മഴവില്ലിൻ മലർ തേടിയ രാജഹംസങ്ങൾ...

കമ്പനി പ്രമോഷൻ നേടി ബോംബേയ്ക്ക് പറന്ന അനിലിനെ (മുകേഷ്) അസൂയപ്പെടുത്താൻ ശ്യാം (മോഹൻലാൽ) ഒരു വഴിയെ കണ്ടെത്തിയിരുന്നുള്ളൂ. ഗഗന സുന്ദരികളുമായി ഒരു...

മഴവില്ലിൻ മലർ തേടിയ രാജഹംസങ്ങൾ...

air-india-attendants-afp

കമ്പനി പ്രമോഷൻ നേടി ബോംബേയ്ക്ക് പറന്ന അനിലിനെ (മുകേഷ്) അസൂയപ്പെടുത്താൻ ശ്യാം (മോഹൻലാൽ) ഒരു വഴിയെ കണ്ടെത്തിയിരുന്നുള്ളൂ. ഗഗന സുന്ദരികളുമായി ഒരു വൃന്ദാവനം സൃഷ്ടിക്കുക. ഡിക്കമ്മായിയുടെയും (സുകുമാരി) ഡ്രൈവർ കുട്ടപ്പന്റെയും (മണിയൻപിള്ള രാജു)  സഹായത്തോടെ അങ്ങനെ ഘനശ്യാമ മോഹനകൃഷ്ണനായി ,ഒരേ സമയം മൂന്നു എയർഹോസ്റ്റസുമാരുമായി പ്രണയബന്ധം സൂക്ഷിക്കുവാൻ, നന്നെ പാടുപ്പെടുന്ന ശ്യാമിന്റെ കഥയായിരുന്നു 1985ൽ റിലീസായ പ്രിയദർശൻ ചിത്രം 'ബോയിംഗ്‌ ബോയിംഗ്' പറഞ്ഞു തന്നിരുന്നത്.


'അവര്‍ മേഘങ്ങളേ പ്രണയിക്കുന്ന മാലാഖമാര്‍ ആയിരുന്നു...വാനില്‍ പ്രത്യക്ഷപ്പെടുന്നവര്‍,വല്ലപ്പോഴും മാത്രം മണ്ണിലേക്ക് ഇറങ്ങുന്നവര്‍...സൗന്ദര്യം എന്നാല്‍ അവരാണ്.കേരളത്തിലെ .ഒരു സാധാരണ പെണ്‍കുട്ടിക്ക് ഒരിക്കലും അവരെ പോലെയാകുവാന്‍ കഴിയില്ല...'
എയര്‍ ഹോസ്റ്റസ് എന്ന ആകാശ സുന്ദരികളെ കുറിച്ചുള്ള എഴുപതികളിലെയും എൺപതുകളിലെയും പെണ്‍കുട്ടികളുടെ ധാരണ ഇതായിരുന്നു.

ഗള്‍ഫ്‌ ഇടത്തരക്കാരുടെ സ്വപ്ന ഭൂമിയായി പരിണമിച്ചപ്പോള്‍,ആകാശ യാത്രയും കൗതുകങ്ങളുടെ ഒരു മായാലോകമായി മാറി ...ആ ലോകത്തിലെ വര്‍ണ്ണ പൂമ്പാറ്റകളായി എയര്‍ ഹോസ്റ്റസുമാരും.
ഇന്ന് പ്രാപ്യമായ ഒരു തൊഴില്‍ മേഖലയായി ഇത് മാറിയെങ്കിലും,എൺപതുകളിലെ സ്ഥിതി അതായിരുന്നില്ല. ഗ്ലാമറിന്‍റെ പരമമായ ലോകമായി അവർ വേറിട്ട്‌ നിന്നു.

ബാര്‍ബി പാവകളെ പോലെ സുന്ദരികള്‍ ആയിരിക്കണം

air

ദേവതമാര്‍ക്ക് സമമായ വശ്യ സൗന്ദര്യം, കൃത്യമായ അഴകളവുകള്‍, ആംഗലേയ ഭാഷയില്‍ നല്ല ഗ്രാഹ്യം..ഇവയൊക്കെയായിരുന്നു മേഘങ്ങളിലെ തോഴിമാരാവാന്‍ വേണ്ടിയിരുന്ന ഗുണങ്ങള്‍. ബ്യുട്ടി പാര്‍ലര്‍,ഡയറ്റിംഗ് സംസ്കാരങ്ങള്‍ക്ക് അന്ന് അധികം പ്രചാരണം ഇല്ലാത്തത് കൊണ്ടുതന്നെ , എയര്‍ ഹോസ്റ്റെസ് എന്നത് കേരളീയ പെൺകുട്ടികൾക്ക് അപ്രാപ്യമായ പകിട്ടായി നിലകൊണ്ടു.അവരുടെ വസ്ത്രസാരണത്തിലും ,ഹെയര്‍ സ്റൈലിലും ഉണ്ടായിരുന്നു പ്രത്യേകതകള്‍. വശ്യമായ മനോഹാരിത എന്നതിന്‍റെ പര്യായമായി മാറി 'എയര്‍ ഹോസ്റെസ്സ്'എന്ന പദം.

ഞങ്ങള്‍ പഠിക്കേണ്ടിയിരുന്നത് വൈനും കേക്കും വിളമ്പാന്‍ മാത്രം ആയിരുന്നു.

one

വളരെ അപകടം നിറഞ്ഞ തൊഴില്‍ സാഹചര്യത്തില്‍,ജോലി ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് പഠിക്കുവാന്‍ ഉണ്ടായിരുന്നത്,യാത്രക്കാരെ എങ്ങനെ സ്വീകരിക്കണം എന്നും, അവരേ ആതിഥ്യമര്യാദയോടെ എങ്ങനെ സേവിക്കണം എന്നുമായിരുന്നുവെന്ന് എയര്‍ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസായിരുന്ന മുംബൈ സ്വദേശിനി റീത്ത ഓർമ്മിക്കുന്നു. എന്നാല്‍ ഇന്ന് അത് അല്ല സ്ഥിതി. പുരുഷനൊപ്പം തന്നെ അംഗീകാരവും, മാന്യതയും ലഭിക്കുന്ന സാഹചര്യങ്ങൾ ഇന്നുണ്ട്.

'നീര്‍ജ ഭാനോട്ട് 'എന്ന ധീരത

neeeraja

ഗഗന സുന്ദരികള്‍ ചലിക്കുന്ന പാവകള്‍ മാത്രമാണ് എന്ന ധാരണ മാറിയത്, ഒരു പക്ഷെ നീരജ ഭാനോട്ട് എന്ന പഞ്ചാബി സുന്ദരിയുടെ ആത്മ ത്യാഗത്തിലൂടെയാണ് .1986 സെപ്റ്റംബറില്‍, വിമാനം റാഞ്ചിയ ഭീകരരില്‍ നിന്ന് അതിസാഹസികമായി യാത്രക്കാരെ എമര്‍ജന്‍സി വാതിലില്‍ കൂടി പുറത്തു കടത്തുകയും,അവരുടെ പാസ്പോര്‍ട്ടുകള്‍ സുരക്ഷിതമായി ഒളിപ്പിച്ചു വയ്ക്കുകയും, 3 കുട്ടികളെ തോക്കിന്‍ മുനയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തിട്ട്, നീരജ എന്ന ചിത്രശലഭം തന്‍റെ 23 ാംവയസ്സില്‍ മിഴിയടച്ചു. ഇന്ത്യ അന്ന് തിരിച്ചറിഞ്ഞു...ഗഗന സുന്ദരികള്‍ക്ക് നായകന്മാരാകുവാനും കഴിയുമെന്ന് .

ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്രം നല്‍കി ആദരിച്ച നീരജയുടെ കഥ 30 വര്‍ഷങ്ങള്‍ക്കിപ്പുറം റാം മാധവനി ചലച്ചിത്രമാക്കുന്നു. നീരജയുടെ വേഷം അഭിനയിക്കുന്നത് സോനം കപൂറാണ്.

വിവാഹമോ??? ഒരിക്കലും പാടില്ല...

മേഘങ്ങളോടു കിന്നാരം പറയാം, പല നാടുകള്‍ സന്ദര്‍ശിക്കാം, സാമ്പത്തികമായി നല്ല നിലവാരത്തില്‍ ജീവിക്കാം...കാര്യം ഇതൊക്കെയാണെങ്കിലും, ചില പിന്തിരിപ്പന്‍ നയങ്ങളുമുണ്ടായിരുന്നു എയര്‍ അറ്റൻഡൻഡ് ജോലിക്ക് പിന്നില്‍. വിവാഹിതയായാല്‍ ജോലി നഷ്ടപ്പെടും എന്നുള്ളതായിരുന്നു അതില്‍ പ്രധാനം (ദേവദാസികളുടെ ജീവിതത്തിന്നു സമാനമായ ഏകാന്തത...).അല്ലെങ്കില്‍ ഗ്രൌണ്ട് സ്റ്റാഫായി മാറ്റപ്പെടും. പുരുഷന്മാരായ ആകാശസേവകര്‍ക്ക് ഇത് ബാധകവുമായിരുന്നില്ല.
1979 ല്‍ അനുകൂലമായ കോടതി വിധി നേടിയതിനു ശേഷമാണ് ഈ നിയമത്തിനു മാറ്റം വന്നത്.

സൗന്ദര്യം,സൗന്ദര്യം സൗന്ദര്യം മാത്രം..

d7d9760fce5ee6c9077b2da84c9335bb

മുഖകുരു ഉണ്ടാവുകയോ, കണ്ണാടി ധരിക്കേണ്ടി വരികയോ,ചര്‍മ്മം ഇരുളുകയോ ചെയ്താലും സമാനമായ തിക്താനുഭവങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. കാബിന്‍ റാങ്കില്‍ നിന്നുമുള്ള പ്രൊമോഷനും അവര്‍ക്ക് നല്‍കിയിരുന്നില്ല. അതൊക്കെയും, പുരുഷന്മാര്‍ക്ക് മാത്രം കൈകാര്യം ചെയ്യാവുന്ന കര്‍ത്തവ്യങ്ങളായി ഈ അടുത്ത കാലം വരെ നില നിന്നിരുന്നു എന്ന് വിവരിക്കുമ്പോൾ അൽപ്പം ആശ്ചര്യപ്പെടാതെ തരമില്ല. 2006ല്‍ കോടതിയില്‍ നിന്നും അനുകൂല വിധി നേടിയാണ്‌ വിരമിക്കാന്‍ 3 വര്‍ഷം മാത്രം ശേഷിക്കെ താന്‍ ഫ്ലൈറ്റ്-ഇന്‍-ചാര്‍ജ് തസ്ഥികയിലെത്തിയതെന്നു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥ ആയിരുന്ന ചിക്ലിവാല പറഞ്ഞു.

മറന്നു വച്ച സ്വപ്നങ്ങളില്‍ ഇവയും

ആകാശ സേവനത്തിന് ആഗ്രഹിക്കുന്ന ഹിന്ദു പെൺകുട്ടികൾക്കായിരുന്നു മലയാളക്കരയിൽ അന്ന് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഭാഗമാണ് ഈ ഗ്ലാമർ ജോലിയെന്നും , അവിവാഹിതയായി എന്നും കഴിയേണ്ടിവരുമെന്നും, ആകാശത്ത് അപകട സാധ്യതകൾ ഏറെയാണെന്നും ഉള്ള മനോവ്യഥ പകർന്ന് തല്ലിക്കെടുത്തിയ പെൺ സ്വപ്നങ്ങൾ പക്ഷെ ഇന്ന് ദുർബലമല്ല.

the-girl-of-your-dreams
ഏതൊരു പെണ്‍കുട്ടിയുടെയും മോഹമാണ് ഈ ഉദ്യോഗം. ഗ്ലാമറിന്‍റെ ഈ ലോകത്തിലേക്കുള്ള അഭിനിവേശം ഇന്നും ഒളി മങ്ങാതെ തന്നെയുണ്ട്‌. സ്വകാര്യ വിമാന കമ്പനികളുടെ കടന്നു വരവോടെ , കൂടുതല്‍ സാധ്യതകളുമായി, കൂടുതല്‍ സ്വാതന്ത്ര്യത്തോടെ...

വാലറ്റം: 1985 ല്‍ പുറത്തിറങ്ങിയ 'കഥ ഇത് വരെ' എന്ന ചിത്രത്തിലെ, നായിക സുഹാസിനി എയര്‍ഹോസ്റ്റസായി വേഷമിട്ടപ്പോള്‍, കേരളീയ യുവത്വം കൂടുതല്‍ ആരാധനയോടെ ആ പ്രൊഫഷനെ ശ്രദ്ധിക്കുവാനും,മോഹിക്കവാനും ആരംഭിച്ചു. പൈലറ്റായ മമ്മൂട്ടിയും, എയര്‍ഹോസ്റെസ്സായ സുഹാസിനിയും തമ്മിലുള്ള പ്രണയം എയര്‍പോര്‍ട്ട് പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടപ്പോള്‍, മനസ്സില്‍ അന്ന് സൃഷ്ടിച്ച ഓളങ്ങള്‍ ഇന്നും അവശേഷിക്കുന്ന ഓര്‍മ്മകളില്‍ മിഴിവോട് കൂടി തന്നെയുണ്ട്‌.ചിരിക്കുന്ന കണ്ണുകള്‍ ഉള്ള ആ നായികയായി സ്വയം സങ്കല്‍പിച്ച ചിലരെങ്കിലും യുവത്വത്തിന്‍റെ സായാഹ്നത്തില്‍ ഇവ ഇപ്പോള്‍ ഓര്‍മ്മിക്കുന്നുമുണ്ടാവും.katha


"മഴവില്ലിന്‍ മലര്‍ തേടി...
മണി വാനിന്‍ അതിര്‍ തേടി....ഒരു രാജ ഹംസമോ...."