സഞ്ജയ്‌ ദത്തിന്റെ നാടകീയമായ മടക്കയാത്ര

ദേശീയപതാകയെ സല്യൂട്ട് ചെയ്തു സഞ്ജയ്‌ ദത്ത്. 1993ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ ഉള്‍പ്പെട്ടു എന്ന കുറ്റത്തിന് യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ 5...

സഞ്ജയ്‌ ദത്തിന്റെ നാടകീയമായ മടക്കയാത്ര

dutt

ദേശീയപതാകയെ സല്യൂട്ട് ചെയ്തു സഞ്ജയ്‌ ദത്ത്. 1993ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ ഉള്‍പ്പെട്ടു എന്ന കുറ്റത്തിന് യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ 5 വര്‍ഷങ്ങളായി  തടവിലായിരുന്നു സഞ്ജയ്‌ ദത്ത്. 42 മാസത്തെ തടവിനുശേഷം  ഇന്ന് രാവിലെ യെര്‍വാദ ജയിലില്‍നിന്നും മോചിതനായ  ദത്ത് ജയില്‍മുറ്റത്ത്‌ ഉയര്‍ത്തിയിരുന്ന ദേശീയ പതാകയെ സല്യൂട്ട് ചെയ്ത ശേഷമാണ് കുടുംബാന്ഗങ്ങളോടൊപ്പം മടങ്ങിയത് . കൂടാതെ  ജയിലിലെ ഗാര്‍ഡുകളെയും അദ്ദേഹം സല്യൂട്ട് ചെയ്യുകയുണ്ടായി.


തുടര്‍ന്ന് അല്‍പസമയം  മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും  നല്‍കിയ ശേഷമാണ്  സഞ്ജയ്‌ ദത്ത് തന്‍റെ  പത്നി മാന്യത ദത്ത്, അടുത്ത സുഹൃത്ത് രാജ്കുമാര്‍ ഹിരാനി എന്നിവരോടൊപ്പം മുംബൈയിലേക്ക് മടങ്ങിയത്.

സ്വാന്തന്ത്ര്യത്തിലേക്കുള്ള പാത ഒട്ടും എളുപ്പമല്ല എന്നാണു ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍  തന്നെ വളഞ്ഞ മാധ്യമങ്ങളോട് സഞ്ജയ്‌ ദത്ത് അഭിപ്രായപ്പെട്ടത്. കൂടാതെ ആരാധകര്‍ നല്‍കിയ പിന്തുണയും സ്നേഹവുമാണ് തനിക്കു ശക്തി പകര്‍ന്നതെന്നും അവരോടു നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് സഞ്ജയ്‌ ദത്തിന്റെ ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സ് ആണെന്നും അതില്‍ അദ്ദേഹം തിളങ്ങും എന്നുമാണ് ദത്തിന്റെ അടുത്ത സുഹൃത്തായ രാജ്കുമാര്‍ ഹിരാനി മാധ്യമങ്ങളോട് പ്രതികരിച്ചത്. സഞ്ജയ്‌ ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഹിരാനി.