രാജേഷ്‌ പിള്ളയുടെ പണി തീരാത്ത മോട്ടോര്‍ സൈക്കിള്‍ ഡയറീസും ലൂസിഫറും

അതിനു ശേഷം അദ്ദേഹം മലയാള സിനിമ ലോകത്തെ പൊന്മുട്ടയിടുന്ന സംവിധായകനായി മാറുകയായിരുന്നു

രാജേഷ്‌ പിള്ളയുടെ പണി തീരാത്ത മോട്ടോര്‍ സൈക്കിള്‍ ഡയറീസും ലൂസിഫറും

rajesh-pillai

2004ല്‍ കുഞ്ചാക്കോ ബോബന്‍-ഭാവന ജോഡികളെ പ്രധാന താരങ്ങളാക്കി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള എന്നാ സംവിധായകന്‍ മലയാളം സിനിമ ലോകത്തേക്ക് എത്തുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയമായി മാറിയപ്പോള്‍ തളര്‍ന്നു പിന്‍മാറാതെ തന്റെ അടുത്ത ചിത്രം മെഗാ ഹിറ്റാക്കണം എന്നാ വാശിയാണ് രാജേഷ്‌ പിള്ളയെ മുന്നോട്ട് നയിച്ചത്. അദ്ദേഹത്തിന്റെ ആ വാശി ചെന്ന് നിന്നതാകട്ടെ, മലയാള സിനിമയുടെ ട്രെന്‍ഡ് തന്നെ മാറ്റി മറിച്ച ട്രാഫിക് എന്നാ ചിത്രത്തിലും. മലയാള സിനിമ ലോകത്ത് 'ട്രാഫിക്കിന് മുന്‍പും' 'ട്രാഫിക്കിന് ശേഷവും' എന്ന ക്ലാസിഫിക്കേഷന്‍ വരെയുണ്ടായി.


അതിനു ശേഷം അദ്ദേഹം മലയാള സിനിമ ലോകത്തെ പൊന്മുട്ടയിടുന്ന സംവിധായകനായി മാറുകയായിരുന്നു. ട്രാഫിക്കിന് ശേഷം വന്ന മിലി, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ട- എല്ലാം രാജേഷ് പിള്ളയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍...

ഒരുപാട് സ്വപ്നങ്ങളുമായി സിനിമ ലോകത്തേക്ക് വന്ന രാജേഷ് പിള്ള വിട പറയുമ്പോള്‍ ബാക്കിയാവുന്നതും ഒരുപിടി സ്വപ്‌നങ്ങള്‍ തന്നെയാണ്.

മോട്ടോർ സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ രാജേഷ് പിള്ള  അനൗൺസ് ചെയ്തിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹം യാത്രയായി.

ട്രാഫിക്കിനു ശേഷംഅദ്ദേഹം അനൌണ്സ് ചെയ്ത ചിത്രമാണ് മോട്ടോർ സൈക്കിൾ ഡയറീസ്.  മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ ജീവിതകാലമായിരുന്നു സിനിമയുടെ പ്രമേയം. സിനിമയുടെ ലൊക്കേഷനുകളെല്ലാം അദ്ദേഹം പോയി കാണുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും പ്രധാന വേഷങ്ങളിലെത്തേണ്ടിയിരുന്ന ചിത്രം പക്ഷേ വിവിധ കാരണങ്ങള്‍ കൊണ്ട് നീണ്ടു പോയി. മോട്ടോർ സൈക്കിൾ ഡയറീസ് ഒരുപാട് ഹോംവർക്ക് ചെയ്ത് സമയം എടുത്ത് സംവിധാനം ചെയ്യേണ്ട സിനിമയായതിനാൽ അതു തൽക്കാലത്തേക്ക് മാറ്റി വച്ച് മിലി ചെയ്യാനാരംഭിച്ചു. പിന്നാലെ വേട്ടയും. വേട്ടയ്ക്കു ശേഷം ആരോഗ്യം മെച്ചപ്പെട്ടു കഴിയുമ്പോൾ മോട്ടേർ സൈക്കിൾ ഡയറീസ് ചെയ്യാനായിരുന്നു രാജേഷിന്റെ പദ്ധതി. പക്ഷെ...

ഇടയ്ക്ക് മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫർ എന്ന സിനിമയും രാജേഷ് പിള്ള ഒരുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇൗ ചിത്രത്തിനുള്ള തിരക്കഥയുടെ പണിപ്പുരയിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി മുരളി ഗോപി. എന്നാൽ ഈ സിനിമയും ഒരു സ്വപ്നമായി അവശേഷിപ്പിച്ചു കൊണ്ട് രാജേഷ്‌ ഓര്‍മയാകുന്നു.