തനിക്കെതിരെ നടക്കുന്ന കൊലവിളിക്ക് പിന്നില്‍ ആര്‍എസ്എസ്: സിന്ധു സൂര്യകുമാര്‍

കഴിഞ്ഞ 3 ദിവസമായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും കൊലവിളിക്കും പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിന്ധു സൂര്യകു...

തനിക്കെതിരെ നടക്കുന്ന കൊലവിളിക്ക് പിന്നില്‍ ആര്‍എസ്എസ്: സിന്ധു സൂര്യകുമാര്‍

sindhu image

കഴിഞ്ഞ 3 ദിവസമായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും കൊലവിളിക്കും പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിന്ധു സൂര്യകുമാര്‍. ഏഷ്യനെറ്റിന് അനുവദിച്ച "ന്യൂസ് അവറിലും പിന്നീടും നടന്നതെന്ത്; സിന്ധു സൂര്യകുമാറിന് പറയാനുള്ളത്" എന്ന അഭിമുഖത്തിലാണ് സിന്ധു സൂര്യകുമാര്‍ ഇങ്ങനെ പറഞ്ഞത്. "ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം, അവരുടെ ഗ്രൂപ്പുകളില്‍, ഈ മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് നിരവധിപേര്‍ എന്നെ വിളിച്ച് പറയുന്നുണ്ട്. അവരുടെ ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണ് ഇത് പ്രചരിക്കുന്നത്," സിന്ധു സൂര്യകുമാര്‍ പറയുന്നു.


വെള്ളിയാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പ്രക്ഷേപണം ചെയ്ത ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍ 'ദുര്‍ഗാ ദേവി'യെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിഎന്ന് ആര്‍എസ്എസ്/ ബിജെപി പ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക്‌ കൂട്ടായ്മകളിലും മെസ്സേജ് പ്രചരിച്ചിരുന്നു. സിന്ധു സൂര്യകുമാറിനെ വിളിക്കുക എന്ന നിര്‍ദ്ദേശത്തോടൊപ്പം അവരുടെ ഫോണ്‍ നമ്പരും മെസ്സേജില്‍ ചേര്‍ത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരങ്ങളാണ് സിന്ധു സൂര്യകുമാറിനെ വിളിച്ചു അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.

യഥാര്‍ത്ഥത്തില്‍ 'ദുര്‍ഗാ ദേവി'യെ കുറിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ വിവാദ പരാമര്‍ശം പലവട്ടം ചാനല്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചത് ബിജെപി നേതാവ് വിവി രാജേഷാണ്. ഇത് മറച്ചു വച്ചാണ് സിന്ധു ഇത്തരമൊരു പരാമര്‍ശം നടത്തി എന്ന രൂപത്തില്‍ ആര്‍എസ്എസ്/ ബിജെപി പ്രവര്‍ത്തകര്‍ ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കൊലവിളി നടത്തുന്നത്.

"ചര്‍ച്ചക്കിടെ, ബിജെപി നേതാവ് വിവി രാജേഷ്, 'ദുര്‍ഗാ ദേവി' സെക്‌സ് വര്‍ക്കറാണെന്ന് ലഘുലേഖയില്‍ ഉണ്ടെന്നും അത് പ്രചരിപ്പിച്ചു എന്നുമുള്ള സ്മൃതി ഇറാനിയുടെ പരാമര്‍ശം പല വട്ടം ആവര്‍ത്തിച്ചു. എന്നാല്‍, ഒരു തവണ പോലും ആ പരാമര്‍ശം ഞാന്‍ ഉദ്ധരിച്ചിട്ടില്ല. മാത്രമല്ല, ന്യൂസ് അവറെന്നോ ചര്‍ച്ചയെന്നോ ഒന്നും അറിയാതെയാണ് ഈ തെറിവിളി. എന്നിട്ട് , നിങ്ങള്‍ ഫേസ്ബുക്കില്‍ 'ദുര്‍ഗാ ദേവി'ക്കെതിരെ പോസ്റ്റിട്ടിട്ടില്ലേ? നിങ്ങള്‍ 'ദുര്‍ഗാ ദേവി'ക്കെതിരെ വാട്ട്‌സ്ആപ്പില്‍ മെസേജ് ഇട്ടിട്ടില്ലേ എന്നൊക്കെയാണ് ചോദ്യം,"സിന്ധു സൂര്യകുമാര്‍ വിശദീകരിച്ചു.

രാജ്യം മുഴുവന്‍ അസഹിഷ്ണുതയെ കുറിച്ച് ഗൌരവമായ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി/ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഒരു മാധ്യമ സ്ഥാപനത്തിനും അതിലെ ഏറ്റവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്നെ അസഹിഷ്ണുതയുടെ ഇരയാകേണ്ടി വരുന്നത്.