ശ്വാസംമുട്ടി ഇല്ലാതാകുന്ന ദളിത് ജീവിതങ്ങള്‍...

"ദൈവം ദളിതുകള്‍ക്ക് നല്‍കിയ സാത്വികമായ കടമയാണ് തോട്ടിപ്പണി. അതിനാല്‍ അവര്‍ സന്തോഷത്തോടെ വരുംകാലത്തും ഈ ജോലി തുടര്‍ന്നുകൊണ്ടിരിക്കണം."- നരേന്ദ്ര...

ശ്വാസംമുട്ടി ഇല്ലാതാകുന്ന ദളിത് ജീവിതങ്ങള്‍...

delhi-worker-ded-in-sewer

"ദൈവം ദളിതുകള്‍ക്ക് നല്‍കിയ സാത്വികമായ കടമയാണ് തോട്ടിപ്പണി. അതിനാല്‍ അവര്‍ സന്തോഷത്തോടെ വരുംകാലത്തും ഈ ജോലി തുടര്‍ന്നുകൊണ്ടിരിക്കണം."- നരേന്ദ്ര മോഡി(കര്‍മയോഗ്).

കഴിഞ്ഞ ജനുവരി 19 നാണ് ചെന്നൈയില്‍ ശരവണന്‍, വേല്‍മുരുകന്‍, കുമാര്‍, വേല്‍മുരുകന്‍ എന്നീ നാല് ദളിത് യുവാക്കള്‍ ഒരു സ്വകാര്യ ഭക്ഷണശാലയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ടാങ്കില്‍ വീണ് ശ്വാസംമുട്ടി മരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള ദൃക്‌സാക്ഷി വിവരണം ഇങ്ങനെ, സെപ്റ്റിക് ടാങ്ക് തുറന്ന ശരവണന്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി ടാങ്കിലേക്ക് വീണു. ശരവണനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കുമാറും വേല്‍മുരുകനും കുഴിലേക്ക് വീണ് വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു.


ചെന്നൈയ്ക്ക് സമീപമുള്ള കണ്ണകി നഗറിലെ ദളിത് കോളനിയിലാണ് ശരവണനും വേല്‍മുരുകനും കുമാറും താമസിച്ചിരുന്നത്. നിരനിരയായി ചേര്‍ന്ന് നില്‍ക്കുന്ന ചെറിയ കുടിലുകളിലാണ് ഒരു നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്ന 'തൊട്ടുകൂടാത്തവര്‍' ജീവിക്കുന്നത്. 250 ഓളം കുടുംബങ്ങളാണ് തിങ്ങിനിറഞ്ഞ് ഈ കോളനിയില്‍ ജീവിക്കുന്നത്. 2000 ല്‍ അടയാറില്‍ നിന്നും വികസനത്തിന്റെ പേരില്‍ ജീവിതം ഇവിടേക്ക് പറിച്ചു നടേണ്ടിവന്നവരാണിവര്‍. കോളനിയിലെ ഭൂരിഭാഗം പേരും തോട്ടിവേല ചെയ്താണ് തങ്ങളുടെ കുടുംബം പുലര്‍ത്തുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ വിഹിതം കഴിഞ്ഞ് 200 മുതല്‍ 500 വരെയാണ് ഒരു ദിവസത്തെ ഇവരുടെ വേതനം.

നാല് മാസം മുമ്പാണ് സെപ്റ്റിക് ടാങ്കില്‍ വീണ് കൊല്ലപ്പെട്ട ശരവണന്റെ വിവാഹം കഴിയുന്നത്. ഭാര്യ സുഭാഷിണി ശരവണന്റെ മരണത്തില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ല. എന്തിന് ഇത്തരം ജോലികള്‍ ചെയ്യുന്നു എന്ന ചോദ്യത്തിന് ശരവണന്റെ സഹോദരന്‍ മഹാലിങ്കത്തിന്റെ അമര്‍ഷത്തോടെയുള്ള മറുപടി ഇങ്ങനെ, 'ഞങ്ങള്‍ മറ്റെന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? തൊട്ടുകൂടാത്തവരാണ് ഞങ്ങള്‍, വിദ്യാഭ്യാസമില്ലാത്തവര്‍. കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാനാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. ഇത്തരം ജോലികള്‍ ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ ആദ്യം ഞങ്ങളെ ഈ വേലക്ക് നിര്‍ബന്ധിക്കുന്നത് നിര്‍ത്തണം.' സാമൂഹിക പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഈ നാല് മരണങ്ങളും തോട്ടിവേല നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

കോളനിയെ നടുക്കിയ നാല് പേരുടെ മരണത്തിന്റെ മുറിവുണങ്ങുന്നതിന് മുമ്പേ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി അവരെ തേടിയെത്തി. വില്ലുപുരം മുന്‍സിപ്പാലിറ്റിയില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന അന്തോണിരാജി(19)ന്റെ മരണവാര്‍ത്തയായിരുന്നു അത്. മാന്‍ഹോളില്‍ വീണാണ് അന്തോണിരാജ് മരണപ്പെടുന്നത്. അന്തോണിരാജിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

'സര്‍ക്കാറിന്റെ ദയാരഹിതമായ കൊലപാതകങ്ങള്‍' എന്നാണ് തോട്ടിവേല ചെയ്യുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'ചെയ്ഞ്ച് ഇന്ത്യ' ഡയറക്ടര്‍ എ നാരായണ്‍ ഇത്തരം 'കൊലപാതകങ്ങളെ വിശേഷിപ്പിക്കുന്നത്'. തോട്ടിവേല നിരോധനവും തൊഴിലാളികളുടെ പുനരധിവാസത്തിനുമായി പാസാക്കിയ കേന്ദ്ര നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ 2015 മാര്‍ച്ച് 15 ന് തോട്ടിവേല നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും അത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല എന്നാണ് ഇപ്പോഴുള്ള മരണങ്ങള്‍ സൂചിപ്പിക്കുന്നത്. തോട്ടിവേലക്കാരെ പുനരധിവസിപ്പിക്കുന്നതിനായി 40,000 രൂപ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. പ്രസ്തുത നിയമപ്രകാരം, വ്യക്തിയോ, അധികാരികളോ, ഏജന്‍സിയോ നേരിട്ടോ അല്ലാതെയോ അപകടകരമായ ഒടകളിലോ സെപ്റ്റിക് ടാങ്കുകളിലോ ജോലി ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യരുതെന്ന് അനുശാസിക്കുന്നു. എന്നാല്‍ ഇന്നുവരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പുനരധിവാസത്തിനായുള്ള യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. തോട്ടിവേല ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഈ നിയമങ്ങളെ കുറിച്ചുള്ള അജ്ഞതയും ഈ മേഖലയിലെ ചൂഷണം വര്‍ധിപ്പിക്കുന്നു.

തോട്ടിവേലയ്‌ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലനിന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ തന്നെയാണ് നിയമലംഘനങ്ങള്‍ രൂക്ഷമായി നടക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്ത്യന്‍ റെയില്‍വേയിലെ തൂപ്പുതൊഴിലാൡകള്‍. നിരവധി തൊഴിലാളികളാണ് രാജ്യത്തെമ്പാടുമുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ മനുഷ്യ മാലിന്യം വൃത്തിയാക്കുന്നത്. കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ലഭിക്കുമെന്നതിനാല്‍ സ്വകാര്യ കമ്പനികളും മനുഷ്യ മാലിന്യം വൃത്തിയാക്കാന്‍ ദളിതരെയും പിന്നോക്ക വിഭാഗങ്ങളേയും ഉപയോഗിക്കുന്നു.

തോട്ടിവേലയ്ക്കിടയില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇതെല്ലാം കടലാസുകളില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. പല മരണങ്ങളും അപകടമരണങ്ങള്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് പോകുന്നു.

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പിന് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ 458 ഉം ചെന്നൈ നഗരത്തില്‍ 252 പേരും തോട്ടിവേല ചെയ്യുന്നതായി പറയുന്നു. തോട്ടിവേലയ്ക്കിടയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. രണ്ട് പതിറ്റാണ്ടിനിടയില്‍ ഏതാണ്ട് 200 ഓളം പേര്‍ തോട്ടിവേലയ്ക്കിടയില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവസാനമായി കൊല്ലപ്പെട്ട അഞ്ച് പേരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് സഫായ് കര്‍മചാരി ആന്ദോളന്‍ തമിഴ്‌നാട് കണ്‍വീനര്‍ സാമുവല്‍ വേളാങ്കണ്ണി ആരോപിക്കുന്നു. സര്‍ക്കാര്‍ രേഖകളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും പുതിയ സര്‍വേ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഭീം യാത്രക്കിടയില്‍ നൂറ് കണക്കിന് തൊഴിലാളികളെ തങ്ങള്‍ കണ്ടതായും ഇവരാരുംതന്നെ സര്‍ക്കാര്‍ രേഖകളില്‍ ഇല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

തോട്ടിവേലക്കാരെ ബോധവത്കരിക്കുന്നതിനായി സഫായ് കര്‍മചാരി ആന്ദോളന്റെ നേതൃത്വത്തില്‍ 'ഭീം യാത്ര' എന്ന പേരില്‍ രാജ്യമെമ്പാടും ക്യാമ്പെയ്ന്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 11 ന് ആസാമില്‍ നിന്നും ആരംഭിച്ച യാത്ര 29 സംസ്ഥാനങ്ങളിലായി 500 ഓളം ജില്ലകളില്‍ ക്യാമ്പെയ്ന്‍ നടത്തും.

തോട്ടിവേലക്കിടെ ദളിതുകള്‍ മരിച്ചു വീഴുന്നതിനിടയിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരം തൊഴിലുകള്‍ സംസ്ഥാനത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തോട്ടിപ്പണി ഉണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ തൊഴില്‍ നിരോധനവും തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാകുകയുള്ളൂ എന്നിരിക്കേ സര്‍ക്കാരിന്റേത് കുറ്റകരമായ മൗനമാണ്.

Read More >>