ലാഹോറിലെ ചരിത്രപ്രാധാന്യമുള്ള ജൈനക്ഷേത്രം പഞ്ചാബ് സര്‍ക്കാര്‍ നശിപ്പിച്ചു

ലാഹോര്‍: നിലവിലുള്ള കോടതിവിധിയെ മറികടന്നു ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ ചരിത്രപ്രാധാന്യമുള്ള ജൈനക്ഷേത്രം നശിപ്പിച്ചു. ഒരു വിവാദ മെട്രോ ലൈന്‍...

ലാഹോറിലെ ചരിത്രപ്രാധാന്യമുള്ള ജൈനക്ഷേത്രം പഞ്ചാബ് സര്‍ക്കാര്‍ നശിപ്പിച്ചു

jain temble

ലാഹോര്‍: നിലവിലുള്ള കോടതിവിധിയെ മറികടന്നു ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ ചരിത്രപ്രാധാന്യമുള്ള ജൈനക്ഷേത്രം നശിപ്പിച്ചു. ഒരു വിവാദ മെട്രോ ലൈന്‍ പ്രൊജക്റ്റ്‌ നടപ്പാക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം ചൊവ്വാഴ്ചയോടെ അധികൃതര്‍ തകര്‍ത്തത്.

200 അടിയ്ക്ക് താഴെ പൊക്കമുള്ള ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ നശിപ്പിക്കരുത് എന്ന ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്നാണ് പാകിസ്ഥാന്‍ പ്രവിശ്യയിലെ ഷഹബാസ് ഷരീഫിന്‍റെ അധികാരത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ നാശത്തിന്‍റെ വക്കിലായിരുന്ന ഈ ക്ഷേത്രം പൊളിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.


പ്രശസ്തമായ അനാര്‍ക്കലി ബസാറിനു സമീപം സ്ഥിതി ചെയ്തിരുന്ന ഈ ക്ഷേത്രം 1992ലെ ബാബറി മസ്ജിദ് കലാപത്തിന്‍റെ ഭാഗമായി തകര്‍ക്കപ്പെട്ടതാണ്. ലാഹോറിലെ മാലിന്യ- സംസ്കരണ കമ്പനിയുടെ ഓഫീസും ചില വ്യവസായ സ്ഥാപനങ്ങളുമാണ് അവിടെ പിന്നീട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

കോടതി ഉത്തരവിനെ മറികടന്ന് ഇതുവരെ ഷാലിമാര്‍ പൂന്തോട്ടം, ചൌബുര്‍ജി സ്മാരകം, ജിപിഓ കെട്ടിടം, മെഹറുനീസയുടെ ശവകുടീരം, ബുധു ക ആവ, ബാബാ മൌജ് ദാരിയയുടെ ശവകുടീരം, ഷാ ഷെരാ കെട്ടിടം, അവന്‍- ഇ- ഔക്കഫണ്ട്, ദായ് അംഗ ശവകുടീരം എന്നീ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ റോഡ്‌ നിര്‍മ്മാണത്തിനായി അധികൃതര്‍ നശിപ്പിച്ചു കഴിഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം പഞ്ചാബ് അസ്സെംബ്ളിയില്‍ നടത്തുന്നത്. ഷരീഫ് സഹോദരന്മാര്‍; പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഷഹബാസ് ഷെരീഫും, പൊതുജനങ്ങളെയും ചരിത്രവസ്തുക്കളെയും നോക്കാതെ റോഡ്‌നിര്‍മ്മാണത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സാമൂഹികപ്രവര്‍ത്തകനായ കമാല്‍ മുംതാസ് ഹൈക്കോടതിയെ ബന്ധപ്പെട്ടു കോടതി അലക്ഷ്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള നിവേദനം സമര്‍പ്പിച്ചു. കോടതി ഉത്തരവിനെ പോലും കണക്കാക്കാതെയുള്ള ഷെരീഫ് സഹോദരന്മാരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടണമെന്ന് അദ്ധേഹം കോടതിയോട് അപേക്ഷിച്ചു.

ഇതേസമയം, ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനത്തെ പറ്റി പുനര്‍ചിന്തിക്കണമെന്നും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും പഞ്ചാബ് സര്‍ക്കാറിനോട് പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.