മോഹന്‍ലാലിനൊരു മറുപടി

പ്രിയപ്പെട്ട മോഹൻലാൽ ......താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ പല കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങളുമുണ്ട് .1. ലാൻസ് നായിക് ബി സുധീഷിന്റെ...

മോഹന്‍ലാലിനൊരു  മറുപടി

complete

പ്രിയപ്പെട്ട മോഹൻലാൽ ......

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ പല കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങളുമുണ്ട് .
1. ലാൻസ് നായിക് ബി സുധീഷിന്റെ വീരമരണവും JNU വിദ്യാർത്ഥികൾ ഉയർത്തിപ്പിടിക്കുന്ന ചോദ്യങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണ് എന്നു മനസ്സിലാകുന്നില്ല . അദേഹത്തെ ഈ നാടു മുഴുവൻ ആദരിക്കുന്നു.അദ്ധേഹത്തോട് ആരെങ്കിലും അനാദരവു കാണിച്ചതായി അറിയാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഹൃദയംകൊണ്ടു പങ്കുചേരുന്നവരാണെല്ലാരും . ഒപ്പം ഹനുമന്തപ്പയേയും വീരമൃത്യു വരിച്ച എല്ലാ ധീരജവാന്മാരെയും ആദരിക്കുന്നവർ


2.  JNU സമരം മുന്നോട്ടു ഉയർത്തുന്ന വിഷയങ്ങൾ നിരവധിയാണ്. അവർ സംസാരിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുതന്നെയാണ് . അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ദുരാചാരങ്ങളിൽനിന്നും വിവേചനങ്ങളിൽനിന്നും വർണ്ണവെറികളിൽ നിന്നുമുള്ള സ്വാതന്ത്ര്യം......സ്വാഭാവികമായും ഉയർന്നു വരുന്ന ചോദ്യങ്ങൾ തന്നെയല്ലേ അവരും ചോദിക്കുന്നത് ? വാദിക്കുന്നത് ?
ഒരു തീവ്രവാദി എന്നു മുദ്രകുത്തി നമ്മുടെ നിയമവും ഭരണകൂടവും തൂക്കിലേറ്റിയ ആൾ തീവ്രവാദി ആയിരുന്നു എന്നു തെളിയിക്കാൻ മതിയായ തെളിവുകളുണ്ടോ എന്നു അവർ ചോദിക്കുമ്പോൾ, അത്തരം തെളിവുകളിലൂടെ അതു ഭരണകൂടത്തിന്റെ ശരിയായിരുന്നു എന്നു തെളിയിക്കാൻ നമ്മുടെ ഭരണകൂടത്തിനു കഴിയാതെ വരുന്നുണ്ടോ? അതൊരു വലിയ ചോദ്യം തന്നെയാണ് . നമ്മുടെ രാജ്യത്ത് കൊല്ലപ്പെടുന്ന ഏതൊരു വ്യക്തിയുടെയും കാര്യത്തിൽ നമ്മൾ ചോദിക്കുന്ന ചോദ്യത്തിനോളംതന്നെ പ്രസക്തിയുള്ളത് . ഒരു ചർച്ചയ്ക്കുപൊലും തയ്യാറാകാതെ നമ്മുടെ കുട്ടികളെ തീവ്രവാദികളെന്നും ദേശദ്രോഹികളെന്നും മുദ്രകുത്തി (അങ്ങനെ സ്ഥാപിക്കാൻ തക്ക തെളിവുകൾ പോരാഞ്ഞിട്ട് , ചില മാധ്യമങ്ങളുടെ ഒത്താശയോടെ ഇല്ലാത്തെളിവുകൾ വെട്ടിച്ചേർത്തുണ്ടാക്കി) ജയിലിലടയ്ക്കുകയാണോ ഉത്തരത്തിനു പകരം നമ്മുടെ സർക്കാർ ചെയ്യേണ്ടത്‌ ? ജനാധിപത്യത്തിൽ സർക്കാർ ചോദ്യങ്ങൾക്ക് അതീതമാണെന്നാണോ? അതാണോ താങ്കൾ പറയുന്ന സ്വാതന്ത്ര്യം? അതാണോ മുതിർന്നവർ യുവാക്കൾക്കു പഠിപ്പിച്ചുകൊടുക്കുന്ന ജനാധിപത്യം?
3. ഒരു ഭരണകൂടം കുറ്റാരോപിതൻ എന്നു വിളിച്ച ഒരാളെയും മാധ്യമപ്രവർത്തകരെയും നിയമത്തിന്റെ പരിരക്ഷ എല്ലാവർക്കും തുല്യമായി നല്കേണ്ട കോടതിയിൽ നിയമജ്ഞർ തന്നെ വളഞ്ഞിട്ടു തല്ലുന്ന കാഴ്ച തുടർന്നു കാണേണ്ടി വരുന്നു.... ഇതാണോ ജനാധിപത്യം? ഇതാണോ നമുക്കു മുന്നേ നടന്നവർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യം?

4. എല്ലാ പഴികളും യുവാക്കളുടെ തലയിൽ ചുമത്തപ്പെടുമ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമുക്ക് മറുപടിയില്ലാത്തത് എന്താണ് ? അവർ ഇന്ത്യയെ എതിർക്കുകയല്ല ഇവിടെ നിലവിലുള്ള ഭരണകൂടത്തോട് ,നീതിന്യായ നിർവ്വാഹകരോട് ചോദ്യം ചോദിക്കുകയാണ് . അവകാശങ്ങളെക്കുറിച്ചു ഓർമ്മിപ്പിക്കുകയാണ്. അതെങ്ങനെ രാജ്യവിരുദ്ധമാകും? ഈ ചോദ്യങ്ങളെല്ലാം ചിന്തിക്കുന്ന ഓരോ മനുഷ്യന്റെയും ഉള്ളിലുള്ളതാണ് . നമ്മുടെ കുട്ടികൾ നമ്മോടു ചോദ്യം ചോദിക്കുമ്പോൾ, അവർ നമുക്കു നേരെ വിരൽ ചൂണ്ടുമ്പോൾ അതിൽ കാര്യകാരണങ്ങളുണ്ടോ എന്ന് സ്വയം വിലയിരുത്തുകകൂടി ചെയ്യാതെ കുഞ്ഞുങ്ങളെ അങ്ങു തല്ലിക്കൊല്ലുമൊ? എന്നാൽ നിലവിലുള്ള ആധിപത്യപ്രവണത അതാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത് . ഇടയിൽ ആരൊക്കെയോ ഇന്ത്യാവിരുദ്ധ വാചകങ്ങൾ വിളിച്ചു എന്നരോപിച്ചു (ഇടയ്ക്ക്‌ നുഴഞ്ഞു കയറ്റക്കാർ ഉണ്ട് എന്ന് തെളിവുകൾ ലഭ്യമായിട്ടും) കിട്ടുന്നവരെയെല്ലാം രാജ്യദ്രോഹിയെന്നു മുദ്രകുത്തി അവരുടെ ഭാവിയെത്തന്നെ ഇല്ലായ്മ്മ ചെയ്യാനാണോ ഭരണകൂടം തീരുമാനിക്കുന്നത് ? ഇത്തരം അക്രമങ്ങളാണോ പോംവഴി? അങ്ങനെയാണോ നമ്മുടെ ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്നത് ? അപ്പോൾ ഈ നിയമത്തിന്റെ പരിരക്ഷ എവിടെയാണ് ?

5. താങ്കൾ പറഞ്ഞതുപോലെ നമ്മുടെ മഹത്തായ സംസ്ക്കരത്തെക്കുറിച്ചും ഇന്ത്യ അത്രമേൽ അത്ഭുതമാണ് എന്നുമൊക്കെ നമ്മുടെ കുട്ടികളോട് പറഞ്ഞു കൊടുക്കുമ്പോൾ ഈ രാജ്യത്തുതന്നെയുള്ള പല പ്രാകൃതരീതികളെക്കുറിച്ചും ജാതിമത വർണ്ണ ലിംഗവെറികളെക്കുറിച്ചും അവർ തിരിച്ചു ചോദിക്കുമ്പോൾ ഉത്തരം മുട്ടിപ്പോകില്ലേ ? അതൊരുതരം കണ്ണടച്ചിരുട്ടാക്കലാണ് . മഹത്തരമായതുണ്ട് എന്ന് അംഗീകരിക്കുമ്പോൾത്തന്നെ അത്യധികം വൃത്തികെട്ടരീതികളും നമ്മിൽ, നമ്മുടെ രാജ്യത്തിൽ നിലവിലുണ്ട് എന്നുകൂടി അംഗീകരിക്കേണ്ടി വരും.

6. ഒരച്ചൻ മകൾക്കയച്ച കത്തു മാത്രമല്ല ഇന്ത്യയെക്കുറിച്ചും മറ്റുരാജ്യങ്ങളെക്കുറിച്ചും വ്യത്യസ്ഥമായ സംസ്കൃതികളെക്കുറിച്ചുമെല്ലാം വായിക്കുന്നതു കൊണ്ടാണ് നമ്മുടെ യുവജനതയ്ക്ക് സന്ദേഹങ്ങൾ ഉണ്ടാകുന്നതും പലതിനു നേരെയും ചൂണ്ടുവിരൽ ഉയർത്തുന്നതും. കാടടച്ചു വെടിവയ്ക്കുകയല്ല . താങ്കൾ പറഞ്ഞതു പോലെ പരസ്പര ബഹുമാനമില്ലാത്തവരും വായനകളില്ലാത്തവരും ഒക്കെ കൂട്ടത്തിൽ ഉണ്ടാകാം. അത് നമ്മൾ മുതിർന്നവർ എന്നവകാശപ്പെടുന്നവരുടെ കൂട്ടത്തിലും ധാരാളമില്ലേ?

7. രാജ്യത്തെമാത്രമല്ല ലോകത്തെത്തന്നെ അധോഗതിയിലേക്കു വീഴ്ത്ത്താതിരിക്കാനും പല പുതുചിന്തകളും ചോദ്യങ്ങളും നല്ലതാണ്

8. ആരാണ് താങ്കൾ പറഞ്ഞ ശത്രു.....അയൽ രാജ്യമോ ? എന്തൊക്കെ കാരണങ്ങളാൽ രാജ്യങ്ങൾ എക്കാലവും ശത്രുക്കളായിരിക്കുന്നു? ശത്രുത എക്കാലത്തെയ്ക്കും നിലനില്ക്കേണ്ടതാണോ? അത് രാജ്യത്തിനു എന്നേയ്ക്കും നന്മയാണോ ഉണ്ടാക്കുക? മാനവരാശിക്ക് , ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഈ ശത്രുത നന്മയാണോ ഉണ്ടാക്കുന്നത്‌ ? രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ശത്രുതയാണോ ഭരണകൂടങ്ങൾ തമ്മിലുള്ള ആശയപരമായ വൈരുദ്ധ്യങ്ങളാണോ രാജ്യങ്ങളെ ശത്രുതയിലേക്കും യുദ്ധങ്ങളിലെയ്ക്കും നയിക്കുന്നത് ? അതോ വ്യക്തികൾ തമ്മിലുള്ള ശത്രുതയാണോ രാജ്യങ്ങളെ യുദ്ധത്തിലേക്കു നയിക്കുന്നത് ? അപ്പോൾ രാജ്യങ്ങളിലെ ജനങ്ങൾ തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ ബാലിയാടാവുകയല്ലേ? രാജ്യസ്നേഹങ്ങളിൽ പൊതിഞ്ഞ കൊലപാതകങ്ങൾ അല്ലേ അരങ്ങേറുന്നത്? എന്നിങ്ങനെ ശത്രു എന്നു പറയുമ്പോൾ ചോദ്യങ്ങൾ വീണ്ടും വീണ്ടും നിരവധി ഉയരും ശ്രീ. മോഹൻലാൽ.....അപ്പോൾ കരുതി വയ്ക്കേണ്ടതുണ്ട് ഉത്തരങ്ങൾ...അതിനു നമ്മൾ മുന്നോട്ടും പിന്നോട്ടും ഏറെ സഞ്ചരിക്കേണ്ടി വരും....ജയ് ഹിന്ദ്‌ എന്ന ഒറ്റ ഉത്തരം അതിനു മതിയാകാതെ വരും. ചോദ്യങ്ങളെല്ലാം ബുദ്ധിജീവി ചമയുന്ന ചിലതരം ജീവികളുടെതാണെന്ന് പറഞ്ഞൊഴിയാനും കഴിയില്ല.
നമ്മൾ പറഞ്ഞു കൊടുത്ത, ജീവിച്ചു കാണിച്ച ജീവിതത്തെക്കാളും ചിന്തകളെക്കാളും കുറേക്കൂടി വിശാലമായ ചിന്തകളിലേക്കും ഇടങ്ങളിലേക്കും സഞ്ചരിക്കുന്നവരാണ് നമ്മുടെ പലവിദ്യാർത്ഥി സമൂഹങ്ങളും. അവരെ കണ്ണടച്ചിരുട്ടാക്കി കൊഞ്ഞനംകുത്തി തടഞ്ഞു വയ്ക്കാനാവില്ല.
ചോദ്യങ്ങൾക്കുമുന്നിൽ ചർച്ചകൾ ചെയ്യാനും മെച്ചപ്പെട്ട, ലോകത്തിനു ഗുണപ്പെടുന്ന ഉത്തരങ്ങൾ കണ്ടെത്താനുള്ള സഹിഷ്ണുത തന്നെയാണ് വേണ്ടത് .പരസ്പര ബഹുമാനവും. വ്യക്തിക്കും സമൂഹത്തിനും ഭരണകൂടത്തിനും രാജ്യത്തിനും എല്ലാ രാജ്യങ്ങൾക്കും ലോകത്തിനു മുഴുവനും അതുണ്ടായേ തീരൂ.
എല്ലാ യുദ്ധങ്ങളും ലോകത്തിന്റെ ചരിത്രപരമായ തോൽവികളാണ്.
എന്റെ രാജ്യം മഹത്വത്തോടെ നിലനില്ക്കട്ടെ..ഒപ്പം എല്ലാ രാജ്യങ്ങളും എല്ലാ മനുഷ്യരും സർവ്വചരാചരങ്ങളും.....എനിക്കു തോന്നുന്നു ദേശസ്നേഹത്തേക്കാൾ വിശ്വസ്നേഹമാണ് മഹത്തരമെന്ന് .

സ്നേഹം...ബഹുമാനം .....

ആലിസ് ചീവേല്‍