ഇവിടെ മൂത്രമൊഴിക്കരുത്...

അയൽപക്കത്തുള്ള മദ്ധ്യവയസ്കനായ ഗൃഹനാഥന്റെ ലിംഗപ്രദർശനം സംബന്ധിച്ച് ,ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ 24 വയസ്സുള്ള വിവാഹിതയായ ഒരു പെൺകുട്ടിയുടെ...

ഇവിടെ മൂത്രമൊഴിക്കരുത്...

urinationഅയൽപക്കത്തുള്ള മദ്ധ്യവയസ്കനായ ഗൃഹനാഥന്റെ ലിംഗപ്രദർശനം സംബന്ധിച്ച് ,ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ 24 വയസ്സുള്ള വിവാഹിതയായ ഒരു പെൺകുട്ടിയുടെ പരാതി ലഭിച്ചു. ഓട്ടോ ഡ്രൈവറായ ഭർത്താവ് രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കും. അപ്പോഴാണ് അയൽപക്കകാരന്റെ ഈ ലീലാവിലാസങ്ങൾ. ദിവസവും കുറയാതെ മൂന്ന് പ്രാവശ്യമെങ്കിലും, അയൽക്കാരൻ ഈ അനാശാസ്യം പ്രകടിപ്പിക്കുന്നു എന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.


പരാതി ലഭിച്ച പോലീസ്, അന്വേഷണത്തിനെത്തിയപ്പോളാണ് പരാതിയുടെ മറുപുറമറിയുന്നത്. 68 വയസ്സു കഴിഞ്ഞ 'ഇദ്ദേഹ'ത്തിനു മനസ്സറിഞ്ഞു ഒന്നു മൂത്രമൊഴിക്കണമെങ്കിൽ പുറത്തിറങ്ങണം. പണ്ടു മുതൽ ഉള്ള ശീലമാണ്. മാറ്റുവാൻ പലവുരു ശ്രമിച്ചെങ്കിലും ഈ ശീലം മാത്രം മാറുന്നില്ല. കാർഷിക 'വൃത്തി'യുമായി ബന്ധപ്പെട്ട് സ്വന്തം പുരയിടം സന്ദർശിക്കുമ്പോൾ ,മൂത്രശങ്ക മാറ്റുന്നതിനെയാണ് അയൽക്കാരിക്ക് ലിംഗ പ്രദർശനമായി അനുഭവപ്പെട്ടത്.

മറുപടിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഒരു താക്കീതിൽ കേസ് പരിഹരിച്ചു - " ഇനി മേലാൽ തുറസ്സായ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കരുത്."

വ്യക്തിസ്വാതന്ത്യത്തിന് അനുവദിച്ചു കിട്ടിയിരിക്കുന്ന ആനുകൂല്യങ്ങൾ, തങ്ങൾക്ക് സൗകര്യപ്രദമായ എവിടെയും മൂത്രശങ്ക തീർക്കുവാനുള്ളതാണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട് ഏതൊരു നാട്ടിലും.കേരളത്തിൽ പ്രത്യേകിച്ചും ഇത്തരം മാനസിക വൈകല്യമുള്ളവരുടെ എണ്ണം കൂടുതലാണ്.ഇങ്ങനെയുള്ളവരോട് ഇനി ഈ മതിലുകള്‍ പറയും
..."ഇവിടെ മൂത്രം ഒഴിക്കരുത്, ഞങ്ങള്‍ തിരിച്ചും ഒഴിക്കും!


NO-PEEING-744x420

മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കന്ന കഥാപാത്രത്തിന് മൂത്രനാളം വഴി തന്നെ ഷോക്ക് ട്രീറ്റമെന്റ് കൊടുക്കുന്ന വിദ്യ നമ്മൾ 'ത്രീ ഇഡിയറ്റസ്' ('നന്മപന്‍') എന്ന ചിത്രത്തിൽ കണ്ട് ചിരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ മൂത്രശങ്കാശ്വാസത്തിന് മുതിരുന്നവര്‍ ഇനി ഒന്ന് കരുതി ഇരിക്കുന്നത് നന്നായിരിക്കും.പല രാജ്യങ്ങളിലും ഇത് തടയാന്‍  ബുദ്ധിപരമായ നീക്കങ്ങള്‍ പലതും അണിയറയില്‍ ഒരുങ്ങുന്നു.

പരസ്യമായ  'പീ' യുടെ  തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നപ്പോളാണ് ഫ്രഞ്ചുകാരനായ ഡെലാപ്പോർട്ട് നഗരസഭയെ സമീപിച്ചത്. രണ്ടു വയസ്സുള്ള മകളുമായി തെരുവിൽ കൂടി നടക്കുമ്പോൾ ഡെലാപ്പോർട്ടിന് കാണേണ്ടി വന്നത് ഒരു മദ്യപാനിയുടെ നഗ്നതാപ്രദർശനമായിരുന്നു. മൂത്രമൊഴിക്കുവാൻ വേണ്ടി തന്റെ ലിംഗ പ്രദർശനം കുറച്ച് അധികനേരമായി നടത്തിവന്ന ആ മനുഷ്യന്റെ മുന്നിൽ നിന്നും നടന്നു നീങ്ങിയ ഡെലാപോർട്ട് ചിന്തിച്ചത് ഇത്തരം മനോവൈകല്യങ്ങൾക്കുള്ള പരിഹാരമാണ്.

ജർമ്മനിയിലെ ഹാംബർഗ് പട്ടണത്തിൽ വിജയകരമായി നടപ്പിലാക്കിയ ഒരു പദ്ധതിയുമായി ഡെലാപ്പോർട്ട് നഗരസഭയ്ക്ക് മുമ്പിൽ എത്തി.പദ്ധതി മറ്റൊന്നുമല്ല, ഹൈഡ്രോഫോബിക് പെയ്ന്റ് ഉപയോഗിച്ചു മതിലുകൾ ചായം പൂശുക.

'ഹൈഡ്രോഫോബിക് പെയ്ന്റ് ചെയ്ത മതിലുകളിൽ മൂത്രശങ്ക തീർത്താൽ, ആ മതിലുകൾ നിങ്ങളുടെ മൂത്രം, തിരികെ നിങ്ങളുടെ കാലുകളിലേക്ക് തന്നെ സ്പ്രേ ചെയ്യും.'
കപ്പൽ നിർമ്മാണത്തിനാണ് സാധാരണയായി ഇത്തരം പെയ്ന്റ് ഉപയോഗിക്കുന്നത്. സംസർഗ്ഗത്തിൽ വരുന്ന ഏതൊരു ജലാംശത്തെയും ഈ പെയ്ന്റ് തിരികെ എറിയും.

സ്വയം മൂത്രാഭിഷേകം ചെയ്യപ്പെടുമ്പോൾ മാനസിക രോഗത്തിന് അൽപ്പമെങ്കിലും ശമനമുണ്ടാവുമെന്ന ചിന്തയാണ് ഡെലപോർട്ടിന് ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടു വയ്ക്കുവാൻ പ്രേരണയായത്. "ചില കുഞ്ഞു തമാശകൾക്ക്, വലിയ ചിന്തകൾ വരുത്തുവാൻ സാധിക്കു"മെന്ന്
ഡെലാപ്പോർട്ട് പറയുമ്പോൾ, വലിയ ഒരു പ്രശ്നം ഇങ്ങനെ നിസ്സാരമായി പരിഹരിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയാണ് നഗരസഭയ്ക്കും.

ഹാംബർഗ് പട്ടണം മാത്രമല്ല, അമേരിക്കയിലെയും, ലണ്ടനിലേയും ചില പ്രദേശങ്ങളിലും മൂത്ര വിരോധിയായ ഈ പെയ്ന്റ് മതിലുകളിൽ ഉപയോഗിച്ചിട്ടുണ്ട്.

no-pee-zone

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് കുറയ്ക്കാൻ ബംഗ്ലാദേശ് സർക്കാർ പ്രയോഗിച്ചത് മറ്റൊരു തന്ത്രമാണ്.

മനുഷ്യമനസ്സിൽ മതം സൃഷ്ടിക്കുന്ന 'വിധേയത്വ'ത്തെയാണ് അവർ കൂട്ടുപിടിച്ചത്.

മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ ' ഇവിടെ മൂത്രമൊഴിക്കരുത് ' എന്ന അറിയിപ്പുകൾ എല്ലാ പൊതു സ്ഥലങ്ങളിലും അറബി ഭാഷയിൽ എഴുതി സ്ഥാപിച്ചു.ബംഗാളി -മുസ്ലീങ്ങൾ വിശുദ്ധ ഭാഷയിൽ എഴുതിയിരിക്കുന്നതിൽ എങ്ങനെ 'കാര്യം' സാധിക്കാനാണ്?

ഈ പ്രചാരണ തന്ത്രം എന്തായാലും ശരിക്കും ഏറ്റു എന്നാണ് മന്ത്രാലയം അറിയിക്കുന്നത്.
ഈ ശീലം അപ്പോൾ അൽപ്പം മാനസികം കൂടിയാണെന്ന് ബംഗ്ലാദേശ് സർക്കാറിന്റെ ഈ പദ്ധതിയുടെ വിജയം തെളിയിക്കുന്നു.പൊതുസ്ഥലങ്ങളിൽ തുപ്പുവാനും, മൂത്രമൊഴിക്കുവാനും പുകവലിക്കുവാനും ആരുടെയും സൗകര്യം നോക്കേണ്ടതില്ല എന്ന മനോഭാവം ഒരു മാനസിക വ്യതിചലനം അല്ലാതെ മറ്റെന്താണ്? മറ്റുള്ളവർക്ക് ഇവർ സൃഷ്ടിക്കുന്ന പ്രയാസങ്ങളെ പറ്റി ഇക്കൂട്ടർ ബോധവാൻമാരെയല്ല.

മൂത്രത്തിന്റെ ദുർഗന്ധം ഇല്ലാത്ത ഒരു ബസ്സ് സ്റ്റാൻഡും കേരളത്തിൽ കാണാത്തതിന്റെയും കാരണം ഇതാണ്. എന്തിനു ബസ് സ്റ്റാൻഡുകൾ? തിരക്കേറിയ വഴിയോരങ്ങളുടെയും ഗതി ഇത് തന്നെയാണ് എന്നു സമ്മതിക്കേണ്ടി വരും.

images (1)

ശുചിത്വമിഷന്റെയും, പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാത്രം കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ച ഇ-ടോയ്ലറ്റുകൾ, ഇപ്പോൾ തെരുവ് നായ്ക്കൾക്ക് വീടുകളാകുമ്പോൾ, നമ്മുക്കും പരീക്ഷിക്കാവുന്നതേയുള്ളു ഇത്തരം നുറുങ്ങുകൾ.ഏതായാലും, പണം മുടക്കി മൂത്രശങ്ക മാറ്റുവാൻ തയ്യാറാകാത്ത ഒരു സമൂഹത്തിൽ, പ്രാവർത്തികമാവുന്നത് ഇത്തരം ചെറിയ തിരിച്ചടികൾ തന്നെയായിരിക്കും.

പാലത്തിൽ കൂടി നടക്കുന്നവരെ മുഖം നോക്കി തന്നെ തുപ്പുന്ന ബൊമ്മയെയും, ആ ബൊമ്മയെ തല്ലുന്ന മറ്റൊരു പാവയെയും സൃഷ്ടിച്ച പെരുന്തച്ചൻമാരുടെ നാട്ടിൽ ആശയങ്ങൾക്ക് പഞ്ഞമുണ്ടാവുകയില്ല എന്ന് ഉറപ്പ്. അത് കൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതല്ലെ.....തല്ലുകൊള്ളുന്നത് ഏതായാലും മുഖത്തായിരിക്കില്ല എന്ന് ഉറപ്പ്.