ഈ നിയമം അത്ര പുതിയതല്ല

കഴിഞ്ഞ ഏതാനും വ൪ഷങ്ങള്ക്ക് മുമ്പ് ഡല്‍ഹി റെയ്പ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലും കേരളത്തിനകത്തും റെയ്പ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങള് ഉയ൪ന്ന്...

ഈ നിയമം അത്ര പുതിയതല്ല

nayan-thara

3fe97fde-b179-41f6-836e-b7776cf28e2a

കഴിഞ്ഞ ഏതാനും വ൪ഷങ്ങള്ക്ക് മുമ്പ് ഡല്‍ഹി റെയ്പ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലും കേരളത്തിനകത്തും റെയ്പ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങള് ഉയ൪ന്ന് വരുകയുണ്ടായി. അതേസമയം പ്രതികള്ക്ക് മരണ ശിക്ഷ കൊടുക്കണം എന്ന നിലപാടിന് സ്വീകാര്യതയും ലഭിച്ചു. കേരളത്തില് പ്രത്യേകിച്ച് സൗമ്യയുടെ വിഷയത്തിലും ഇത്തരം അഭിപ്രായം ശക്തിപ്പെടുകയുണ്ടായി.

വര്‍ഷങ്ങളായി ഇത്തരം സദാചാരങ്ങളും, മാന-അപമാന ബോധങ്ങളും, പേടിയും, സുരക്ഷിതത്വബോധവും സ്ത്രീവിരുദ്ധതയും ഊട്ടി ഉറപ്പിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ പൊതു ബോധം. ഇതിന്റെ ശക്തമായ പ്രതിഫലനമാണ് നമ്മുടെ മലയാള സിനിമകള്‍ .


ഇക്കാലമത്രയും ആണത്തത്തിന്റെ ആഘോഷമായിട്ടും സ്ത്രീവിരുദ്ധതയുടെ പര്യായമായിട്ടുമാണ് അത് നില നിന്നുപോന്നിട്ടുള്ളത്.

ഇങ്ങനെയൊക്കെയാണെങ്കിലും ന്യൂജനറേഷ൯ എന്ന പേരില് ഇറങ്ങിയ സിനിമകളുടെ ഭാഗമായി ചില പ്രതിസന്ധികളെങ്കിലും മുഖ്യധാര സിനിമകള്‍ക്ക്‌ അത് ഉണ്ടാക്കിയിട്ടുണ്ട്. അതെ സമയം പ്രാകൃതമായ യുക്തിയും നിയമവും അടിച്ചേല്‍പ്പിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുകൊണ്ടിരിക്കുന്നുണ്ട്‌ .

ഇത്തരം തിരിച്ചു കൊണ്ടുവരലാണ് ദൃശ്യം ഉള്‍പ്പെടെയുള്ള പല സിനിമകളിലും നിര്‍വഹിച്ചിട്ടുള്ളത്. ഈ ധാരയില് ഇപ്പോള് ഇറങ്ങിയ സിനിമയാണ് എകെ സാജന്‍ സംവിധാനം ചെയ്ത 'പുതിയ നിയമം'.

റേയ്പ്പിന് വധശിക്ഷയാണ് 'പുതിയ നിയമം' എന്ന സന്ദേശമാണ് സിനിമ മുന്നോട്ടു വെക്കുന്നത്. റെയ്പ്പ് ചെയ്യപ്പെട്ട ഒരു വീട്ടമ്മ അഭിമുഖികരിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന സിനിമ ഇത്തരം അക്രമങ്ങള്‍ എങ്ങനെ അവസാനിപ്പിക്കാം എന്നു കൂടി നിര്‍ദേശിക്കുന്നു; ഇര മരിക്കുക അല്ലെങ്കില്‍ വേട്ടക്കാരനെ കൊല്ലുക.

"അമ്മേ ഞാന്‍ നശിച്ചമ്മേ എനിക്കിനി ജീവിക്കേണ്ട" മുന്‍കാല സിനിമകളിലൊക്കെ നാം നിരന്തരം കേട്ടതും കേട്ട് കേട്ട് തഴമ്പിച്ചതുമായ ഡയലോഗാണിത്. ബലാല്‍സംഗം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അവളുടെ മാനം പോയി എന്നും അവള്‍ നശിച്ചെന്നും കരുതുന്ന പുരുഷാധിപത്യ ബോധത്തിന്റെ ഉല്പന്നമായിരുന്നു ഇത്തരം കഥാപാത്രങ്ങള്‍ ഇനി അഥവാ ജീവിക്കുകയാണെങ്കില്‍ കുറ്റക്കാരിയെപോലെ ജീവിക്കുക.

ഈ ചിന്ത ഇന്നും നമ്മുടെ പൊതു ബോധത്തെ ഭരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭയമാണ് ബലാൽസംഗം എന്ന ആക്രമണത്തെ, ജനാതിപത്യ വിരുദ്ധതയെ കൊടുംക്രൂര കൃത്യമായി സമൂഹം കാണുന്നതിലേക്കും മരണ ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന മുറവിളിയിലേക്ക് എത്തിക്കുന്നതും. റെയ്പ്പ് ഹിംസയും ആക്രമണവും ആയിരിക്കെത്തന്നെ അതിനെതിരെ മരണം വിധിക്കുക എന്നത് പഴയകാല നീതിയാണ്; കൊലക്ക് പകരം കൊല എന്ന രീതി.

ചിന്താമണി കൊലക്കേസ്, സ്റ്റോപ്പ്‌ വയലന്‍സ്, റെഡ് ചില്ലീസ് തുടങ്ങി റെയ്പ്പുമായി ബദ്ധപ്പെട്ട സാജ൯ സിനിമകളുടെ തുട൪ച്ചകൂടിയാണ് 'പുതിയ നിയമവും'. മനു നീതിയും സംഘി ബോധവും ചാലിച്ചെടുത്ത് അവിയല്‍ പരുവത്തില്‍ സിനിമയെ അവതരിപ്പിച്ച എകെ സാജന്‍ ഈ ചിത്രത്തില്‍ സ്ത്രീയുടെ സുരക്ഷയെ പറ്റി വ്യാകുലനാവുകയാണ്.

ഭരണകൂടവും വീട്ടമ്മയും തമ്മിലുള്ള സുരക്ഷിത ബന്ധത്തിനുള്ള പുത്തന്‍ ആശയങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ദളിതനും, കറുത്തവനും, തമിഴനും എല്ലാം അവള്‍ ശ്രദ്ധയോടെ പെരുമാറേണ്ടവരാണെന്ന് വളരെ കൃത്യമായ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെ കവിളില്‍ സ്നേഹത്തോടെ തൊടുന്ന ബസ് ജീവനക്കാരനെ വരെ മനുഷ്യനെന്ന പരിഗണന പോലും കൊടുക്കാതെ അവഹേളിക്കുന്നുണ്ട് ചിത്രത്തില്‍. തൊഴിലാളികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ഒക്കെ മോശമായി ചിത്രീകരിക്കുന്നു എന്നു മാത്രമല്ല മുടി നീട്ടിയ ന്യൂജന്‍ ചെറുപ്പക്കാരെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിയാക്കുകയുമാണ് സംവിധായകന്‍ ഇവിടെ.

ലിംഗം അറുത്തുമാറ്റി പ്രതികരിക്കുന്ന ടെസ എന്ന സ്ത്രീയെ അവതരിപ്പിച്ച സിനിമയായിരുന്നു ആഷിക് അബുവിന്‍റെ '22 FK'. അതിനെ വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നു തോന്നുമെങ്കിലും തീര്‍ത്തും പ്രതിലോമകരമാണ് 'പുതിയ നിയമ'ത്തിന്റെ രാഷ്ട്രീയം. റെയ്പ്പിന് വധശിക്ഷ കൊടുക്കണം എന്നത് പുതിയ നിയമം അല്ല അത് പ്രാകൃതമായ നിയമമാണ്. കൊലയ്ക്ക് പകരം കൊല എന്ന നീതിശാസ്ത്രം പഴയകാല യുക്തിയാണ്.  ഇതിനെയാണ് സാജന്‍ പുതിയ നിയമമായി അവതരിപ്പിക്കുന്നത്‌.