'സാലാ ഖദ്ദൂസ്' വിജയത്തിലേക്ക്

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിനും ഉത്തരേന്ത്യന്‍ സിനിമാ ലോകത്തിനും ഒരേപോലെ പ്രിയങ്കരനായ നടന്‍ മാധവന്‍ മറ്റൊരു കലാമൂല്യമുള്ള ചിത്രവുമായി പ്രേക്ഷകരുടെ...

saala copyതെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിനും ഉത്തരേന്ത്യന്‍ സിനിമാ ലോകത്തിനും ഒരേപോലെ പ്രിയങ്കരനായ നടന്‍ മാധവന്‍ മറ്റൊരു കലാമൂല്യമുള്ള ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക്‌.  രാജ്കുമാര്‍ ഹിരാനി നിര്‍മ്മിച്ച്‌ സുധ കൊന്ഗാര തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ  ദ്വിഭാഷാ ചിത്രം 'ഇരുദി സുട്ര്' എന്ന പേരിലാണ് തമിഴില്‍ ഇറങ്ങിയത്‌. കഴിഞ്ഞ വാരം തീയറ്ററുകളില്‍ എത്തിയ ‘സാലാ ഖദ്ദൂസ്’ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.


തന്‍റെ പ്രൊഫഷണല്‍ ബോക്സിംഗ് ജീവിതത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ബോക്സിംഗ് അസ്സോസ്സിയേഷന്‍റെ കീഴില്‍ ബോക്സിംഗ് പരിശീലകനായി പ്രവര്‍ത്തിക്കേണ്ടി വരുന്ന ആദി തോമാര്‍ എന്ന കഥാപാത്രത്തെയാണു മാധവന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അസോസിയേഷന്‍ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ആദിയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുന്നിടത്തു കഥ ആരംഭിക്കുന്നു. അവിടെ വെച്ച് മാധി എന്ന  പെണ്‍കുട്ടിയെ ശിഷ്യയായി ലഭിക്കുന്നതോടെ അയാളുടെ ജീവിതം മാറുകയാണ്. തുടര്‍ന്ന് ഇരുവര്‍ക്കും തരണം ചെയ്യേണ്ടിവരുന്ന പ്രതിസന്ധികളും ഒടുവില്‍ മാധിയുടെ വിജയത്തിലേക്കുള്ള കുതിപ്പും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പുതുമുഖം റിതിക സിംഗ് ആണ് മാധിയെ അവതരിപ്പിക്കുന്നത്‌.

മുന്‍പും കായികരംഗത്തെയും കായിക താരങ്ങളുടെ ജീവിതത്തെയും ആധാരമാക്കി പല ചിത്രങ്ങളും ബോളിവുഡില്‍ ഉണ്ടാവുകയും ഇവയില്‍ ചിലതൊക്കെ വന്‍വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് തിരക്കഥാകൃത്ത് പറയുന്നു. ചിത്രത്തിലെ ചില രംഗങ്ങളില്‍ നിന്നും ഇത് വ്യക്തവുമാണ്. എന്നാല്‍ അത്തരം ചിത്രങ്ങളില്‍ നിന്നും 'സാലാ ഖദ്ദൂസി'നെ വേറിട്ട്‌ നിര്‍ത്തുന്നത് മാധവന്‍റെ ശക്തമായ പ്രകടനം തന്നെയെന്നു നിസ്സംശയം പറയാം. ആദി എന്നാ കഥാപാത്രത്തിന് വേണ്ടി തന്‍റെ രൂപത്തില്‍ മാത്രമല്ല ഭാവചലനങ്ങളിലും മാറ്റം കൊണ്ട് വരാന്‍ മാധവന് സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ അഹംഭാവം നിറഞ്ഞ പ്രകൃതവും മൂര്‍ച്ചയേറിയ സംഭാഷണ ശൈലിയും സ്വന്തമായുള്ള ആദി തോമാര്‍ എന്ന റോള്‍ മാധവന്‍റെ കൈയ്യില്‍ ഭദ്രമാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ ഈ സിനിമയിലെ അദ്ദേഹത്തിന്‍റെ അഭിനയത്തെ വിശേഷിപ്പിക്കാം. നായികയായ റിതികയും ഒരു പുതുമുഖത്തിന്‍റെ യാതൊരു പതര്‍ച്ചയുമില്ലാതെ അനായാസമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ചിത്രത്തിലെ എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം പ്രതിനായക വേഷം കൈകാര്യം ചെയ്ത സാക്കിര്‍ഹുസൈന്‍റെതാണ്.

സാങ്കേതിക തലത്തിലും ചിത്രം മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഓരോ വിഷ്വലുകളും എഡിറ്റിങ്ങും എല്ലാം പ്രശംസനീയമാണ്. എന്നാല്‍ ചില പോരായ്മകള്‍ എടുത്ത് പറയാതെ വയ്യ. സംഭാഷണങ്ങളില്‍ ചിലയിടത്തെങ്കിലും അതിഭാവുകത്വം കലരുന്നുണ്ട്. കൂടാതെ തമിഴ് സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ചില താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. ചില അഭിനേതാക്കളുടെ പ്രകടനവും അത്ര വിശ്വസനീയമല്ല എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ചെറിയ പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു മികച്ച എന്റര്‍ടെയ്നര്‍ എന്ന് തന്നെ 'സാലാ ഖദ്ദൂസ്സി'നെ വിശേഷിപ്പിക്കാം.