ഫെബ്രുവരി 29 'അധിക' ദിനത്തിന്‍റെ അറിയപ്പെടാത്ത കൗതുകങ്ങള്‍

കാലങ്ങളെയും, ഋതുക്കളെയും തീയതികളിൽ ക്രമീകരിക്കുവാൻ അത് വന്നു... നാലു വർഷത്തിൽ ഒരിക്കൽ ലീപ് ഇയർ (അധി വർഷം) ആയി.ഭൂമിയുടെ ഭ്രമണ സഞ്ചാരം സൃഷ്ടിക്കുന്ന,...

ഫെബ്രുവരി 29

leap +1 day

കാലങ്ങളെയും, ഋതുക്കളെയും തീയതികളിൽ ക്രമീകരിക്കുവാൻ അത് വന്നു... നാലു വർഷത്തിൽ ഒരിക്കൽ ലീപ് ഇയർ (അധി വർഷം) ആയി.

ഭൂമിയുടെ ഭ്രമണ സഞ്ചാരം സൃഷ്ടിക്കുന്ന, ദശാംശ കണക്ക് ഒഴിവാക്കുന്നതിനും, അങ്ങനെ മനുഷ്യരുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതിരിക്കുന്നതിനും, ഫെബ്രുവരി 29 എന്ന തീയതി കലണ്ടറിൽ അധികമായി ചേർത്തു ഒരു ദിനം കൂടി !

ഫെബ്രുവരി 29 ന് ജനിക്കുന്നവർ ജന്മദിനം ആഘോഷിക്കുന്നതെപ്പോള്‍ ആയിരിക്കും? നാലു വർഷത്തിൽ ഒരിക്കൽ മാത്രമോ?ഫെബ്രുവരി 28, മാർച്ച് 1 തീയതികളുടെ നിഴലിലാണ് മിക്ക  പിറന്നാള്‍ ആഘോഷങ്ങളും. ജനന തീയതി മാറ്റി നൽകി പോലും ഫെബ്രുവരി 29 അവഗണിക്കപ്പെടുന്നുണ്ട്. വയസ്സു കണക്കാക്കുന്നതിൽ പിന്നീടുള്ള ആശയകുഴപ്പം ഉണ്ടാവാതിരിക്കാനാണിത്.

leap day birthday

ഫെബ്രുവരി 29 നൽകുന്ന ജനനത്തെ, തൊട്ടു അടുത്ത ദിവസങ്ങൾക്ക് ദത്ത് നൽകുവാൻ ചില രാജ്യങ്ങളിൽ നിയമം മൂലം സാധൂകരണം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, ന്യൂസിലാന്റിൽ ഈ ജനനം ഫെബ്രുവരി 28ന് രേഖപ്പെടുത്തുന്നു, ലണ്ടനിൽ പക്ഷെ ഇത് മാർച്ച് 1 ന്നുള്ള സമ്മാനമാണ്.

ഫെബ്രുവരി 29 നെ കുറിച്ചുള്ള കൗതുകങ്ങൾ ഇനിയുമുണ്ട്.

സ്ത്രീകൾക്ക് പുരുഷൻമാരോട് പ്രണയാഭ്യർത്ഥന നടത്തുവാൻ സാധിക്കുന്ന ദിനം.

leap year proposal

ഐറിഷ് ഐതിഹ്യപ്രകാരം വിശുദ്ധ ബ്രിഗഡും , വിശുദ്ധ പാട്രിക്കും തമ്മിൽ ഒരു കരാറിലേർപ്പെട്ടത്രേ. ഫെബ്രുവരി 29 ന് ഏതൊരു സ്ത്രീയ്ക്കും, അവൾ ആഗ്രഹിക്കുന്ന പുരുഷനോട് പ്രണയാഭർത്ഥന നടത്തുവാൻ അന്നേ ദിവസം സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പുരുഷൻ, അതി പ്രാധാന്യത്തോടെ അതിനെ സമീപിക്കുകയും വേണം.
സ്ത്രീ-പുരുഷ സമത്വത്തിന്റെ ഒരു ശ്രമമായിരുന്നിരിക്കാം ഈ ചിന്ത കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ഒഴിഞ്ഞ വിരലുകൾക്ക്, പിഴ നൽകണം.

Woolen-Knitted-Wedding-Hand-Gloves-for-Winter-Weddingലീപ് ദിനത്തിൽ വിവാഹ അഭ്യർത്ഥന നിരസിക്കപ്പെടുന്ന യുവതികൾക്ക്, പുരുഷൻമാർ പിഴ നൽകേണ്ടി വന്നിരുന്നു. പണമായോ, അല്ലെങ്കിൽ കയ്യുറയോ നല്‍കുക എന്നായിരുന്നു അവർ ചെയ്യേണ്ടതായ പ്രായശ്ചിത്തം.
12 ജോഡി കയ്യുറകൾ ,പുരുഷൻമാർ ലീപ് ദിനത്തില്‍ പ്രണയം തിരസ്കരിക്കപ്പെട്ട യുവതികൾക്ക് നൽകണം. വിവാഹ നിശ്ചയത്തിന്റെ അടയാളമായ മോതിരം ധരിക്കാത്ത വിരലുകൾ മറയ്ക്കാനായിരുന്നു ഈ കയ്യുറകൾ. ഒരു വർഷത്തെ നിരാശയുടെ സൂചകമായി 12 ജോഡി കയ്യുറകൾ!
യൂറോപ്പിന്റെ പല രാജ്യങ്ങളിലും സമൂഹത്തിന്റെ ഉയർന്ന വിഭാഗങ്ങളിൽ ഈ ആചാരം നിയമ പരിരക്ഷയോടെ തന്നെ നിലനിന്നിരുന്നു.

ലീപ് ഇയറിന്റെ യഥാർത്ഥ ജന്മദിനം പക്ഷ ഫെബ്രുവരി 29 അല്ല

ഒന്നാം നൂറ്റാണ്ടിൽ (46 BCE ) റോമൻ ചക്രവർത്തി ജൂലിയസ് സീസറാണ് ലീപ് ദിനത്തിന്റെ ആശയം മുന്നോട്ട് വയ്ക്കുന്നത്. ടെർമിനാലിയ ദിനത്തിന്റെ (ഫെബ്രുവരി 23 ) തൊട്ടടുത്ത ദിനം നാലു വർഷത്തിൽ ഒരിക്കൽ ഇരട്ടിപ്പിക്കുവാൻ സീസർ ആജ്ഞ നൽകി എന്ന് ചരിത്രം പറയുന്നു.

julian calendarജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 24 ആയിരുന്നു ഇങ്ങനെ ലീപ് ദിനമായി കണക്കാക്കപ്പെട്ടിരുന്നത്. റോമൻ കലണ്ടറിന്റെ ആവിഷ്ക്കാരത്തോടെ ലീപ് ദിനം ഫെബ്രുവരി 29 ന് ആയി.

നിർഭാഗ്യ ദിനം

ലീപ് ദിനത്തിൽ ജനിക്കുന്നതോ, വിവാഹം കഴിക്കുന്നതോ സ്ക്കോട്ട്ലാന്റിൽ അശുഭമായി കണക്കാക്കപ്പെടുന്നു. ശുഭകാര്യങ്ങൾക്ക് ഈ ദിനം അവർ തിരഞ്ഞെടുക്കുകയില്ല.13 വെള്ളിയാഴ്ച അകറ്റി നിർത്തപ്പെടുന്ന പോലെ ഒരു അയിത്തം !

ലീപ് ദിന ജന്മദിനങ്ങൾ
ഫെബ്രുവരി 29 ന് ജനിക്കുന്നവർക്കായി ഉള്ള ലോക സംഘടനയാണ് ദി ഹോണർ സൊസൈറ്റി ഓഫ് ലീപ് ഇയർ ഡേ ബേബീസ് (The Honor Society of Leap Year Babies)

ഒരു കുടുബത്തിലെ പല തലമുറകൾ ലീപ് ദിനത്തിൽ ജനിച്ച ചരിത്രവുമുണ്ട്. നോർവേയിലെ ഹെൻറിക്സൺ കുടുംബത്തിനാണ് ഈ അപൂർവ്വ ഭാഗ്യം. സഹോദരങ്ങളും മക്കളുമായി ആറു പേരാണ് 2 തലമുറകളിൽ ഹെൻറിക്സൺ കുടുംബത്തിൽ ലീപ് ദിനത്തിൽ ജനിച്ചവർ.

വിശുദ്ധ ഓസ്വാൾഡ് ദിനം

st.oswald
യോർക്കിന്റെ ആർച്ച് ബിഷപ്പ് സെന്റ് ഓസ്വാൾഡ് കാലം ചെയ്തു 992 ഫെബ്രുവരി 29നായിരുന്നു. അതു കൊണ്ട് വിശ്വാസികൾ ഈ ദിനം വിശുദ്ധ ഓസ്വാൾഡ് ദിനമായി ആചരിക്കുന്നു. (സാധാരണ വർഷങ്ങളിൽ ഇത് ഫെബ്രുവരി 28നും ആചരിക്കപ്പെടുന്നു)

പ്രായത്തിലും ചെറുപ്പമായിരിക്കാം.

feb 29 birthday
എനിക്ക് 28 വയസ്സുണ്ട് . ഞാൻ ഇന്ന് ആഘോഷിക്കുന്നത് എന്റെ 7 മത് ജന്മദിനവും.,,,

കൊച്ചി സ്വദേശിനി റിയയുടെ വാക്കുകളിൽ ബാല്യത്തിന്റെ കൗതുകം കടന്നു വരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ജന്മദിനങ്ങൾ നൽകുന്ന സന്തോഷം... ഈ ഭാഗ്യം ലഭിച്ച പ്രമുഖർ പലരുമുണ്ട്.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ ജന്മദിനവും 1896 ഫെബ്രുവരി 29നായിരുന്നു.

2016 ഫെബ്രുവരി 29 തിങ്കൾ പിറന്നു കഴിഞ്ഞു. 24 മണിക്കൂറിന്റെ ആയുസ്സുമായി നീണ്ട 4 വർഷത്തെ നിദ്രയിലേക്ക് മടങ്ങുവാൻ!

ഈ ദിനവും സ്പെഷ്യൽ ആയിരിക്കട്ടെ... കലണ്ടർ താളിലെ ഒരു കളം നേടിയെടുത്തു നമ്മുക്കൊപ്പം കൂടിയിരിക്കുന്ന ഫെബ്രുവരിയുടെ അവസാന ദിനത്തെ അനശ്വരമാക്കാം.

ക്ലോക്കിലെ സൂചികളും, കലണ്ടറിലെ തീയതികളും കാത്തു നിൽക്കുകയില്ല...

ആലസ്യം മറന്ന്, ചുറുചുറുക്കോടെ ആഘോഷിക്കാം ഈ സ്പെഷ്യൽ ദിനത്തെ..മാർച്ച് ഒന്നിന്റെ പുലരി തട്ടിയെടുക്കും മുമ്പേ...