൽ നിന്നും $30 ലും താഴേക്ക് ഇടിഞ്ഞപ്പോൾ, അറബ് രാജ്യങ്ങളിൽ തന്നെ ഏറ്റവും സമ്പന്നമായ, സൗദി അറേബ്യയുടെ കണക്കുകൂട്ടലുകൾ പിഴച്ചു തുടങ്ങി.

രാജ്യാന്തര വിപണിയിലെ ഈ തകർച്ച സൗദിയുടെ സമ്പദ്ഘടനയിൽ കാര്യമായ വ്യതിയാനം തന്നെ സൃഷ്ടിച്ചു.

സർക്കാർ പദ്ധതികളുടെ നടത്തിപ്പുകൾ വൈകുവാൻ തുടങ്ങി, കരം വർദ്ധിപ്പിക്കുവാനും നടപടികളുണ്ടായി. സർക്കാർ നൽകി വന്ന സൗജന്യങ്ങളിൽ പുനർചിന്തനം നടന്നു.

ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് നൽകിയിരുന്ന സബ്സിഡി 2016 ലെ ബജറ്റിൽ നിന്നും തന്നെ ഒഴിവാക്കി സൗദി സർക്കാർ ഡിസംബറിൽ വിജ്ഞാപനം ഇറക്കിയിരുന്നു.

ലോകത്തിലെ വിലപിടിപ്പുള്ള കമ്പനികളിൽ ഒന്നായ 'സൗദി അരാം കോ' എന്ന ബഹുരാഷ്ട്ര എണ്ണക്കമ്പനിയുടെ, ഷെയറുകൾ വിൽക്കുവാൻ തീരുമാനിച്ചതും വാണിജ്യ ലോകം കണ്ടു.

രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിൽ ഏറ്റവും അധികം ദുരിതത്തിലായത്  മുപ്പത് വയസ്സിൽ താഴെയുള്ള യുവതയാണ്. അവരുടെ പൂർവ്വികർ അനുഭവിച്ചു വന്ന സുഖലോലുപത  നിലനിർത്താൻ അവർ നന്നെ അധ്വാനിക്കേണ്ടതായി വന്നിരിക്കുന്നു.

"മുതിർന്ന തലമുറയ്ക്ക് കാര്യങ്ങൾ അൽപ്പം കൂടി എളുപ്പമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു കഴിയുമ്പോൾ തന്നെ അവർക്ക് സർക്കാർ ജോലി ലഭിച്ചു.. എന്നാൽ ഇന്ന് ഉന്നതമായ വിദ്യാഭ്യാസം ആവശ്യമായി വന്നിരിക്കുന്നു."

Mc. Donald ലെ ജോലിക്കിടയിൽ, 20കാരനായ അബ്ദുൾ റഹ്മാൻ പറയുന്നു.

"ചുമട് ഞങ്ങളുടെ തോളിലാണ്."

സൗദി അറേബ്യൻ രാജ്യത്തിന്റെ 90% വരുമാനവും ക്രൂഡ് ഓയിൽ വരുമാനത്തിൽ നിന്നുമാണ് ലഭിക്കുന്നത്. സർക്കാർ ജോലികളിൽ 70% സ്വദേശിയരുമാണ്. സ്വകാര്യ മേഖലയിലും, നിതാഖത്ത് നിയമം ബാധകവുമാക്കിയിരിക്കുന്നു..

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പോലും, ഭാഷയും, ടെക്നോളജിയും ഇന്നും കീറാ മുട്ടിയായി അവശേഷിക്കുന്നു എന്ന്  അവര്‍ തന്നെ അംഗീകരിക്കുന്നു.

"ഞങ്ങൾക്ക് സർട്ടിഫിക്കേറ്റുകൾ ഉണ്ട്, എന്നാൽ തൊഴിലുടമകൾ ആവശ്യപ്പെടുന്ന കമ്പ്യൂട്ടർ പരിജ്ഞാനമോ, ഭാഷാ മികവോ ഞങ്ങൾക്കില്ല.


വിശ്രമമില്ലാത്ത ജോലി പോലും സ്ഥിരമായി ഉണ്ടാവുമെന്ന പ്രതീക്ഷയില്ല. എന്നിലും മികച്ച ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ വരുന്നത് വരെ മാത്രം ഇവിടെ...

അതുകൊണ്ടുതന്നെ, ദിവസങ്ങൾക്ക് ഇപ്പോൾ ദൈർഘ്യം കൂടിയതായി അനുഭവപ്പെടും...." പുകവലിക്കുവാൻ പോലും സമയം ലഭിക്കുന്നില്ല എന്ന് അലി - അൽ- അഹമദ്  ദീർഘനിശ്വാസമെടുത്തു.

"ഞങ്ങളുടെ യൂണിവേഴ്സിറ്റികൾ, ഞങ്ങളെ പ്രഫഷണുകളാക്കിയില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന മികച്ച അക്കാഡമിക്ക് പശ്ചാത്തലമുള്ളവർ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുവാൻ തയ്യാറാകുമ്പോൾ വൻകിട കമ്പനികൾക്ക് അവർ പ്രിയങ്കരാകുന്നു."


സ്വന്തം രാജ്യത്ത്, വിദ്യാഭ്യാസപരമായ അജ്ഞത കാരണം രണ്ടാം പൗരനായി പോകുന്നതിന്റെ വേദനയുണ്ട് ആ വാക്കുകളിൽ.

നിർമ്മാണ - ആരോഗ്യ മേഖലകളിൽ അഗ്രഗണ്യർ ഇപ്പോഴും വിദേശീയരാണ്. ഉച്ചയ്ക്ക് മുമ്പേ കാലിയാകുന്ന സർക്കാർ ഓഫീസുകളിലും മാറ്റങ്ങൾ പ്രകടമായി തുടങ്ങി. വിദേശികൾ ചെയ്യുന്ന സമാന ജോലികൾക്ക്, സ്വദേശികൾക്ക്  വളരെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നു.

വിദേശികളുടെ ശമ്പളം മാസത്തിൽ $ 320 എന്ന് ആരംഭിക്കുമ്പോൾ, സൗദി പൗരൻമാർക്ക് സർക്കാർ സബ്സിഡി കൂടി ചേർത്ത് ഇത് $ 1140 ആണെന്ന് TOI റിപ്പോർട്ട് ചെയുന്നു. ഒരു വർഷം ശരാശരി 2,50,000 സൗദികൾ, തൊഴിൽ അന്വേഷകരാകുന്നുണ്ട് എന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യ പോലുള്ള രാജ്യങ്ങൾ നേട്ടമുണ്ടാക്കുന്നത് ഈ സാഹചര്യത്തിലാണ്. ഏതു ജോലി ചെയ്യുവാനുള്ള മനോഭാവവും, മികച്ച വിദ്യാഭ്യാസ പിന്തുണയും, സാമ്പത്തിക വിനിമയത്തിലെ ലാഭവും ഇന്ത്യക്കാർക്ക് തുണയായി ഏകദേശം 28 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.സൗദിയിലെ ഏറ്റവും അധികമുള്ള  പ്രവാസികളും ഇന്ത്യന്‍ പൌരന്മാരാണ്

'സ്വദേശത്തേയ്ക്ക് മടങ്ങൂ നിങ്ങൾക്ക് മാന്യമായ ജോലി ഇന്ത്യയിൽ ലഭ്യമാണ് 'എന്ന വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവന, ഇമ്പകരമാണെങ്കിലും, പ്രായോഗികമണോ എന്നതും സംശയമായി നില നില്‍ക്കുന്നു..

മലര്‍പ്പൊടിക്കാരന് ഒരിക്കലും സ്വപ്നങ്ങള്‍ക്ക് പഞ്ഞമുണ്ടാവുകയില്ലെലോ!

സുഖലോലുപമായ ജീവിതവും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമില്ലായ്മയും സൗദി ജനതയെ ഇപ്പോൾ എത്തിച്ചിരിക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടത്തിലും!

എണ്ണവിലയുടെ തകർച്ചയും, ജോലിക്കായുള്ള ആവശ്യവും ,വർദ്ധിച്ചത് സൗദിയുടെ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവാദിത്വവും ഉയർത്തുന്നു.

രാജ്യത്തിന്റെ സാമ്പത്തികനില തിരിച്ചു പിടിക്കുന്നതിനായി,മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, എന്ന മുപ്പത് വയസ്സുകാരൻ എന്തു ജാലവിദ്യയാണ് കാഴ്ച വയ്ക്കുവാൻ പോകുന്നത് എന്നാണ് യുവത കാത്തിരിക്കുന്നതും..

കിങ്ങ്ഡം ഓഫ് സൗദി അറേബ്യ പഴയ പ്രൗഡിയോടു തിരിച്ചെത്തുമെന്ന് അവർ വിശ്വസിക്കുന്നു..അവര്‍ ആഗോള എണ്ണ വിപണിയില്‍ ശ്രദ്ധിക്കുന്നു..വിദ്യാഭ്യാസം, മൂല്യമുള്ളതാക്കുന്നു...കൊട്ടാരങ്ങളില്‍ നിന്നും ഇറങ്ങി ലോകത്തെ കാണുന്നു...

Read More >>