അന്യായ തടങ്കലില്‍ മൂന്ന് മാസം; നീതിക്കായി പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്റെ നിരാഹാര സമരം തുടരുന്നു

റാമല്ല: പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അല്‍ ഖെഖിനെ കഴിഞ്ഞ നവംബറിലാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഇസ്രായേല്‍...

അന്യായ തടങ്കലില്‍ മൂന്ന് മാസം; നീതിക്കായി പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്റെ നിരാഹാര സമരം തുടരുന്നു

Mohammed-al-Qeq

റാമല്ല: പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അല്‍ ഖെഖിനെ കഴിഞ്ഞ നവംബറിലാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇത്തരം അറസ്റ്റുകള്‍ ആദ്യമായല്ല. സുരക്ഷാ കാരണങ്ങളുടെ പേരില്‍ നിരവധി നിരപരാധികളെയാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്.

പൊതുസമൂഹത്തിന് അജ്ഞാതമായ രഹസ്യ മിലിട്ടറി കോടതികളിലാണ് ഇത്തരം 'കുറ്റവാളികളെ' ഹാജരാക്കുക. 660 പലസ്തീനികള്‍ ഇത്തരത്തില്‍ ഇസ്രായേല്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


സൗദി ടിവി നെറ്റ്‌വര്‍ക്കില്‍ റിപ്പോര്‍ട്ടറായിരുന്ന മുഹമ്മദ് അല്‍ ഖെഖ് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മൂന്ന് മാസമായി നിരാഹാര സമരത്തിലാണ്. ഇസ്രായേലിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഖെഖ് ഇപ്പോഴുള്ളത്.

'എന്റെ ഭര്‍ത്താവ് മരിച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.'-ഖെഖിന്റെ ഭാര്യ പറയുന്നു.

വീട്ടില്‍ നിന്നാണ് ഖെഖിനെ ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. തെളിവുകളില്ലെങ്കിലും സംശയത്തിന്റെ പേരിലാണ് ഖെഖിനെ പോലെ നിരപരാധികളായ അനേകം പലസ്തീനികളെ ഇസ്രായേല്‍ ഭരണകൂടം തടവറകളിലാക്കുന്നത്.

Mohammed-al-Qeq-2

കഴിഞ്ഞ ആറ് വര്‍ഷമായി സൗദി ടിവി നെറ്റ്‌വര്‍ക്കിലാണ് ഖെഖ് ജോലി ചെയ്യുന്നത്. പലസ്തീനികളെ ആക്രമത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഖെഖിനെ അറസ്റ്റ് ചെയ്തത്. ഖെഖിനെതിരെയുള്ള ഇസ്രായേലിന്റെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കണമെന്ന് ഖെഖിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.

തീവ്രവാദ സംഘടനയെന്ന് അമേരിക്കയും ഇസ്രായേലും ആരോപിക്കുന്ന ഹമാസ് അംഗമാണ് ഖെഖ് എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. എന്നാല്‍ ഖെഖ് ഹമാസ് അംഗമല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫയാ അല്‍ ഖെഖ് വ്യക്തമാക്കുന്നു.

നവംബര്‍ 21 നാണ് ഖെഖ് അറസ്റ്റ് ചെയ്യപ്പെടുന്നത്. നിരപരാധിയായ തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം ഖെഖ് നിരാഹാര സമരം ആരംഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ സുപ്രീംകോടതി ഖെഖിന്റെ തടവ് റദ്ദാക്കിയെങ്കിലും ഇസ്രായേല്‍ ഭരണകൂടം ഖെഖിനെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

യാതൊരു കുറ്റവും ചെയ്യാതെ സുതാര്യമായ വിചാരണയില്ലാതെ തടവിലാക്കിയതില്‍ പ്രതിഷേധിച്ചാണ് ഖെഖ് നിരാഹര സമരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി വെള്ളമല്ലാതെ മറ്റൊന്നും ഖെഖ് കഴിച്ചിട്ടില്ല. ഖെഖിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഖെഖ് ഹമാസ് പ്രവര്‍ത്തനകാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നുമാണ് ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അവകാശപ്പെടുന്നത്. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് ഖെഖിനെ അറസ്റ്റ് ചെയ്തതെന്നും ഭരണാധികാര തടവിലാണ് ഖെഖ് എന്നും ഷിന്‍ ബെറ്റ് പറയുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. ബുധനാഴ്ച്ച നടന്ന പത്ര സമ്മേളനത്തില്‍ തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇസ്രായേലില്‍ മാധ്യമസ്വാതന്ത്ര്യം ഉണ്ടെന്നുമാണ് നെതന്യാഹു അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ പലസ്തീനികള്‍ വിവേചനം നേരിടുന്നതായി നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

ഖെഖിനെ അന്യായമായി തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി നിരപരാധികളെയാണ് ഇസ്രായേല്‍ ഭരണകൂടം വിചാരണ പോലും നിഷേധിച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള കാരണം പോലും പലര്‍ക്കും അറിയില്ലെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഭരണകൂടം നിഷേധിക്കുകയാണെന്നും ഇസ്രായേലി മനുഷ്യാവകാശ സംഘടന പറയുന്നു.

Read More >>